ഒസാക്ക എക്സ്പോക്ക് സമാപനം; ജനശ്രദ്ധയേറി ഖത്തർ പവിലിയൻ
text_fieldsദോഹ: ജപ്പാനിൽ ആറു മാസമായി നടന്ന ഒസാക്ക എക്സ്പോക്ക് സമാപനം. എക്സ്പോയിൽ ഏറെ ശ്രദ്ധേയമായ ഖത്തർ പവിലിയൻ 184 ദിവസത്തിനിടെ സന്ദർശിച്ചത് 20 ലക്ഷത്തിലധികം പേരാണ്.
സാംസ്കാരിക കൈമാറ്റത്തിന്റെയും സംവാദത്തിന്റെയും വേദിയായ ആഗോള പരിപാടിയിൽ ഖത്തറിന്റെ പൈതൃകവും കാഴ്ചപ്പാടും പങ്കുവെക്കുന്നതിനുള്ള വേദിയായി മാറി.
ആഗോള വേദിയിൽ രാജ്യത്തിന്റെ സാംസ്കാരികവും സാമ്പത്തികപരവുമായ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള അവസരവുമായി.
ഖത്തറിന്റെ ആധുനിക, വിജ്ഞാനാധിഷ്ഠിത സമൂഹമായി മുന്നേറിയതിന്റെ മാറ്റം പവിലിയൻ പ്രദർശിപ്പിച്ചു. ആകർഷകമായ അർക്കിടെക്ട് ഡിസൈൻ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ മികച്ച അനുഭവമാണ് പവിലിയനിലൂടെ സന്ദർശകർക്ക് ഒരുക്കിയത്.
ഒസാക്ക എക്സ്പോയിലെ ഖത്തർ പവിലിയൻ സാംസ്കാരികവും നയതന്ത്രപരവുമായ കൈമാറ്റത്തിനുള്ള വേദിയായിരുന്നെന്ന് ജപ്പാനിലെ ഖത്തർ അംബാസഡറും പവിലിയൻ കമീഷണർ ജനറലുമായ ജാബിർ ബിൻ ജാറുല്ല അൽ മർറി പറഞ്ഞു.
ഇതിലൂടെ ഞങ്ങളുടെ മൂല്യങ്ങളും ദേശീയ സ്വത്വവും ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ സാധിച്ചു. അതേസമയം, ജപ്പാനുമായും അന്താരാഷ്ട്ര സമൂഹവുമായും സൗഹൃദബന്ധം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ പവിലിയൻ ദേശീയ അഭിമാനത്തെയും സാംസ്കാരിക പൈതൃകത്തെയും ഭാവി കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് സംഘാടക സമിതിയുടെ ദേശീയ ചെയർമാനായ ശൈഖ് അലി ബിൻ അൽവലീദ് ആൽഥാനി പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ആഗോള വേദിയിലെ ഞങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

