ഒളിമ്പിക് മ്യൂസിയത്തിൽ പാരാലിമ്പിക്സ് ഫെസ്റ്റ്
text_fieldsത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം
ദോഹ: പാരിസിൽ ആരംഭിച്ച പാരാലിമ്പിക്സിനോട് ഐക്യദാർഢ്യവുമായി ‘സമ്മർ പാരാലിമ്പിക്സ് ഫെസ്റ്റിവലുമായി’ 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ അഞ്ച് വരെ ‘ലെറ്റ് ദ ഗെയിംസ് ബിഗിൻ: 3-2-1 സമ്മർ പാരാലിമ്പിക്സ് ഫെസ്റ്റിവൽ’ എന്ന തലക്കെട്ടിലാണ് സംഘടിപ്പിക്കുന്നത്.
രാജ്യത്തെ ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ അസാധാരണമായ കായികക്ഷമതയും സ്പിരിറ്റും പ്രദർശിപ്പിക്കുന്നതിനും പാരാലിമ്പിക്സിന്റെ ആവേശം പ്രാദേശിക സമൂഹത്തിലേക്ക് കൈമാറുന്നതും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവൽ രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആവേശം നൽകുന്ന നിരവധി ആകർഷകമായ മത്സരങ്ങളും പ്രവർത്തനങ്ങളുമാണ് ഫെസ്റ്റിവലിൽ ഒരുക്കുന്നത്.
പാരാ ടേബ്ൾ ടെന്നിസ്, സിറ്റിങ് വോളിബാൾ, ഗോൾബാൾ, പാരാ ബാഡ്മിന്റൺ, പാരാ സൈക്ലിങ്, ബോസിയ തുടങ്ങി വൈവിധ്യമാർന്ന ഗെയിമുകൾ ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. 3-2-1 സ്പോർട്സ് മ്യൂസിയം ലൈബ്രറിയിൽ പാരാലിമ്പിക് ചാമ്പ്യൻ തത്യാന മക്ഫാഡന്റെ കായിക പ്രയാണവുമായി ബന്ധപ്പെട്ട കഥ പറച്ചിലിന്റെ സെഷനുകളും സംഘടിപ്പിക്കും. കുട്ടികൾക്കായി ബ്ലോ പെയിന്റിങ്ങും സംഘടിപ്പിക്കുന്നുണ്ട്. പാരാലിമ്പിക്സ് ചരിത്രവും കായിക താരങ്ങളും വിശേഷങ്ങളുമായി ഒളിമ്പിക് ടൂറും മ്യൂസിയത്തിലുണ്ട്.
ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്കായി നാലുവർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മൾട്ടി സ്പോർട്സ് ഗെയിംസാണ് പാരാലിമ്പിക്സ്. സമ്മർ ഒളിമ്പിക്സിന് വേദിയായ രാജ്യത്തുവെച്ചുതന്നെയാണ് ഒളിമ്പിക്സിന് ശേഷം പാരാലിമ്പിക്സും നടക്കുക. 1960ൽ റോമിലാണ് ആദ്യമായി പാരാലിമ്പിക്സ് ഗെയിംസ് നടന്നത്. ഇതുവരെ നിരവധി കായിക മത്സരങ്ങളാണ് പാരാലിമ്പിക്സിനായി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

