മെട്രോയിൽ പാർക്ക് ആൻഡ് റൈഡ് സൗകര്യങ്ങൾ
text_fieldsഅൽ ഖസ്സാർ മെട്രോ സ്റ്റേഷനിലെ പാർക്ക് ആൻഡ് റൈഡ്
ദോഹ: മെട്രോയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങൾ കാർ പാർക്കിങ് സ്ഥലം കണ്ടെത്താൻ പതിവായി ബുദ്ധിമുട്ടാറുണ്ടോ?.. മെട്രോയുടെ റെഡ് ലൈനിലെ അൽ ഖസ്സാർ മെട്രോ സ്റ്റേഷന് സമീപമുള്ള സൗജന്യ പാർക്ക് ആൻഡ് റൈഡ് സേവനം വാഹന പാർക്കിങ്ങിന് ഉപയോഗിക്കാമെന്ന് ഓർമപ്പെടുത്തി ഗതാഗത മന്ത്രാലയം. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ദോഹയിലുടനീളമുള്ള ഗതാഗതക്കുരുക്ക് കുറക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കിയ 'പാർക്ക് ആൻഡ് റൈഡ്' സേവനം പ്രയോജനപ്പെടുത്താൻ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ഗതാഗത മന്ത്രാലയം. ഇതിലൂടെ ദോഹ മെട്രോ സ്റ്റേഷനുകൾക്ക് സമീപം സൗജന്യവും സൗകര്യപ്രദവുമായ പാർക്കിങ് സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള പാർക്ക് ആൻഡ് റൈഡ് സൈറ്റുകൾ തിരക്കേറിയ ലുസൈല്‍, എജുക്കേഷന്‍ സിറ്റി, അല്‍ വക്റ എന്നീ മെട്രോ സ്റ്റേഷനുകളോട് ചേർന്നും ലഭ്യമാണ്.
ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായുള്ള 'പാർക്ക് ആൻഡ് റൈഡ്' പദ്ധതിയിലൂടെ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം യാത്രക്കാര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പാർക്ക് ചെയ്ത്, മെട്രോ വഴി ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും. യാത്രക്കാർക്ക് ഇവിടെ സൗജന്യമായി വാഹനം പാർക്ക് ചെയ്യാം. രാജ്യത്തെ പൊതുഗതാഗത മേഖലയെ സജീവമാക്കുകയും, ഗതാഗത തടസ്സം കുറച്ച് അതുവഴി കാർബൺ ബഹിർഗമനം നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്.
ആയിരത്തിലധികം വാഹനങ്ങൾ ഇവിടെ ഒരേസമയം പാർക്ക് ചെയ്യാനാകും. ഈ സേവനം പൂർണമായും സൗജന്യമായതിനാൽ, തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിലേക്ക് വാഹനമോടിച്ച് പോകുന്നതിന് ചെലവ് കുറക്കാനും പൊതുഗതാഗതക്കുരുക്ക് കുറക്കാനും സാധിക്കുന്നു. 2020ൽ അൽ ഖസ്സാർ, അൽ വക്റ എന്നിവിടങ്ങളിലാണ് ഈ സംരംഭം ആദ്യമായി ആരംഭിച്ചത്.
പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വികസനം, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവക്ക് ഊന്നൽ നൽകുന്ന ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി യോജിച്ചുപോകുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ഇ-ബസുകൾ, ലുസൈൽ ട്രാം എന്നിവയുൾപ്പെടെ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ സ്വദേശികളെയും സന്ദർശകരെയും ഗതാഗത മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. ഖത്തറിലെ ജനസംഖ്യ വർധിക്കുകയും വിവിധ അന്താരാഷ്ട്ര കായിക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പുകൾ തുടരുകയാണ്, ഈ സാഹചര്യത്തിൽ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളെ മാറ്റിമറിക്കുന്നതിൽ പാർക്ക് ആൻഡ് റൈഡ് പദ്ധതി നിർണായക പങ്കുവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

