ജനങ്ങൾ സോഷ്യൽ മീഡിയയിൽ
text_fieldsദോഹ: ഇൻറർനെറ്റ് ഉപയോഗത്തിലും സമൂഹ മാധ്യമങ്ങളിലെ സാന്നിധ്യത്തിലും ഖത്തറിലെ ജനങ്ങൾ ഏറെ മുന്നിലെന്ന് റിപ്പോർട്ട്. സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള ജനങ്ങളിൽ 96.8 ശതമാനവും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണെന് ഓൺലൈൻ റഫറൻസ് ലൈബ്രറിയായ ‘ഡേറ്റ റിപ്പോർട്ടലിന്റെ’ പഠനത്തിൽ വെളിപ്പെടുത്തുന്നു. ജനസംഖ്യയുടെ 96.8 ശതമാനം എന്നുവെച്ചാൽ 26.2 ലക്ഷം ജനങ്ങൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണെന്ന് ചുരുക്കം. 2023 ജനുവരിയിലെ കണക്കുപ്രകാരം 26.8 ലക്ഷം ജനങ്ങൾ ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണ്. ആകെ ജനസംഖ്യയുടെ 99 ശതമാനവും ഇൻറർനെറ്റ് സാധ്യത ഉപയോഗപ്പെടുത്തുന്നവർ. ലോക ജനസംഖ്യയിൽ തന്നെ ഏറ്റവും കൂടുതൽ ഇൻറർനെറ്റ് പ്രചാരം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.
ഒരുശതമാനം മാത്രമാണ് ഇൻറർനെറ്റിന്റെ മായികലോകത്തിന് പുറത്തുള്ളതെന്ന് ‘ഡേറ്റ റിപ്പോർട്ടൽ’ വിശകലനം വെളിപ്പെടുത്തുന്നു. ഇൻറർനെറ്റ് ഉപയോഗിക്കുന്നവരിൽ 97.8 ശതമാനം പേരും സമൂഹ മാധ്യമങ്ങളിലും സജീവമായോ ഭാഗികമായോ സാന്നിധ്യം അറിയിക്കുന്നുമുണ്ട്.
ഏറ്റവും കൂടുതൽ യുട്യൂബ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നവരാണ്. 26.2 ലക്ഷം പേരാണ് യുട്യൂബ് കാഴ്ചക്കാരായുള്ളത്. പിന്നാലെ, ടിക് ടോക്ക് (21.4 ലക്ഷം ഉപയോക്താക്കൾ), ഫേസ് ബുക്ക് (19.5 ലക്ഷം), ഇൻസ്റ്റഗ്രാം (14 ലക്ഷം), ലിങ്ക്ഡ് ഇൻ (12 ലക്ഷം), ട്വിറ്റർ (10.5 ലക്ഷം), സ്നാപ്ചാറ്റ് (9.75 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ കണക്കുകൾ.
സമൂഹ മാധ്യമങ്ങളിൽ ജനങ്ങളുടെ ഇടപെടൽ വർധിച്ചപ്പോൾ, ഈ വഴിയുള്ള പരസ്യങ്ങളുടെ വളർച്ചയും കൂടി. എന്നാൽ, ഫേസ്ബുക്ക്, ഫേസ് ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവയുടെ ഉപയോക്താക്കളുടെ വളർച്ച കുറയുന്നതായാണ് റിപ്പോർട്ട്.
ഫേസ്ബുക്കിൽ ഒന്നര ലക്ഷവും ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷവും അംഗങ്ങൾ കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, മറ്റു പ്ലാറ്റ്ഫോം ഉപയോക്താക്കളിൽ വളർച്ചയുമുണ്ടായി. ലിങ്ക്ഡ് ഇൻ, ട്വിറ്റർ, ടിക്ടോക് എന്നിവയിൽ 2022നും 2023നുമിടയിൽ വലിയ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ലിങ്ക്ഡ് ഇനിൽ രണ്ടുലക്ഷം, ട്വിറ്ററിൽ 4.3 ലക്ഷം, ടിക്ടോക്കിൽ ആറുലക്ഷം ഉപയോക്താക്കൾ ഈ കാലയളവിൽ പുതുതായി പ്രവേശിച്ചു.
ഹ്രസ്വ വിഡിയോ പങ്കുവെക്കുന്ന പ്ലാറ്റ്ഫോം ആയ ടിക് ടോക്കിലൂടെ ഖത്തറിലെ മുതിർന്നവരിൽ 96.5 ശതമാനം ജനങ്ങളിലേക്ക് തങ്ങളുടെ പരസ്യങ്ങൾ എത്തിക്കാൻ കഴിഞ്ഞതായി ടിക്ടോക് ഉടമകളായ ബൈറ്റ് ഡാൻസ് ഇൻറർനെറ്റ് ടെക്നോളജി പറഞ്ഞു. 2023 പുതുവർഷത്തിലുള്ള കണക്കുകൾ പ്രകാരമാണിത്.
രാജ്യത്തെ ഇൻറർനെറ്റ് വേഗതയും വർധിച്ചിട്ടുണ്ട്. 78.08 എം.ബി പെർ സെക്കൻഡ് വേഗത കൈവരിച്ചതായാണ് റിപ്പോർട്ട്. 79.6 ശതമാനം വരെ വർധനയുണ്ടായി. ഫിക്സഡ് ഇൻറർനെറ്റ് കണക്ഷൻ വേഗതയിൽ 26.70 എം.ബി.പി.എസ് വേഗതയും വർധിച്ചു.
ലോകവ്യാപകമായി സമൂഹ മാധ്യമങ്ങളുടെ ഉപയോഗം വർധിച്ചതിന്റെ ആനുപാതികമായാണ് ഖത്തറിലെ ജനങ്ങളിലും ഈ വളർച്ച റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

