വംശഹത്യയിലൂടെ ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് പുറത്താക്കാനാകില്ല -ഖത്തർ
text_fieldsദോഹ: ഗസ്സയിൽ തുടരുന്ന വംശഹത്യയിലൂടെ ഫലസ്തീൻ ജനതയെ അവരുടെ മണ്ണിൽനിന്ന് പുറത്താക്കാനോ അവരുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കാനോ കഴിയില്ലെന്ന് ഖത്തർ. വെസ്റ്റ് ബാങ്കിലെ കുറ്റകൃത്യങ്ങൾ, ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ജറുസലേമിലെ ജൂതവത്കരണവും കുടിയേറ്റ പദ്ധതികളും, മാനുഷിക സഹായം നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെ ഇസ്രായേൽ തുടരുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിലൂടെ ഫലസ്തീൻ ജനതയെ അവരുടെ മണ്ണിൽനിന്ന് പുറത്താക്കാൻ ഇസ്രായേലിനാകില്ലെന്ന് ആവർത്തിച്ചു.
ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളെയും ഖത്തർ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ലംഘിക്കുന്ന ഇസ്രായേൽ നയങ്ങളുടെ തുടർച്ചയാണിത്. ഇത് അന്താരാഷ്ട്ര നിയമങ്ങളോടും ഉടമ്പടികളോടുമുള്ള ലംഘനമാണെന്നും സമാധാനത്തിനുള്ള ശ്രമങ്ങളെയും, പ്രത്യേകിച്ച് ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിൽ ആക്രമണങ്ങൾ തുടരുന്നതും ആഗോളതലത്തിൽ വ്യാപിക്കുന്നത് തടയുന്നതിനും അധിനിവേശത്തിന്റെ പ്രകോപനപരമായ നയങ്ങൾക്കെതിരെയും അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം. അറബ് സമാധാന സംരംഭത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായി, ഫലസ്തീൻ വിഷയത്തിൽ നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്തുക മാത്രമാണ് മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള ഏക മാർഗം. 1967ലെ അതിർത്തികൾക്കനുസരിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീൻ ജനതക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത് സഹായകമാവുമെന്നും പ്രസ്താവനയിലൂടെ മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

