ദോഹ: ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പൂർണാടിസ്ഥാനത്തിലുള്ള മോക് ഡ്രിൽ (എമർജൻസി എക്സർസൈസ്) നടത്തി. ഖത്തർ കമ്പനി ഫോർ എയർപോർട്സ് ഓപറേഷൻ ആൻഡ് മാനേജ്മെൻറ് -മതാർ ആണ് അടിയന്തര പരിശീലനത്തിന് നേതൃത്വം നൽകിയത്.
ഖത്തർ എയർവേസ് ഗ്രൂപ്പ്, അമീരി ൈഫ്ലറ്റ്, ഖത്തർ എക്സിക്യൂട്ടിവ്, ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി, ഖത്തർ ഏവിയേഷൻ സർവിസ്, എയർപോർട്ട് കസ്റ്റംസ്, ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഗതാഗത വാർത്താവിനിമയ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ ആംബുലൻസ് സർവിസ്, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി തുടങ്ങിയ ദേശീയ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശീലനം. എയർക്രാഫ്റ്റ് ഗ്രൗണ്ട് അടിയന്തര പരിശീലനവും അടിയന്തര ഘട്ടങ്ങളിൽ എയർപോർട്ടിലെ വിവിധ വകുപ്പുകളും സുരക്ഷാ വിഭാഗങ്ങളും മറ്റു ഏജൻസികളും എങ്ങനെ പ്രതികരിക്കുന്നുവെന്ന് പരിശീലനത്തിലൂടെ വിലയിരുത്തി.രാവിലെ 10 മുതൽ രാത്രി 12 വരെ നടന്ന പരിശീലന പ്രവർത്തനങ്ങൾ വിമാനത്താവളത്തിെൻറ സാധാരണഗതിയിലുള്ള പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് നടന്നത്.