ദൈവത്തിനു നന്ദി, ഖത്തറിനും; ആശ്വാസത്തോടെ ദോഹയിലെ ഫലസ്തീനികൾ
text_fieldsഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കിടെ പരിക്കേറ്റ് ഖത്തറിലെത്തിയ ഫലസ്തീനികൾ വെടിനിർത്തൽ വാർത്തക്കു പിന്നാലെ ഖത്തർ ന്യൂസ് ഏജൻസിയോട് പ്രതികരിക്കുന്ന ദൃശ്യങ്ങൾ
ദോഹ: മരണം പെയ്തിറങ്ങിയ 15 മാസത്തിനൊടുവിൽ വെടിയൊച്ചകളും ബോംബു വർഷവുമില്ലാത്ത നാളുകളിലേക്ക് ഗസ്സ നീങ്ങുമ്പോൾ മുറിവുകളെയും വേദനകളെയും മറന്ന് പുഞ്ചിരിക്കുകയാണ് ഖത്തറിൽ ഒരു കൂട്ടം ഫലസ്തീനികൾ. ഉറ്റവരെയും ഉടയവരെയും നഷ്ടമായി കൈകളും കാലുകളും തകർന്ന്, പാതിനഷ്ടമായ ജീവനുമായി യുദ്ധനാളുകളിൽ ഖത്തറിന്റെ മണ്ണിൽ അഭയം തേടിയവർ.
കുട്ടികളും സ്ത്രീകളും പ്രായമായവരുമെല്ലാമുണ്ട് അക്കൂട്ടത്തിൽ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരം ഖത്തർ അമിരി വ്യോമസേനയുടെ വിമാനത്തിൽ 2023 നവംബർ മുതൽ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴി ദോഹയിലെത്തിയതാണ് അവർ. ഗുരുതര പരിക്കേറ്റവരും, ബോംബിങ്ങിലും വെടിയേറ്റും പൊള്ളലേറ്റവരും അംഗഭംഗം വന്നവരും വിദഗ്ധ ചികിത്സ ആവശ്യമായവരും ഉൾപ്പെടെ ആയിരങ്ങൾ.
ഖത്തറിലെ പ്രത്യേക ആശുപത്രി സജ്ജീകരണങ്ങളിലും സിദ്റ ആശുപത്രിയിലുമായി ചികിത്സ പൂർത്തിയാക്കി ജീവിതത്തിലേക്ക് തിരികെയെത്തിയവർ തങ്ങളുടെ കണ്ണും കാതും ഗസ്സയിലെ വാർത്തകളിലേക്കുതന്നെ കൂർപ്പിച്ച് നാളുകൾ കഴിച്ചു കൂട്ടി. ഏറ്റവും ഒടുവിലാണ് അവരുടെ ക്യാമ്പുകളിൽ സന്തോഷ കണ്ണീരുമായി വെടിനിർത്തൽ വാർത്തകളെത്തുന്നത്.
ഞായറാഴ്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുകയും, 467 ദിവസത്തിനു ശേഷം ഗസ്സ ശാന്തമാവുകയും ചെയ്ത ദിവസത്തിലെ സന്തോഷം ഖത്തറിലെ ഫലസ്തീനികളും പങ്കുവെച്ചു. ഖത്തർ ന്യൂസ് ഏജൻസി പുറത്തുവിട്ട വിഡിയോയിലൂടെയാണ് അവർ തങ്ങളുടെ സന്തോഷവും പ്രതീക്ഷകളും പങ്കുവെക്കുന്നത്. ‘ദൈവത്തിന് നന്ദി. ഞങ്ങളെ സഹായിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും നന്ദി’ -ഇസ്രായേൽ വ്യോമാക്രമണത്തിനിടെ പതിച്ച ബോംബിങ്ങിൽ ഒരു കണ്ണ് ഉൾപ്പെടെ നഷ്ടമായ പത്തു10 വയസ്സുകാരൻ പറയുന്നു.
‘വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചെന്ന വാർത്ത ആദ്യം കേട്ടപ്പോൾ ഞങ്ങൾ കുറെ കരഞ്ഞു. ഈ തീരുമാനം ഞങ്ങൾക്ക് വലിയ സന്തോഷം നൽകുന്നതാണ്. ദൈവത്തിന് നന്ദി. വെടിനിർത്തലിലൂടെ ഞങ്ങളുടെ മക്കളും ഭർത്താക്കന്മാരും ഉൾപ്പെടെ ബാക്കിയായവരെങ്കിലും സുരക്ഷിതരാവുമല്ലോ. ഞങ്ങളുടെ വേദനകൾക്ക് ആരും ചെവികൊടുക്കാത്തിരുന്നപ്പോഴും ഞങ്ങൾക്കുവേണ്ടി നിലകൊണ്ട ഖത്തറിനോട് ഏറെ നന്ദിയുണ്ട്. ഗസ്സയിലേതുൾപ്പെടെ അവശരായ മനുഷ്യർക്കൊപ്പം ഇനിയും നിൽക്കാനും സേവിക്കാനും ഖത്തറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു’ -ഗസ്സയിൽനിന്ന് ഒരു വർഷം മുമ്പ് ദോഹയിലെത്തിയ ഫലസ്തീനി വീട്ടമ്മ പറയുന്നു.
‘യുദ്ധം തുടങ്ങിയ ശേഷം പിതാവിനെ ഞാൻ കണ്ടിട്ടില്ല. ഞങ്ങളിൽ മാത്രം 380 രക്തസാക്ഷികളുണ്ട്, യുദ്ധത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ മകളാണ് ഞാൻ. ഈ മനുഷ്യക്കുരുതി അവസാനിപ്പിച്ച ഖത്തറിന് നന്ദിയുണ്ട്’ -കൗമാരക്കാരിയായ ഒരു ഫലസ്തീനി പെൺകുട്ടി പറയുന്നു.
‘ഖാൻ യൂനിസിലെ ആക്രമണത്തിൽ പരിക്കേറ്റതാണ് എനിക്ക്. കൈയും കണ്ണും മുഖവും തലയുമെല്ലാം മുറിവേറ്റു. ഖത്തറിലെത്തിച്ചാണ് എനിക്ക് ആവശ്യമായ ചികിത്സ നൽകിയത്. ഏറ്റവും മികച്ച ആശുപത്രിയും പരിചരണവും ഇവിടെ നൽകി. ഏറ്റവും സന്തോഷം നൽകുന്നതാണ് യുദ്ധവിരാമ വാർത്ത’ -ഉണങ്ങിയ മുറിവുകൾ ചൂണ്ടിക്കാട്ടി മറ്റൊരു കൗമാരക്കാരി പറയുന്നു.
പരിക്കുകൾ മാറി, വീൽചെയറുകളിലും ഊന്നുവടികളിലുമായി ജീവിതത്തിലേക്ക് തിരികെയെത്തുന്ന ദോഹയിലെ ഫലസ്തീനികൾ ദൂരങ്ങളിലിരുന്നും ഗസ്സയുടെ സന്തോഷത്തിന്റെ ഭാഗമാവുകയാണ്. തങ്ങളുടെ വേദനയൊപ്പിയ മണ്ണ്, തങ്ങളുടെ നാടിനെയും ചേർത്തുപിടിക്കുന്നതിന് അവർ ആയിരം തവണ പ്രാർഥനയോടെ നന്ദി ചൊല്ലുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

