കോംഗോ സർക്കാറും വിമതപക്ഷവും തമ്മിലുള്ള സമാധാന കരാർ; ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് ജി.സി.സി
text_fieldsകുവൈത്തിൽ നടന്ന ജി.സി.സി മന്ത്രിതല സമിതി യോഗത്തിൽനിന്ന്
ദോഹ: കോംഗോ സർക്കാറും വിമതപക്ഷമായ കോംഗോ റിവർ അലൈൻസ് എന്ന് അറിയപ്പെടുന്ന എം23 മൂവ്മെന്റും തമ്മിൽ സമാധാന തത്ത്വപ്രഖ്യാപന കരാറിൽ ഒപ്പുവെക്കുന്നതിനായി ഖത്തർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ മന്ത്രിതല സമിതി സ്വാഗതം ചെയ്തു. ജൂലൈ 19നാണ് ദോഹയിൽവെച്ച് വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇരുകൂട്ടരും ഉടമ്പടി ഒപ്പുവെച്ചത്.
കോംഗോ സർക്കാറും വിമത വിഭാഗവും തമ്മിലുള്ള സമാധാന കരാറിനെയും മധ്യസ്ഥത വഹിച്ച ഖത്തറിനെയും വിവിധ അന്താരാഷ്ട്ര സംഘടനകളും ലോകരാഷ്ട്രങ്ങളും നേരത്തേ അഭിനന്ദിച്ചിരുന്നു. ഖത്തർ നടത്തിയ തുടർച്ചയായ നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് പ്രഖ്യാപനത്തിൽ ഒപ്പുവെക്കാനായത്. ഇരുപക്ഷവും തമ്മിലുള്ള തുടർ ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സാധ്യമാക്കാനും സമഗ്രമായ ഒരു സമാധാന കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്ന ഒരു പൊതു ചട്ടക്കൂട് നിർമിക്കാനും ഇതിലൂടെ സാധിച്ചു. കോംഗോ -റുവാണ്ട സർക്കാറുകൾ തമ്മിലുള്ള സമാധാന ഉടമ്പടിക്ക് ശേഷം ഈ പ്രഖ്യാപനവും വലിയ പുരോഗതിയാണ് ഉണ്ടാക്കിയത്.
കുവൈത്ത് വിദേശകാര്യ മന്ത്രിയും മന്ത്രിതല സമിതിയുടെ പ്രസിഡന്റുമായ അബ്ദുല്ല അൽ യഹിയയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന 165ാമത് ജി.സി.സി മന്ത്രിതല സമിതി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖത്തറിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചത്.
ഗസ്സ മുനമ്പിൽ വെടിനിർത്തൽ കരാറിലെത്താൻ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങൾ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും കൗൺസിൽ പ്രശംസിച്ചു. ജപ്പാൻ വിദേശകാര്യ മന്ത്രിയുമായുള്ള സംയുക്ത മന്ത്രിതല യോഗ തീരുമാനങ്ങളെ പരാമർശിച്ച പ്രസ്താവനയിൽ, തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി അംഗീകരിച്ച സംയുക്ത കർമ പദ്ധതി നടപ്പാക്കാൻ ഇരുപക്ഷവും കൂടുതൽ ശ്രമങ്ങൾ നടത്താനും കൗൺസിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

