ഖത്തറിലെ അധ്യാപകർക്ക് പെഡഗോക്സ് ഇന്നൊവേഷൻ അവാർഡ്
text_fieldsപെഡഗോക്സ് ടീച്ചേഴ്സ് ഇന്നൊവേഷൻ അവാർഡിന്റെ വിശദാംശങ്ങൾ സംഘാടകർ വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: നൂതന ആശയങ്ങളുമായി സ്കൂൾ ക്ലാസ് മുറികളെ ഭാവിയിലേക്ക് നയിക്കാൻ മിടുക്കുള്ള അധ്യാപകർക്ക് ആദരവായി ‘പെഡഗോക്സ് ടീച്ചേഴ്സ് ഇന്നൊവേഷൻ’ അവാർഡ് വരുന്നു. ഖത്തറിലെ 22 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ഘട്ടങ്ങളായി നടക്കുന്ന പരിപാടികളിലൂടെയാണ് കാലത്തെ നയിക്കാൻ ശേഷിയുള്ള അധ്യാപകരെ കണ്ടെത്തി ആദരിക്കാൻ ഒരുങ്ങുന്നത്.
വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ സ്കൂൾ ആമസോൺ നേതൃത്വത്തിലാണ് ഖത്തറിലെ അധ്യാപക സമൂഹത്തിൽനിന്ന് പ്രതിഭകളെ കണ്ടെത്താൻ ‘പെഡഗോക്സ് ടീച്ചേഴ്സ് ഇന്നൊവേഷൻ’ അവാർഡ് അവതരിപ്പിക്കുന്നത്. ക്ലാസ് മുറികളെ ഭാവിയിലേക്ക് നയിക്കുന്ന അധ്യാപകരെ ആദരിക്കുകയും, നൂതന സാങ്കേതിക വിദ്യകളിലധിഷ്ഠിത അധ്യാപന രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ അവാർഡിന്റെ പ്രധാന ലക്ഷ്യമെന്ന് അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൊമന്റം മീഡിയ, എബിറ്റ എ.ഐ, ഗോ മുസാഫിർ ഡോട് കോം എന്നിവരുടെ സഹകരണത്തോടെയാണ് അധ്യാപക മികവിനുള്ള പുരസ്കാരം സംഘടിപ്പിക്കുന്നത്.
ലോക ക്രിയേറ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ ദിനമായ ഏപ്രിൽ 21ന് തുടങ്ങി, അന്താരാഷ്ട്ര അധ്യാപക ദിനമായ ഒക്ടോബർ അഞ്ചിന് വിപുലമായ ചടങ്ങുകളോടെ സമാപിക്കുന്നതാണ് ‘പെഡഗോക്സ് ടീച്ചേഴ്സ് ഇന്നൊവേഷൻ’ അവാർഡ്. രജിസ്ട്രേഷനു പിന്നാലെ മുഴുവൻ സ്കൂളുകളിലുമായി മേയ് 30നുള്ളിൽ അവാർഡ് നടപടികൾ സംബന്ധിച്ച് ശിൽപശാലയും പരിശീലനവും സംഘടിപ്പിക്കും. 60 മുതൽ 90 മിനിറ്റ് വരെ ദൈർഘ്യമുള്ള രണ്ടു സെഷനുകളിൽ ഓരോ സ്കൂളുകളിലുമായി ഓറിയന്റേഷൻ പൂർത്തിയാക്കിയാവും പുരസ്കാര നടപടികളിലേക്ക് പ്രവേശിക്കുന്നത്.
അപേക്ഷകളിൽനിന്നും വിദഗ്ധ ജഡ്ജിങ് പാനലും, നിർമിതി ബുദ്ധിയുടെ സഹായത്തോടെയുള്ള വിശകലനത്തിനുമൊടുവിൽ ആദ്യം 30 പേരെയും ശേഷം 15 പേരെയും തെരഞ്ഞെടുക്കും. ഇവരിൽ നിന്നാണ് മൂന്ന് വിജയികളെ കണ്ടെത്തുന്നത്. ദോഹയിൽ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ പുരസ്കാര പ്രഖ്യാപനം നടക്കും. വിജയികൾക്കും സ്കൂൾ പ്രതിനിധികൾക്കും ഫിൻലൻഡിലേക്ക് വിദ്യാഭ്യാസ യാത്രയും ഒരുക്കും.
ആദ്യ പതിപ്പിന് ശേഷം ഖത്തറിലെ മറ്റു സ്കൂളുകളിലേക്കും ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അറിയിച്ചു.ഒരു പുരസ്കാരത്തിനപ്പുറം, അധ്യാപകരെ ഭാവിയിലെ വിദ്യാഭ്യാസ പരിഷ്കർത്താക്കളാക്കാനുള്ള പ്രയത്നമാണ് പെഡഗോക്സ് എന്ന് സ്കൂൾ ആമസോൺ സി.ഇ.ഒ സനാഫിർ ഒ.കെ പറഞ്ഞു. നിർമിതബുദ്ധി ഒരു ഭീഷണിയല്ല. അധ്യാപക കാഴ്ചപ്പാടുകളും ക്രിയാത്മകതയും വർധിപ്പിക്കുന്ന പങ്കാളിയാണെന്ന് എബിറ്റ എ.ഐ സി.ഇ.ഒ മുസ്തഫ സൈതലവി പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഗോ മുസാഫിർ ജനറൽ മാനേജർ ഫിറോസ് നാട്ടു, മൊമന്റം മീഡിയ എക്സിക്യൂട്ടിവ് ഡയറക്ടർ സി.കെ സൈഫുദ്ദീൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

