വ്യായാമവും വിനോദവും ജോറാവട്ടെ
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ പുതുതായി തുറന്നു നൽകിയ പാർക്ക്
ദോഹ: വ്യായാമത്തിനും വിശ്രമത്തിനും വിനോദത്തിനുമുള്ള പുതിയ ഇടങ്ങളായി താമസക്കാർക്ക് മൂന്ന് പാർക്കുകൾ കൂടി. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിനു കീഴിൽ പൂർത്തിയാക്കിയ അൽ വക്റ പബ്ലിക് പാർക്ക്, അൽ മെഷാഫ് പാർക്ക്, റൗദത് അൽ അഖ്ദീം പാർക്ക് എന്നിവയാണ് പുതുതായി ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്.
ഖത്തർ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ പാർക്കുകൾ ഉദ്ഘാടനം ചെയ്തത്.
നവീകരണ പ്രവർത്തനങ്ങൾ നടത്തി തുറന്നു നൽകിയ അൽ വക്റ പാർക്ക് പബ്ലിക് സർവിസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജി. അബ്ദുല്ല അഹമ്മദ് അൽ കറാനി ഉദ്ഘാടനം ചെയ്തു. വക്റ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ജാബിർ ഹസൻ അൽ ജാബിർ ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. അൽ മെഷാഫ് പാർക്കും അൽ വക്റ മുനിസിപ്പാലിറ്റിക്കു കീഴിലാണ് വരുന്നത്.
പാർക്കിലെ സൈക്ലിങ്, ജോഗിങ് ട്രാക്ക്
റൗദത് അൽ അഖ്ദീം പാർക്ക് അൽ റയാൻ മുനിസിപ്പാലിറ്റിക്കു കീഴിലാണുള്ളത്. പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുക, ഹരിത ഇടങ്ങൾ വികസിപ്പിക്കുക, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മൂന്ന് പാർക്കുകൾ പുതുതായി നിർമിച്ചത്.
46,601 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അൽ വക്റ പാർക്കിൽ 31,585 ചതുരശ്ര മീറ്റർ (62 ശതമാനം) ഹരിത ഇടങ്ങളാണ്. അൽ മെഷാഫ് പാർക്കിന്റെ ആകെ വിസ്തീർണം 4,741 ചതുരശ്ര മീറ്ററാണ്. പാർക്കിൽ 2,648 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പച്ചപ്പാണ്. ഒപ്പം 97 മരങ്ങളും പാർക്കിലുണ്ട്. ഇത് അൽ വുകൈർ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുനത്. റൗദത്ത് അഖ്ദീം പാർക്ക്, മൊത്തം 24,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്നു.
പ്രദേശവാസികൾക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യം റൗദത്ത് അഖ്ദീം പാർക്കിലുണ്ട്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി ഈ പാർക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോഗിങ് ട്രാക്കുകൾ, സൈക്ലിങ് ട്രാക്ക്, നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, വ്യായാമ മേഖല ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളാണ് ഓരോ പാർക്കിനുമായി ഒരുക്കിയത്.
പാർക്കിങ് സംവിധാനങ്ങളും അനുബന്ധമായി സജ്ജമാക്കിയിട്ടുണ്ട്. മരങ്ങളും പച്ചപ്പുമായി നഗരത്തിരക്കുകൾക്കിടയിൽ മികച്ച വിശ്രമ, വ്യായാമ സൗകര്യങ്ങൾ ഓരോ പാർക്കും സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് സവിശേഷത. കഴിഞ്ഞ വർഷം ഡിസംബറോടെ തന്നെ രാജ്യത്തെ പൊതു പാർക്കുകളുടെ എണ്ണം 150ലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

