ആഗോള വിദ്യാഭ്യാസ സാധ്യതകള്‍ തുറന്ന് പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ എജു സമ്മിറ്റ്
text_fieldsദോഹ: വിദ്യാഭ്യാസ മുന്നേറ്റത്തിനുതകുന്ന നൂതന പദ്ധതികൾ പരിചയപ്പെടുത്തിയും ബദൽ പ്രവർത്തന രേഖകൾ സമർപ്പിച്ചും പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ രണ്ട് ദിവസങ്ങളിലായി ഓൺലൈനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം 'ഗ്ലോബൽ എജു സമ്മിറ്റ് 2021' സമാപിച്ചു. ഗ്ലോബൽ എജു സമിതിയും ഖത്തർ ചാപ്റ്ററും സംയുക്തമായി, സിജി ഇൻറർനാഷനൽ, പൊന്നാനി എം.ഇ.എസ് കോളജ് ഇക്കണോമിക്സ് വിഭാഗം, പി.സി.ഡബ്ല്യു.എഫ് ലീഡർഷിപ് അക്കാദമി (പി.എൽ.എ) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഒന്നാം ദിവസത്തെ സമ്മളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. മനുഷ്യ ബന്ധങ്ങളിലെ ഊഷ്മളത പ്രതിഫലിപ്പിക്കുന്ന, അധ്യാപക വിദ്യാർഥി ബന്ധത്തിെൻറ പവിത്രത കാത്തുസൂക്ഷിക്കുന്ന പരമ്പരാഗത വിദ്യാഭ്യാസ രീതി സമന്വയിപ്പിച്ചുകൊണ്ടുള്ള ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനത്തിന് പ്രസക്തി ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാൻ ഡോ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു.
എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു. യോനെല മോൻറ്ലോഗ് (ദക്ഷിണാഫ്രിക്ക), ഡോ. സുഹൈൽ അഹ്‌മദ് (മാക്സെൽ ലീഡർഷിപ് കൗൺസിൽ), പ്രഫ. എൻ.പി. ഹാഫിസ് മുഹമ്മദ്, അബ്ദുല്ലതീഫ് കളക്കര തുടങ്ങിയവർ സംസാരിച്ചു. പ്രഫ. ഇമ്പിച്ചിക്കോയ സ്വാഗതവും ഹംസ റഹ്മാൻ (ബംഗളൂരു) നന്ദിയും പറഞ്ഞു.
രണ്ടാം ദിസത്തെ ചടങ്ങ് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്‌തീൻ കുട്ടി 'ദേശീയ വിദ്യാഭ്യാസ നയം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സർക്കാറുകൾ പുതിയ വിദ്യാഭ്യാസ നയം രൂപവത്കരിക്കുമ്പോൾ മത ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ കൂടി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പി.സി.ഡബ്ല്യു.എഫ് എജു സമിതി ചെയർമാൻ യു.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് (സിജി), ഡോ. ഹസീന ബീഗം (യു.എ.ഇ), ഡോ. എം.വി. ബുഷ്റ തുടങ്ങിയവർ സംസാരിച്ചു. ഡോ. ഇസെഡ്.എ. അഷ്‌റഫ്, എം.എസ്. ജലീൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
വിദേശ സർവകലാശാലകളിലും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്ന താലൂക്കിലെ തിരഞ്ഞെടുത്ത വിദ്യാർഥികളായ റുബീന, മുനീബ (യു.എസ്), ഷാഹിർ (ഇറ്റലി), സൈഫുൽ ഇസ്ലാം (ജർമനി), സുവർണ (ഐ.ഐ.എസ്.ഇ.ആർ തിരുവനന്തപുരം), മുസഫർ (ഉക്രെയ്ൻ), നഹ്ദ (ഡൽഹി), ഷാഹിദ് (റഷ്യ), ടിപ്പു സുൽത്താൻ (കാനഡ), നൗറിൻ (ബ്രിട്ടൻ), ഫഹീം (ന്യൂസിലൻഡ്) തുടങ്ങിയവർ അവരുടെ വിദ്യാഭ്യാസ അനുഭവങ്ങൾ പങ്കുവെച്ചു.
കെ. മാമദ് (ജിദ്ദ) ഉപസംഹാര പ്രഭാഷണം നടത്തി. അബ്ദുൽ ഗഫൂർ അൽഷാമ സ്വാഗതവും മുഹമ്മദ് അനീഷ് (ദുബൈ) നന്ദിയും പറഞ്ഞു.
സംഘാടക സമിതി കൺവീനർ ആബിദ് തങ്ങൾ പരിപാടി നിയന്ത്രിച്ചു. എ.വി. അലിയുടെ നേതൃത്തിലുള്ള പി.സി.ഡബ്ല്യു.എഫ് ഐ.ടി-മീഡിയ വിഭാഗവും ഷൈനി കബീർ (ഖത്തർ) തുടങ്ങിയവരും നേതൃത്വം നല്‍കി.