പാക്സ് സിലിക്ക പ്രഖ്യാപനം; 'ആർട്ടിഫിഷൽ ഇന്റലിജൻസ് യുഗത്തിൽ ഖത്തറിന് നിർണായക പങ്ക് വഹിക്കാനാകും'
text_fieldsദോഹ: ആഗോള സമ്പദ്‌വ്യവസ്ഥയെ ആർട്ടിഫിഷൽ ഇന്റലിജൻസ് കീഴടക്കുന്ന പുതിയ യുഗത്തിൽ ഖത്തറിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് എ.ഐ വിദഗ്ധരുടെ നിരീക്ഷണം. നൂതന സാങ്കേതിക വിദ്യയിലുള്ള നിക്ഷേപം, സുരക്ഷിതമായ ഊർജ സംവിധാനങ്ങൾ, വിതരണ ശൃംഖലയിലെ കരുത്ത് എന്നിവയിലൂടെ പുതിയ ആഗോള സാമ്പത്തിക ക്രമം രൂപപ്പെടുത്തുന്നതിൽ ഖത്തർ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് യു.എസ് വിലയിരുത്തുന്നത്. സാങ്കേതിക സുരക്ഷാ സഹകരണം ലക്ഷ്യമിട്ടുള്ള 'പാക്സ് സിലിക്ക' പ്രഖ്യാപനത്തിൽ ഖത്തർ കഴിഞ്ഞദിവസം ഔദ്യോഗികമായി ഒപ്പുവെച്ചിരുന്നു.
എ.ഐ, നിർണായക ധാതുക്കൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് ആഗോളതലത്തിൽ പ്രാധാന്യം ഏറിവരുന്ന സാഹചര്യത്തിൽ ദോഹയും വാഷിങ്ടണും തമ്മിലുള്ള സാമ്പത്തിക സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഖത്തറിന്റെ ചരിത്രപരമായ ചുവടുവെപ്പിനെ ദോഹയിലെ യു.എസ് എംബസി അഭിനന്ദിച്ചു. എ.ഐ നവീകരണത്തിന് ഖത്തർ നൽകുന്ന പ്രാധാന്യം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കുമെന്ന് എംബസി 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സുരക്ഷിതമായ ഊർജം, അത്യാധുനിക സാങ്കേതിക വിദ്യ, നിർണായക ധാതുക്കളുടെ വിതരണ ശൃംഖല എന്നിവയിലെ ഖത്തറിന്റെ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വളർച്ചയുടെ അടുത്ത ഘട്ടത്തിൽ രാജ്യത്തെ അനിവാര്യ പങ്കാളിയാക്കി മാറ്റുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
എണ്ണയെ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ക്രമത്തിൽ നിന്നും 'സിലിക്കൺ നയതന്ത്രം' അടിസ്ഥാനമാക്കിയുള്ള പുതിയ രീതിയിലേക്ക് മേഖല മാറിയെന്ന് കരാർ ഒപ്പിടൽ ചടങ്ങിൽ സംസാരിച്ച യു.എസ് സാമ്പത്തികകാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ് വിശദീകരിച്ചു. ഭൗമരാഷ്ട്രീയ അധികാരത്തിന്റെ വിനിമയ രീതികൾ മാറിയിരിക്കുന്നുവെന്നും, ഇന്ന് പരമാധികാരം എന്നത് വെറും അതിർത്തി സംരക്ഷണം മാത്രമല്ല, മറിച്ച് എ.ഐ യുഗത്തിലെ വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുക എന്നത് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പാക്സ് സിലിക്ക' പ്രഖ്യാപനത്തിലൂടെ ഖത്തർ കേവലം ഒരു നയതന്ത്ര രേഖയിൽ ഒപ്പിടുകയല്ല, മറിച്ച് പുതിയ സാമ്പത്തിക സുരക്ഷാ സമവായത്തിന്റെ പ്രവർത്തനരേഖയാണ് സ്വീകരിച്ചിരിക്കുന്നത്. കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ഉടനടി സംയുക്ത നിക്ഷേപ പദ്ധതികൾ ആരംഭിക്കും.
'ടെക് മെറ്റ്' പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ആഫ്രിക്കയിലും മറ്റ് ആഗോള വിപണികളിലും സുപ്രധാന ധാതുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും നിക്ഷേപം നടത്തും. കൂടാതെ ലോകമെമ്പാടും പുതിയ ലോജിസ്റ്റിക് പാതകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ആധുനികീകരിക്കുന്നതിനും സംയുക്തമായി പ്രവർത്തിക്കും. എ.ഐ മേഖലയിൽ പുതിയ ഡേറ്റാ സെന്ററുകൾ നിർമിക്കുന്നതിനും കമ്പ്യൂട്ടിങ് ശേഷി വർധിപ്പിക്കുന്നതിനും മുൻഗണന നൽകും. സാങ്കേതിക മേഖലയിൽ ഭാവിയിൽ കേന്ദ്രസ്ഥാനം വഹിക്കാൻ ഗൾഫ് മേഖല സജ്ജമാണെന്നതിന്റെ തെളിവാണ് ഖത്തറിന്റെ പങ്കാളിത്തമെന്നും ഹെൽബെർഗ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

