റോഡിനൊപ്പം ഇനി കാൽനട-സൈക്കിൾ പാതകളും
text_fieldsദോഹ: രാജ്യത്തെ എല്ലാ പുതിയ റോഡ് പദ്ധതികളിലും കാൽനട, സൈക്കിൾ പാതകൾ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയത്തിലെ കര ഗതാഗത ശൃംഖല ആസൂത്രണ വകുപ്പ് ആക്ടിങ് ഡയറക്ടർ സാലിഹ് സഈദ് അൽ മർരി അറിയിച്ചു. മോട്ടോറൈസ്ഡ് അല്ലാത്ത ഗതാഗത രീതികളും സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ തുടങ്ങിയ മൈക്രോ യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സൈക്ലിങ് ട്രാക്കുകൾ കവലകളുമായുള്ള സംയോജനം മെച്ചപ്പെടുത്തുന്നതിനും മറ്റ് ഗതാഗത മാർഗങ്ങളിലേക്ക് പ്രവേശനം നൽകുന്നതിനുമായി സൈക്ലിസ്റ്റുകളെക്കുറിച്ച് അടുത്തിടെ സർവേ നടത്തിയതായി റയ്യാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. ഖത്തർ സൈക്കിൾ മാസ്റ്റർ പ്ലാൻ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വലിയ തോതിലുള്ള ഫീൽഡ് സർവേ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത മന്ത്രാലയം 2022ൽ ആരംഭിച്ച സമഗ്ര ഗതാഗത പദ്ധതിക്ക് കീഴിൽ വിഷൻ 2030ന്റെ ഭാഗമായി സുരക്ഷിതവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അൽ മർറി പറഞ്ഞു. ഖത്തർ സൈക്കിൾ മാസ്റ്റർ പ്ലാൻ നവീകരണ പദ്ധതി ഏഴ് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. സൈക്കിൾ യാത്രക്കാരിൽനിന്നും മൈക്രോ മൊബിലിറ്റി ഉപയോക്താക്കളിൽ നിന്നും അവരുടെ അനുഭവങ്ങൾ അറിയുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള ഫീൽഡ് സർവേയാണ് രണ്ടാം ഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

