ഇൻറർനെറ്റിൽ കുതിച്ച് ഖത്തർ
text_fieldsദോഹ: ആഗോളതലത്തിൽ ഇൻറർനെറ്റ് സേവനങ്ങളിൽ ഖത്തർ മുൻനിരയിൽ തന്നെ. ഹൂട്ട്സ്യൂട്ടിന്റെ പുതിയ സർവേയിലാണ് ഇക്കാര്യം പുറത്തുവിട്ടത്. കുവൈത്ത്, ബഹ്റൈൻ, ഡെൻമാർക്ക്, ഐസ്ലൻഡ്, അയർലൻഡ്, ലക്സംബർഗ്, നോർവേ, യു.എ.ഇ, ലിക്റ്റൻസ്റ്റൈൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഖത്തറും മുൻനിരയിലിടം നേടിയത്.
ഹൂട്സ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ലോക ജനസംഖ്യ 791 കോടിയോളം വരും. ഇതിൽ 57.01 ശതമാനമാണ് നഗരവത്കരണത്തിലുള്ളത്. കൂടാതെ 495 കോടി ജനങ്ങൾ ഇൻറർനെറ്റ് ഉപയോഗിക്കുന്നു. ആകെ ജനസംഖ്യയുടെ 65.5 ശതമാനം വരുമിത്.
സർവേ റിപ്പോർട്ട് പ്രകാരം 2022 ജനുവരിയിൽ ഖത്തറിൽ 29 ലക്ഷം പേർ ഇൻറർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇൻറർനെറ്റ് ഉപയോഗ നിരക്ക് ആകെ ജനസംഖ്യയുടെ 99.0 ശതമാനമാണ്. മൊബൈൽ ഇൻറർനെറ്റ് കണക്ഷൻ സ്പീഡിൽ ഖത്തർ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. മീഡിയൻ ഇൻറർനെറ്റ് കണക്ഷൻ 97.9 ശതമാനമാണ്. പ്രതിവർഷം 7.9 ശതമാനം വർധന. ഈ വിഭാഗത്തിൽ യു.എ.ഇ, നോർവേ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നിൽ. ചൈന, നെതർലൻഡ്സ്, സൗദി അറേബ്യ, സൈപ്രസ്, ബൾഗേറിയ, കുവൈത്ത് എന്നീ രാജ്യങ്ങൾ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.
2021നെ അപേക്ഷിച്ച് ഖത്തറിൽ 80,000 വർധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഫേസ്ബുക്ക് തന്നെയാണ്, 21 ലക്ഷം ജനങ്ങൾ. യൂട്യൂബിൽ 26 ലക്ഷം പേരും ടിക് ടോക്കിൽ 12 ലക്ഷം പേരും ഇൻസ്റ്റഗ്രാമിൽ 15.4 ലക്ഷം പേരും ഉപയോക്താക്കളായുണ്ട്.
വെബ്സൈറ്റ് ട്രാഫിക്കിൽ അലെക്സ ഇൻറർനെറ്റ്, ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക്, ഫിഫ എന്നിവയാണ് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെട്ടത്. ഗൂഗിൾ സെർച്ചുകളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ടത് ഖത്തർ ആണ്. ട്രാൻസ്ലേറ്റ്, ഗൂഗിൾ, യൂട്യൂബ്, വാട്സ് ആപ് എന്നിവ തുടർന്നുള്ള സ്ഥാനങ്ങളിൽ. പ്രാർഥനാ സമയം, ഖത്തർ എയർവേസ്, എം.ഒ.ഐ, ഐ.പി.എൽ എന്നിവയും മുൻനിരയിലുണ്ട്. അതേസമയം, സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിൽ ഖത്തറിലെ 5ജി മേഖല വലിയ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. 2021 അവസാന പാദത്തിൽ കണക്കുകൾ പ്രകാരം 5ജി ഡൗൺലോഡ് വേഗതയിൽ ഉരീദുവിനെ പിന്നിലാക്കി വോഡഫോണാണ് മുന്നിലുള്ളത്, 421.42 എം.ബി.പി.എസ്. ഉരീദു 390.59 എം.ബി.പി.എസ്. ഖത്തറിൽ 44 ലക്ഷം സെല്ലുലാർ മൊബൈൽ കണക്ഷനാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

