സിദ്റ മെഡിസിനിൽ ചികിത്സ തേടിയത് 13 ലക്ഷത്തിലേറെപ്പേർ
text_fieldsസിദ്റ മെഡിസിൻ ആശുപത്രി
ദോഹ: 2018 ജനുവരിയിൽ സ്ഥാപിതമായി അഞ്ചു വർഷം പിന്നിടുമ്പോൾ ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്റ മെഡിസിൻ ആരോഗ്യ സേവനം ലഭിച്ചത് 13 ലക്ഷം രോഗികൾക്ക്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള അത്യാധുനിക ആരോഗ്യ സംരക്ഷണ കേന്ദ്രം, ഖത്തറിലെ ഏക പീഡിയാട്രിക് സ്പെഷാലിറ്റി ആശുപത്രി കൂടിയാണ്.
2018 ജനുവരി 14ന് പ്രവർത്തനം ആരംഭിച്ച് അഞ്ചു വർഷം പിന്നിടുമ്പോൾ ഏറെ അഭിമാനമുണ്ടെന്നും തങ്ങളെ വിശ്വസിച്ചതിന് നന്ദി അറിയിക്കുന്നതായും സിദ്റ മെഡിസിൻ ട്വീറ്റ് ചെയ്തു. 66 ക്ലിനിക്കുകളും സേവനങ്ങളും സ്വന്തമായുള്ള സിദ്റ മെഡിസിൻ തുറന്നത് മുതൽ 6700ലധികം കുഞ്ഞുങ്ങളാണ് ഇവിടെ ജനിച്ചത്. രോഗീപരിചരണത്തിൽ ഞങ്ങളുടെ ടീമുകളുടെ കഠിനാധ്വാനത്തിൽ അഭിമാനിക്കുന്നുവെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പ്രഫ. സിയാദ് എം. ഹിജാസി ‘ദ പെനിൻസുല’ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ആഗോള മെഡിക്കൽ ഭൂപടത്തിൽ ഉൾപ്പെടുന്നതിൽ നിരവധി നാഴികക്കല്ലുകൾ തങ്ങൾ പിന്നിട്ടുണ്ടെന്നും പീഡിയാട്രിക് സബ് സ്പെഷാലിറ്റി കെയർ, ഗവേഷണം, കോവിഡ് ഗവേഷണം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണെന്നും പ്രഫ. ഹിജാസി പറഞ്ഞു. സിദ്റ മെഡിസിനിൽ ഓരോ വർഷവും സേവനങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ സങ്കീർണമായ പീഡിയാട്രിക് സർജറികൾ, ന്യൂറോളജി, കാർഡിയോളജി എന്നിവയിലെ സ്പെഷലിസ്റ്റ് പീഡിയാട്രിക് സേവനങ്ങൾ, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങളിലെ ഡെലിവറി തുടങ്ങിയ സേവനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രി അതിന്റെ ഗവേഷണ, മെഡിക്കൽ വിദ്യാഭ്യാസ മേഖലയും കൂടുതൽ വിപുലീകരിച്ചു.
10 രോഗികളെയാണ് ആദ്യദിനം കിടത്തി ചികിത്സിക്കാനായി പ്രവേശനം നൽകിയത്. അഞ്ചു വർഷത്തിനുള്ളിൽ തമീം, ഹമദ് എന്നീ ഇരട്ടകളെ വേർപെടുത്തുന്നതടക്കമുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. നൂറുകണക്കിന് കുട്ടികളുടെ ജീവനാണ് വിദഗ്ധ പരിചരണത്തിലൂടെ രക്ഷപ്പെടുത്തിയത്’ -പ്രഫ. ഹിജാസി വിശദീകരിച്ചു. ഗൈനക്കോളജി, ആർത്തവ വിരാമം, സൗന്ദര്യ ശസ്ത്രക്രിയയും മരുന്നും, ഇന്റേണൽ-അക്യൂട്ട് കെയർ മെഡിസിൻ, മാതാക്കൾക്കുള്ള മുലയൂട്ടൽ പിന്തുണ, മാനസികാരോഗ്യം തുടങ്ങി സിദ്റ മെഡിസിൻ അതിന്റെ വനിത സേവനങ്ങൾ ഏറെ വിപുലീകരിച്ചിട്ടുണ്ട്.
ഹൃദ്രോഗികളായ പുരുഷന്മാരുൾപ്പെടെ മുതിർന്നവർക്കും സിദ്റ ചികിത്സ വാഗ്ദാനം ചെയ്യുന്നുണ്ട്. സിദ്റ മെഡിസിൻ പ്രവർത്തനമാരംഭിച്ചശേഷം മുമ്പ് വിദേശത്ത് ചികിത്സ തേടിയ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇപ്പോൾ സിദ്റ മെഡിസിനിൽ ലോകോത്തര ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് പ്രഫ. ഹിജാസി ചൂണ്ടിക്കാട്ടി. റഫറലുകൾ ആവശ്യമില്ലാത്തതും ഇൻഷുറൻസും സെൽഫ് പേയും സ്വീകരിക്കുന്നതുമായ സ്വകാര്യ പീഡിയാട്രിക് സായാഹ്ന ക്ലിനിക്കുകൾ കഴിഞ്ഞ വർഷം സിദ്റ മെഡിസിൻ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

