പ്രവാസമണ്ണിന്റെ സ്നേഹത്തിൽ അവർ വീണ്ടും ഒന്നായി
text_fieldsറേഡിയോ മലയാളം എഫ്.എം നേതൃത്വത്തിൽ നടന്ന ‘ഫോർ മൈ ലവ്’ പരിപാടിയുടെ ഭാഗമായി ഖത്തറിലെത്തിയവർ
ദോഹ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ ജീവിതപങ്കാളികളെ പ്രവാസഭൂമിയിലെത്തിക്കാനോ അന്നംതരുന്ന നാട് കാണിക്കാനോ ഭാഗ്യമില്ലാതെപോയ പ്രവാസികൾക്ക് സ്വപ്ന സാക്ഷാത്കാരമായി പ്രിയപ്പെട്ടവരെ അരികിലെത്തിച്ച് ഖത്തറിലെ പ്രമുഖരായ റേഡിയോ മലയാളം 98.6 എഫ്.എം. നസീം ഹെൽത്ത് കെയറുമായി ചേർന്നാണ് ഖത്തറിൽ പതിറ്റാണ്ടുകളായി പ്രവാസജീവിതം നയിക്കുന്ന 12 പേർക്ക് ജീവിതപങ്കാളികളെ തങ്ങൾക്കരികിലെത്തിക്കാൻ അവസരം നൽകിയത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായാണ് 12 പേരെ തിരഞ്ഞെടുത്തത്.
ചുരുങ്ങിയത് 15 വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളിൽനിന്ന് തിരഞ്ഞെടുത്തവർക്കായിരുന്നു അവസരം. നൂറുകണക്കിന് അപേക്ഷകളിൽനിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദേശംചെയ്ത 12 പേരുടെ ഭാര്യമാരാണ് ഖത്തറിലെത്തിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ജില്ലകളിൽനിന്നുള്ളവർ സംഘത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് മൂന്നിന് തിരുവനന്തപുരത്ത് എത്തിയായിരുന്നു ദോഹയിലേക്ക് പറന്നത്. അവരിൽ പലരുടെയും ആദ്യ വിമാനയാത്ര കൂടിയായിരുന്നു ഇതെന്ന് യാത്രാസംഘത്തെ നയിച്ച ആർ.ജെ രതീഷ് പറഞ്ഞു.
ഹമദ് വിമാനത്താവളത്തിൽ പ്രിയപ്പെട്ടവർ പറന്നിറങ്ങുമ്പോൾ പൂക്കളുമായി അവരെ സ്വീകരിക്കാൻ ഭർത്താക്കന്മാരും എത്തിയിരുന്നു. സ്വദേശി വീടുകളിൽ ഡ്രൈവറും പാചകക്കാരനും മറ്റുമായി കുറഞ്ഞ വേതനത്തിലെ ജോലിക്കിടയിൽ മാറ്റിവെച്ച ആശ പൂവണിഞ്ഞപ്പോൾ പലരും കണ്ണീരണിഞ്ഞുപോയി. പിന്നീടുള്ള ദിനങ്ങളിൽ സ്നേഹവും കരുതലുമായാണ് ഖത്തറിലെ പ്രവാസികൾ ഇവരെ വരവേറ്റത്.
കഴിഞ്ഞ ദിവസം ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന സ്വീകരണപരിപാടിയിൽ 12 ദമ്പതിമാരെയും ആദരിച്ചു. കഹ്റമാ കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി നദ അൽ അംരി, റാഷിദ് ദിവാൻ, ആദിൽ ബത്റാവി, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അഷ്റഫ്, എംബസി അപെക്സ് ബോഡി നിയുക്ത പ്രസിഡന്റുമാരായ മണികണ്ഠൻ (ഐ.സി.സി), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്), ഇ.പി. അബ്ദുറഹ്മാൻ (ഐ.എസ്.സി), വാണിജ്യ വ്യവസായ പ്രമുഖർ, സംഘടന ഭാരവാഹികൾ, സാംസ്കാരിക പ്രവർത്തകർ, പഴയകാല പ്രവാസികൾ, റേഡിയോ മലയാളം ആൻഡ് ക്യു.എഫ്.എം വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ്, സി.ഇ.ഒ അൻവർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
മാർക്കറ്റിങ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. റേഡിയോ പ്രവർത്തകർ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി. മാർച്ച് നാലു മുതൽ 10 വരെ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികൾക്ക് ആദരിക്കൽ ചടങ്ങിനു പുറമെ, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നൽകുന്ന സ്വീകരണങ്ങൾ, രാജ്യത്തെ പ്രധാന ആകർഷണകേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, നിരവധി സമ്മാനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019ലും റേഡിയോ മലയാളം നേതൃത്വത്തിൽ ഇതേ മാതൃകയിൽ ജീവിതപങ്കാളികളെ ഖത്തറിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

