ചികിത്സ ഫീസ് വർധന: ആശുപത്രിയിലെത്തുന്ന വിദേശികൾ 30 ശതമാനം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന വിദേശികളുടെ എണ്ണത്തിൽ 30 ശതമാനത്തിെൻറ കുറവുണ്ടായതായി ആരോഗ്യമന്ത്രി ഡോ. ജമാൽ അൽഹർബി. വിദേശികളുടെ മെഡിക്കൽ സേവന ഫീസ് വർധന പ്രാബല്യത്തിലായ ഒക്ടോബർ ഒന്ന് മുതൽ സർക്കാർ ആശുപത്രികളിലെത്തുന്ന വിദേശികളുടെ സ്ഥിതിവിവര റിപ്പോർട്ട് പ്രകാരമാണിത്. നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പുള്ള കണക്കുകൾ താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.
അത്യാഹിത വിഭാഗത്തിലുൾപ്പെടെ കുറവ് അനുഭവപ്പെടുന്നുണ്ട്. മെഡിക്കൽ ലബോറട്ടറികളിലും ഓപറേഷൻ തിയറ്ററുകളിലുമാണ് വിദേശ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നത്. വിവിധ തരം രക്തപരിശോധനകൾക്കും ശസ്ത്രക്രിയകൾക്കുമുള്ള ഫീസ് താങ്ങാൻ സാധിക്കാത്തതിനാലാണ് വിദേശികളുടെ സാന്നിധ്യം തീരെ കുറയുന്നതെന്നാണ് നിഗമനം.
ഫീസ് വർധനക്ക് ശേഷം ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന വിദേശികളുടെ കൃത്യമായ കണക്കും ഫീസ് വർധനയുടെ പ്രതിഫലനങ്ങളും സംബന്ധിച്ച റിപ്പോർട്ട് ഓരോ ആഴ്ചയും നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന അണ്ടർ സെക്രട്ടറിമാരുടെയും മേഖല ഡയറക്ടർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സുരക്ഷാ കാർഡ് ലഭിച്ച ബിദൂനികൾക്ക് കാർഡിെൻറ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും മെഡിക്കൽ ഫീസ് വർധനയിൽ ഇളവ് നൽകും. ഒരു മാസത്തേക്കാണ് ഇളവ്. 13 വയസ്സ് വരെയുള്ള വിദേശികളുടെ മക്കൾക്ക് അർബുദം പോലുള്ള രോഗങ്ങളുടെ ചികിത്സക്ക് ഫീസ് ഈടാക്കില്ല. കുവൈത്തികളുടെ വിദേശ ഭാര്യമാർ, ഭർത്താക്കന്മാർ, മക്കൾ എന്നിവർക്കും നിയമം ബാധകമല്ല. അടിയന്തര സാഹചര്യത്തിൽ ഹൃദ്രോഗ- തീവ്രപരിചരണ വിഭാഗങ്ങളിൽ ഫീസ് അടക്കാതെ വിദേശികളെ ചികിത്സിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും ആശുപത്രി ഡയറക്ടർമാർക്കും അധികാരമുണ്ടായിരിക്കും. സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് പുതിയ ഫീസ് വർധന ബാധകമായിരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
