യുദ്ധമുറിവിൽ ആശ്വാസവുമായി ഒളിമ്പ്യന്മാരെത്തി
text_fieldsഅൽ തുമാമയിലെ ഫലസ്തീൻ കോമ്പൗണ്ടിലെത്തിയ ഫലസ്തീൻ ഒളിമ്പ്യന്മാർ കുട്ടികളുമായി സംസാരിക്കുന്നു
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കിടയിൽ നിന്നും ഖത്തറിന്റെ മണ്ണിൽ അഭയം തേടിയെത്തിയവർക്ക് പുത്തൻ ഊർജവും പ്രതീക്ഷയും പകർന്ന് ഫലസ്തീൻ കായികതാരങ്ങളുടെ സന്ദർശനം. യുദ്ധത്തിലേറ്റ മുറിവുകളുണക്കി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്ന ഫലസ്തീനികളെ കാണാനായിരുന്നു സമാനമായ അതിജീവനത്തിന്റെ ഒരുപാട് കഥകളുള്ള ഒളിമ്പ്യന്മാർ അൽ തുമാമയിലെ താമസസ്ഥലത്തേക്കെത്തിയത്.
ഖത്തറിന്റെ ജനറേഷൻ അമേസിങ്ങുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒളിമ്പ്യന്മാരായ വെയ്റ്റ് ലിഫ്റ്റർ മുഹമ്മദ് ഹമദ, നീന്തൽ താരങ്ങളായ വലേരി തറാസി, ഫറഹ ഫാരിസ്, വോളിബാൾ താരം അബ്ദുല്ല അല അതാർ എന്നിവരുടെ സന്ദർശനം ക്യാമ്പിനെയും ഉണർത്തി.
ഗസ്സയിലെ കുട്ടികൾക്കൊപ്പം കളിയിൽ
ഒന്നര വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ പരിക്ക് പറ്റിയവരും സ്വന്തക്കാരെ നഷ്ടമായി അനാഥരായവരുമായ ആയിരത്തിലേറെ പേരാണ് ഖത്തറിൽ കഴിയുന്നത്. അൽ തുമാമയിലെ റസിഡൻഷ്യൽ കോമ്പൗണ്ടിലാണ് ഇവരുടെ താമസം. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഫലസ്തീൻ ഒളിമ്പ്യന്മാർ കുട്ടികൾക്കൊപ്പം ഏറെ നേരം ചെലവഴിച്ചു.
കളിച്ചും, കളിയിൽ പരിശീലനം നൽകിയും, സംസാരിച്ചും കുരുന്നുകളുടെ ശരീരത്തിലെയും മനസ്സിലെയും മുറിവുകൾക്കുമേൽ അവർ സാന്ത്വനം പകർന്നു. സ്പോർട്സിന്റെ കരുത്തിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും പ്രചോദനം നൽകി ഉയർന്നുവരാൻ പിന്തുണക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് ജനറേഷൻ അമേസിങ് നേതൃത്വത്തിൽ കായികതാരങ്ങളെ ഇവിടെയെത്തിച്ചത്.
2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിന് ഇക്കഴിഞ്ഞ ജനുവരിയിൽ വെടിനിർത്തൽ സാധ്യമായെങ്കിലും വീണ്ടും ആക്രമണം ശക്തമാക്കിയതിനിടെയായിരുന്നു ഫലസ്തീനികളെ തേടി പ്രിയതാരങ്ങളുടെ വരവ്. മുക്കാൽ നൂറ്റാണ്ടോളം കാലമായി ഇസ്രായേൽ അധിനിവേശം തുടരുന്ന വേട്ടയുടെ വേദനകൾ അനുഭവിച്ച് പുതുജീവിതം കെട്ടിപ്പടുത്ത് ലോകത്തോളം ഉയർന്ന താരങ്ങൾ അവരുടെ കഥകളും കുട്ടികളുമായി പങ്കുവെച്ചു.
ഫലസ്തീനിന്റെ ആദ്യ ഒളിമ്പ്യൻ കൂടിയാണ് ഗസ്സയിൽനിന്നുള്ള മുഹമ്മ് ഹമദ. 2020 ടോക്യോ ഒളിമ്പിക്സിൽ 96 കിലോ വെയ്റ്റ്ലിഫ്റ്റിങ്ങിലായിരുന്നു പങ്കെടുത്തത്.
അമേരിക്കയിൽ സ്ഥിരതാമസക്കാരിയാണ് നീന്തൽതാരം വലേരി തരാസി. കഴിഞ്ഞ പാരിസ് ഒളിമ്പിക്സിലായിരുന്നു ഇവർ ദേശീയ ടീം ജഴ്സിയണിഞ്ഞ് മത്സരിച്ചത്. വോളിബാൾ താരമായ അബ്ദുല്ല അൽ അതാറും ഗസ്സയിൽ നിന്നുതന്നെയുള്ള താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

