'പാർട്ട് ടൈം ജോലി സ്ത്രീശാക്തീകരണത്തിന് കരുത്തേകും'
text_fieldsഫാമിലി പോളിസി മേധാവി ഖാലിദ് അൽ നഅ്മ
ദോഹ: തൊഴിലിടങ്ങളിൽ സ്ത്രീപങ്കാളിത്തം വർധിക്കുന്നത് സ്ത്രീ ശാക്തീകരണത്തിന് അനുകൂല ഘടകമാണെന്ന് ദോഹ ഇൻറർനാഷനൽ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ട് (ഡി.ഐ.എഫ്.ഐ). സർക്കാർ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി സംവിധാനവുമായി ബന്ധപ്പെട്ട ഉപാധികളിലെ പുതിയ നിയമ പരിഷ്കരണത്തെ ഡി.ഐ.എഫ്.ഐ സ്വാഗതം ചെയ്തു. കുടുംബ-തൊഴിൽ സന്തുലിതത്വം നിലനിർത്തുന്നതിൽ പുതിയ തീരുമാനം കൂടുതൽ സഹായകമാകുമെന്നും സ്ത്രീശാക്തീകരണത്തിൽ ഇത് നിർണായക പങ്കുവഹിക്കുമെന്നും ഫാമിലി പോളിസി മേധാവി ഖാലിദ് അൽ നഅ്മ പറഞ്ഞു. വനിതകൾക്കായുള്ള പാർട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട നിർദേശം പ്രധാന പരിഗണനയിലുള്ളതായിരുന്നുവെന്നും ഇതുസംബന്ധിച്ച ശിപാർശ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരുന്നുവെന്നും അൽ നഅ്മ വ്യക്തമാക്കി. ഈ വർഷം ജൂണിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, കൂടുതൽ ഇണങ്ങുന്ന ജോലി സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനം തുടരുകയാണെന്ന് പ്രസ്താവിച്ചത് മുതൽ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും രാജ്യത്ത് സ്ത്രീശാക്തീകരണത്തിൽ ഈ ചുവടുവെപ്പ് നിർണായമാകുമെന്നും അൽ നഅ്മ വിശദീകരിച്ചു. കുടുംബവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിലും നയരൂപവത്കരണത്തിലും മറ്റു പരിപാടികളിലും അറബ് ലോകത്ത് ഖത്തർ മാതൃകയാണന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ തീരുമാനപ്രകാരം ആഴ്ചയിൽ 30 മണിക്കൂർ തൊഴിൽ സമയമെന്നത് ഡി.ഐ.എഫ്.ഐ മുന്നോട്ടുവെച്ച നിർദേശമായിരുന്നുവെന്നും പാർട്ട് ടൈം ജോലിസംവിധാനം സ്വകാര്യ മേഖലയിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുടുംബം സംബന്ധിച്ചുള്ള മറ്റു നിർദേശങ്ങളും ശിപാർശകളും ബന്ധപ്പെട്ട അതോറിറ്റികൾക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

