പ്രവാസി കലാസംഗമമായി സംസ്കൃതി പ്രദർശനം
text_fieldsസംസ്കൃതി ഖത്തർ ആർട് എക്സിബിഷന്റെ ഉദ്ഘാടനം സി.വി. റപ്പായി നിർവഹിക്കുന്നു
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ എണ്ണമറ്റ പോർട്രെയ്റ്റുകൾ മുതൽ ഖത്തറിന്റെ മരുഭൂമിയിലെ കാഴ്ചകളും, പാരമ്പര്യം തുടിക്കുന്ന സൂഖ് വാഖിഫും മുതൽ കേരളത്തിന്റെ പച്ചപ്പും കായലുകളുമെല്ലാം ജീവൻതുടിപ്പുള്ള ദൃശ്യങ്ങളായ ചുമരിൽ നിറഞ്ഞ ഒരു ചിത്ര പ്രദർശനം. ഖത്തറിലെ 50ഓളം കലാകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തി സംസ്കൃതി നേതൃത്വത്തിൽ സംഘടിപ്പിച്ച ആർട്ട് എക്സിബിഷനായിരുന്നു കാലാകാരന്മാരുടെ അപൂർവമായൊരു സമ്മേളനത്തിന് വേദിയായത്. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പ്രദർശനത്തിൽ മലയാളികളും, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ 50ൽ ഏറെ കലാകാരന്മാരുടെ 150ഓളം പെയിന്റിങ്ങുകൾ പ്രദർശിപ്പിച്ചു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പോർട്രെയ്റ്റുകളിലൂടെ ശ്രദ്ധേയനായ രാമചന്ദ്രൻ ആർഷ അഞ്ച് അമീർ ചിത്രങ്ങളുമായാണ് പ്രദർശനത്തിനെത്തിയത്. ഒന്നര മീറ്ററിലേറെ വലുപ്പമുള്ള കാൻവാസിലെ രചനകൾ കാഴ്ചക്കാരുടെ പ്രശംസയും പിടിച്ചു പറ്റി.
സംസ്കൃതി ഖത്തർ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ നിന്ന്
വൈകീട്ട് നാലു മുതൽ രാത്രി 10 വരെ നീണ്ട പ്രദർശനത്തിൽ ആയിരത്തോളം കാഴ്ചക്കാരുമെത്തിയിരുന്നു. വൈകീട്ട് നടന്ന ചടങ്ങിൽ നോർക്ക ഡയറക്ടർ സി.വി. റപ്പായി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിനിമ- നാടക പ്രവർത്തകൻ അടാട്ട് ഗോപാലൻ വിശിഷ്ട അതിഥിയായിരിന്നു.
നോർത്ത് മേഖലാ വൈസ് പ്രസിഡന്റ് ജിതിൻ അധ്യക്ഷത വഹിച്ചു. സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, വൈസ് പ്രസിഡന്റ് സുനീതി സുനിൽ, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ.എം സുധീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നോർത്ത് മേഖല സെക്രട്ടറി അബ്ദുൾ ഹക്കിം സ്വാഗതവും, ആർട്ട് എക്സിബിഷൻ കൺവീനർ ബിജു സി.കെ നന്ദിയും പറഞ്ഞു.
രാമചന്ദ്രൻ ആർഷ തന്റെ ചിത്രത്തിനരികിൽ
ആർട്ട് എക്സിബിഷന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമുയർത്തി സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തിയ പോസ്റ്റർ രചന മത്സര വിജയികൾക്ക് കാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ ചടങ്ങിൽ കൈമാറി. ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളായ എ.പി. മണികണ്ഠൻ, ഇ.പി. അബ്ദുറഹ്മാൻ എബ്രഹാം മാത്യു, ദീപക് ഷെട്ടി, മിനി സിബി എന്നിവരും പ്രദർശനം കാണാനെത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

