‘പാസേജ് ടു ഇന്ത്യ’ കമ്യൂണിറ്റി ഫെസ്റ്റിന് ഇന്ന് മിയ പാർക്കിൽ തുടക്കം
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് കലാ,സാംസ്കാരിക ആഘോഷ വിരുന്നായി ‘പാസേജ് ടു ഇന്ത്യ’ കമ്യൂണിറ്റി ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം. തണുപ്പിന്റെ കാഠിന്യം കുറയുകയും നാടും ജനങ്ങളും റമദാനെ വരവേൽക്കാൻ ഒരുങ്ങുന്നതിനുമിടയിലാണ് ഇന്ത്യൻ എംബസിയുടെയും ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ മൂന്നു ദിനങ്ങളിൽ വൈവിധ്യമാർന്ന ആഘോഷങ്ങളുമായി പാസേജ് ടു ഇന്ത്യ അരേങ്ങറുന്നത്.
ഖത്തർ മ്യൂസിയവുമായി സഹകരിച്ച് നടത്തുന്ന പരിപാടിക്ക് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (മിയ) പാർക്കാണ് വേദിയാകുന്നത്. കലാ, സാംസ്കാരിക പരിപാടികൾ, ഇന്ത്യൻ രുചിക്കൂട്ടുകൾ നിറയുന്ന ഭക്ഷ്യമേള, ഇന്ത്യയുടെ സാംസ്കാരിക-ചരിത്രനേട്ടങ്ങൾ പകർത്തുന്ന പ്രദർശനങ്ങൾ, ഖവാലി ഉൾപ്പെടെ സംഗീത പരിപാടികൾ, ലൈവ് പെയിന്റിങ്, ഫോട്ടോ പ്രദർശനം എന്നിവ ഉൾപ്പെടുന്നതാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ആഘോഷം.
ഇന്ത്യ-ഖത്തർ നയതന്ത്ര സൗഹൃദത്തിന്റെ 50ാം വാർഷിക ആഘോഷം കൂടിയാണ് ഇത്തവണത്തെ ‘പാസേജ് ടു ഇന്ത്യ’. വ്യാഴാഴ്ച വൈകുന്നേരം നാലിന് ലൈവ് മ്യൂസിക് ഷോയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് മിയ പാർക്കിൽ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ പ്രതീകമായ ചന്ദ്രയാന്റെയും പാർലമെന്റിന്റെയും മാതൃകകൾ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും.
ഏഴുമണിക്കാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്. ഖത്തരി ഉന്നതർ, എംബസി അപെക്സ് ബോഡി ഭാരവാഹികൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. വിവിധ പവലിയൻമുതൽ മൂന്നുദിവസത്തെ പരിപാടികൾവരെയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനമായ വെള്ളിയാഴ്ച കേരളീയ സമാജം നേതൃത്വത്തിൽ മെഗാ കേരള ഫ്യൂഷൻ അരങ്ങേറും. കേരള നടനം, തിരുവാതിരക്കളി, വിവിധ നൃത്തങ്ങൾ എന്നിവ ഉൾപ്പെടെയാണ് കേരള ഫ്യൂഷൻ അവതരിപ്പിക്കുന്നത്. തുടർന്ന് ദീർഘകാല പ്രവാസികൾക്കുള്ള ആദരവിനും വേദിയാകും. 40 വർഷത്തിലേറെ കാലം ഖത്തറിൽ ചെലവഴിച്ച പ്രവാസികൾ, 30 വർഷത്തിലേറെയായി പ്രവാസികളായ ഗാർഹിക ജീവനക്കാർ, 25 വർഷത്തിലേറെയായി പ്രവാസികളായ വീട്ടുവേലക്കാരികൾ എന്നിങ്ങനെ 40 പേരെയാണ് ഇത്തവണ ഐ.സി.സി നേതൃത്വത്തിൽ ആദരിക്കുന്നത്.
അവസാന ദിനമായ ശനിയായ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ശ്വാനപ്രദർശനം’, തുടർന്ന് 300ലേറെ നർത്തകർ പങ്കെടുക്കുന്ന മെഗാ ഗർബ നൃത്തം എന്നിവ നടക്കും. സമാപന ദിവസത്തിൽ വിവിധ മേഖലകളിലുള്ള സ്വദേശികളെ ആദരിക്കുകയും ചെയ്യും.
സാംസ്കാരിക, ഭാഷാ, കലാ വൈവിധ്യത്താൽ സമ്പന്നമായ ഇന്ത്യയെ പ്രവാസി മണ്ണിൽ വിവിധ രാജ്യക്കാർക്ക് മുന്നിൽ പരിചയപ്പെടുത്താനുള്ള അവസരമായാണ് ‘പാസേജ് ടു ഇന്ത്യ’ തയാറാക്കുന്നത്. വൈകുന്നേരം നാല് മുതൽ രാത്രി 11 വരെയാവും ദിവസവും പരിപാടികൾ.
അതിവേഗത്തിൽ റിവേഴ്സ് പെയിന്റിങ്ങിലൂടെ ശ്രദ്ധേയനായ വിലാസ് നായക് മൂന്നു ദിവസവും തത്സമയ പെയിന്റിങ് പ്രകടനവുമായും കാഴ്ചക്കാരെ അതിശയിപ്പിക്കും. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരായ 100ഓളം ഫോട്ടോഗ്രാഫർമാരുടെ പ്രദർശനവുമുണ്ട്. കാഴ്ചക്കാർക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

