എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാമിൽനിന്ന്
ദോഹ: പുതിയ അധ്യയന വർഷത്തേക്ക് അധ്യാപകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപക ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കദറിന്റെ പ്രഭാഷണത്തോടെ ഓറിയന്റേഷൻ പരിപാടികൾക്ക് തുടക്കമായി. മികച്ച പഠനാനുഭവം ഉറപ്പാക്കുന്നതിനായി അധ്യാപകർ വിദ്യാർഥി കേന്ദ്രീകൃത പഠനരീതി പിന്തുടരണമെന്ന് അവർ പറഞ്ഞു. തുടർന്ന്, സെക്ഷൻ മേധാവികളുടെയും വകുപ്പ് മേധാവികളുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുതല മീറ്റിങ്ങുകൾ നടന്നു. പുതിയ അധ്യയന വർഷത്തിന്റെ വിജയത്തിനായി സ്വീകരിക്കേണ്ട പ്രധാന ആശയങ്ങൾ ചർച്ച ചെയ്തു. ‘വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന വിഷയത്തിൽ ഡോ. അനികേത് ശ്രീവാസ്തവ സെഷൻ നയിച്ചു. അധ്യാപനത്തിലും പഠനത്തിലും എ.ഐക്ക് വരുത്താൻ കഴിയുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എം.ഇ.എസ്, എം.ഇ.എസ്.ഐ.എസ് എന്നിവിടങ്ങളിലെ അധ്യാപകരും പ്രിൻസിപ്പൽമാരും ഈ സെഷനിൽ പങ്കെടുത്തു.
‘സ്ട്രെസ് മാനേജ്മെന്റ് ആൻഡ് ടീച്ചർ വെൽ ബീയിങ്’ എന്ന വിഷയത്തിൽ ഗൈഡൻസ് ആൻഡ് കൗൺസലിങ് വിഭാഗം സെഷൻ നടത്തി. ‘ക്രിയേറ്റിവ് ലെസൺ പ്ലാനിങ്’: പ്രോജക്ട് ബേസ്ഡ് ലേണിങ്, ആർട്ട് ഇന്റഗ്രേഷൻ അപ്രോച്ച്’ എന്നിവയിലൂടെ വിദ്യാർഥികളെ പഠനത്തിൽ എങ്ങനെ വ്യാപൃതരാക്കാം എന്നതിനെക്കുറിച്ച് ഫിസിക്സ് വിഭാഗത്തിലെ കൃഷ്ണ രാജീവ് ക്ലാസെടുത്തു. ജൂനിയർ തലത്തിലുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം വളർത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഇംഗ്ലീഷ് വിഭാഗത്തിലെ ഡി. നീതു, കനിമൊഴി എന്നിവർ ക്ലാസെടുത്തു. അക്കാദമിക് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ബേബി ഷാന അധ്യാപകർക്കിടയിൽ സഹകരണവും സന്തോഷവും വളർത്തുന്നതിനെക്കുറിച്ച് സംസാരിച്ചു.കൂടാതെ, ഹിന്ദി വിഭാഗത്തിലെ കോഓഡിനേറ്റർ എസ്. രാജേന്ദ്രൻ, ഇംഗ്ലീഷ് വിഭാഗത്തിലെ ജെൻസി ജോർജ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ജൂനിയർ വിഭാഗത്തിലെ അധ്യാപകരായ എൻ. ഫർഹാന, എച്ച്. താരിഖ് എന്നിവർ ‘ഖത്തറിന്റെ സാംസ്കാരിക പൈതൃക സംരക്ഷണവും പ്രോത്സാഹനവും -ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാവി ദർശനം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
സാംഷാബി ജരീഷ്, അഫ്രീന മൈമൂനത്ത് എന്നിവർ സ്റ്റെം പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വകുപ്പുതലത്തിൽ നടന്ന പ്രത്യേക മീറ്റിങ്ങുകളോടെയാണ് ഓറിയന്റേഷൻ പ്രോഗ്രാം സമാപിച്ചത്. അധ്യാപന-പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തന്ത്രങ്ങളും പ്രായോഗിക രീതികളും ആധുനിക സമീപനങ്ങളും അധ്യാപകർക്ക് നൽകുന്നതിനാണ് ഈ ഓറിയന്റേഷൻ പ്രോഗ്രാം രൂപകൽപന ചെയ്തതെന്ന് പ്രിൻസിപ്പൽ ഡോ. ഹമീദ കദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

