‘സുസ്ഥിര വികസനത്തിൽ യുവജനങ്ങളുടെ പങ്ക്’; ആശയസമ്പന്നം യൂത്ത് ഫോറം സെമിനാർ
text_fieldsയൂത്ത് ഫോറം സംഘടിപ്പിച്ച സെമിനാറിൽ ഡോ. മുഹമ്മദ് അൽഹാജ് , റൗദ അൽ നുഐമി എന്നിവർ പങ്കെടുക്കുന്നു
ദോഹ: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച സെമിനാർ പ്രമേയം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഖത്തർ ചാരിറ്റിക്ക് കീഴിലുള്ള ഇസ്ദിഹാർ ഇനീഷ്യറ്റിവുമായി സഹകരിച്ചാണ് ‘ഇൻസ്പയറിങ് യൂത്ത് ഫോർ എ സസ്റ്റയ്നബ്ൾ വേൾഡ്’ എന്ന തലക്കെട്ടിൽ യൂത്ത് ഫോറം സെമിനാർ ഒരുക്കിയത്. ലുസൈലിലെ ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുത്തു.
‘പ്രൊമോട്ടിങ് ഗ്രീൻ സ്കിൽസ്’ എന്ന വിഷയത്തിൽ ഖത്തർ വികസന ഫണ്ടിലെ സ്ട്രാറ്റജറ്റിക് പാർട്ട്ണർഷിപ് വകുപ്പ് മാനേജർ റൗദ അൽ നുഐമി സംവദിച്ചു. സുസ്ഥിര വികസനം ലക്ഷ്യം വെച്ച് ഖത്തർ വികസന ഫണ്ട് മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതികളുടെ മാതൃകകൾ സദസ്സുമായി പങ്കുവെച്ചു.
യൂത്ത് ഫോറം സെമിനാറിന്റെ സദസ്സ്
‘ഗ്രീൻ എക്കോണമി : സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ ടെറ എനർജി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അൽഹാജ് (സുഡാൻ) വിഷയയ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പരീക്ഷിക്കപ്പെട്ട സ്റ്റാർട്ടപ്പുകളും സംരംഭങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. ചോദ്യോത്തര സെഷനിൽ റൗദ നുഐമിയും ഡോ. മുഹമ്മദ് അൽഹാജും സദസ്സുമായി സംവദിച്ചു.
യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്‌ലം അബ്ദുറഹീം ആമുഖ ഭാഷണം നടത്തി. സുസ്ഥിര ലോകത്തിന് യുവാക്കളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് നടത്തുന്ന കാമ്പയിനിന്‍റെ ഭാഗമാണ് സെമിനാറെന്ന് അദ്ദേഹം അറിയിച്ചു.
രണ്ട് മാസം നീണ്ട് നില്‍ക്കുന്ന കാമ്പയിനിൽ കൂടുതല്‍ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ഫോറം കേന്ദ്ര നിർവാഹക സമിതിയംഗം അഹമദ് അൻവർ സ്വാഗതം പറഞ്ഞു. ഇസ്ദിഹാര്‍ ഇനിഷ്യേറ്റീവ് കോഡിനേറ്റര്‍ അഹ്മദ് മുതഹര്‍ അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഷഫീഖ് അലി മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

