രാജ്യത്തെ പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകൾ വിപുലീകരിക്കും
text_fieldsഉമ്മുൽ സനീമിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഹെൽത്ത് സെന്റർ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: സമൂഹത്തിന് ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയവും ആരോഗ്യ മേഖലയും പ്രതിജ്ഞാബദ്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. സ്ഥാപനത്തിന് സമീപത്തുള്ള ജനവിഭാഗത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പി.എച്ച്.സി.സി (പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ) ഹെൽത്ത് സെന്ററുകൾ വിപുലീകരിക്കുമെന്നും ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് ആരോഗ്യം, രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാഥമികാരോഗ്യ സേവനങ്ങൾ കൂടുതൽ സമഗ്രവും സംയോജിതവും സ്ഥിരതയുള്ളതുമായി മാറിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. പി.എച്ച്.സി.സിക്കുകീഴിൽ ഉമ്മുൽ സനീമിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഹെൽത്ത് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഉമ്മുൽ സനീം പ്രദേശത്തും പരിസര പ്രദേശങ്ങളിലും ഉൾപ്പടെയുള്ളവർക്ക് സേവനം നൽകുന്ന ആരോഗ്യ കേന്ദ്രത്തിൽ 35000 രോഗികളെ ഉൾക്കൊള്ളാനാകുമെന്ന് പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മർയം അബ്ദുൽ മലിക് പറഞ്ഞു. ആദ്യ വർഷം 20000 രോഗികളെ ഓൺലൈനായോ കേന്ദ്രത്തിൽ നേരിട്ടോ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതോടൊപ്പം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ നിലവിലെ ആരോഗ്യ കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ഡോ. മർയം അബ്ദുൽ മലിക് പറഞ്ഞു.
കഴിഞ്ഞ ദശാബ്ദത്തിനിടെ മികച്ച ആരോഗ്യ സേവനങ്ങളാണ് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ നൽകിയിട്ടുള്ളത്. പ്രത്യേക ക്ലിനിക്കുകളിലൂടെ അവ നിരന്തരം വികസിപ്പിക്കുകയും ചെയ്തു. പ്രതിരോധ സേവനങ്ങൾക്കായി രാജ്യത്ത് അഞ്ചിലധികം ആരോഗ്യ ക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്ത് ഖത്തറിലെ ജനസമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ വിജയിച്ചിട്ടുണ്ട്.
ഉമ്മുൽ സനീമിൽ പുതിയ ഹെൽത്ത് സെന്റർ പ്രവർത്തനമാരംഭിച്ചതോടെ രാജ്യത്തെ പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകളുടെ എണ്ണം 30 ആയി ഉയർന്നു. ഐൻഖാലിദ്, അബൂഹമൂർ, ഉമ്മുൽ സനീം എന്നിവ ഉൾപ്പെടുന്ന സോൺ 56ലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ദേശീയ മേൽവിലാസമനുസരിച്ചാണ് കേന്ദ്രത്തിൽ രജിസ്ട്രേഷൻ ലഭിക്കുക. ഞായർ മുതൽ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ ഏഴുമുതൽ രാത്രി 11 വരെ എല്ലാ അടിസ്ഥാന ആരോഗ്യ സേവനങ്ങളും കേന്ദ്രത്തിൽ ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

