ഖത്തറിൽ പുതുചുവടുവെപ്പുമായി പാരമൗണ്ട് ഫുഡ് സർവിസ്
text_fieldsബിർകാതുൽ അവാമീറിൽ വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കുന്ന പാരമൗണ്ട് ഫുഡ് സർവിസ് ഉപകരണ നിർമാണ യൂനിറ്റിന്റെ ഉദ്ഘാടനം സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ കെ.വി. ഷംസുദ്ദീൻ സംസാരിക്കുന്നു. മാനേജ്മെന്റ് അംഗങ്ങൾ സമീപം
ദോഹ: ഭക്ഷ്യ നിർമാണ ഉപകരണ വിതരണത്തിലെ മുൻനിരക്കാരായ പാരമൗണ്ട് ഫുഡ് സർവിസ് എക്യൂപ്മെന്റ് സൊലൂഷൻസ് ഖത്തറിലെ പുതിയ നിർമാണ യൂനിറ്റ് വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും. ബിർകത്തുൽ അവാമീറിലാണ് അത്യാധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമായി പുതിയ നിർമാണ യൂനിറ്റ് സജ്ജീകരിച്ചതെന്ന് പാരമൗണ്ട് മാനേജ്മെന്റ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ യൂനിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. 60,000 ചതുരശ്ര അടി വിസ്തൃതിയുള്ള ആധുനിക നിർമാണ യൂനിറ്റ്, സംഭരണ ശാല, സെയിൽസ് സെന്റർ സൗകര്യങ്ങളോടെയാണ് ഒരുക്കിയത്.
കസ്റ്റമർ എക്സ്പീരിയൻസ് സെന്റർ, സെൻട്രൽ വെയർഹൗസ്, മാനുഫാക്ചറിങ് ഫെസിലിറ്റി, ഡിസൈൻ ലാബ്, തൊഴിലാളികൾക്കുള്ള താമസ സൗകര്യം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ബിർകാത് അവാമീറിലെ യൂനിറ്റിന്റെ സവിശേഷത. ഹോട്ടലുകൾ, കഫേകൾ, റസ്റ്റാറന്റ്സ്, കാറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, ആശുപത്രികൾ, ലോൻഡറി എന്നീ വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി പാരമൗണ്ട് ഖത്തറിലെ പ്രവർത്തനം വിപുലീകരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഉപകരണങ്ങളുടെ പ്രവർത്തനം കാണാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്ന ഡെമോ കിച്ചൻ ഖത്തറിൽ ആദ്യമായി പാരാമൗണ്ട് അവതരിപ്പിക്കുന്നതായി മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു. ജർമൻ ബ്രാൻഡായ റാഷനലിന്റെ തത്സമയ പാചക പ്രദർശനം ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.
1988ൽ സ്ഥാപിതമായ പാരമൗണ്ട് 36 വർഷത്തെ ഉപഭോക്തൃകേന്ദ്രിത സേവനത്തിലൂടെ യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലായി വിശ്വസ്ത ഭക്ഷ്യ നിർമാണ ഉപകരണ വിതരണക്കാരായി ഇതിനകം മേൽവിലാസം സൃഷ്ടിച്ച സ്ഥാപനമാണ്. സമഗ്രമായ സ്പെയർ പാർട്സ് ലഭ്യത, വിൽപനാനന്തര സേവനം എന്നിവക്കൊപ്പം വിദഗ്ധരായ എൻജിനീയർമാരും ടെക്നീഷ്യൻമാരും അടങ്ങുന്ന സംഘവും ബ്രാൻഡിന്റെ പ്രത്യേകതയാണ്.
ബിർകത്ത് അൽ അവാമീറിലെ ഷോറൂം ഖത്തറിലെയും മിഡിൽ ഈസ്റ്റ് മേഖലയിലെയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി ദുസിറ്റ് ഡിടു ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ കെ.വി. ഷംസുദ്ദീൻ പറഞ്ഞു. എക്സിക്യൂട്ടിവ് ഡയറക്ടർ ഹിഷാം ഷംസുദ്ദീൻ, ഡയറക്ടർമാരായ അമർ ഷംസുദ്ദീൻ, അഫ്ര ഷംസുദ്ദീൻ, ജനറൽ മാനേജർ ഡാനിയൽ ടി. സാം, റീജനൽ സെയിൽസ് മാനേജർ ജോൺസൺ ആന്റനി, ക്ലയന്റ് സ്പെഷലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

