ഇഫ്താർ വിതരണത്തിൽ സഹകരിച്ച സംഘടനകളെ ആദരിച്ചു
text_fieldsസി.ഐ.സി റയ്യാൻ ഇഫ്താർ വിതരണത്തിൽ സഹകരിച്ച സംഘടനകളെയും കൂട്ടായ്മകളെയും ആദരിച്ച ചടങ്ങിൽ ഉപഹാരം നൽകുന്നു
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ വിവിധ കൂട്ടായ്മയുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കഴിഞ്ഞ റമദാനിൽ സംഘടിപ്പിച്ച ഇഫ്താർ കിറ്റ് വിതരണത്തിന് പിന്തുണ നൽകിയവരെയും സി.ഐ.സി വളന്റിയർമാരെയും ആദരിച്ചു.
റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സി.ഐ.സി കേന്ദ്ര ജനസേവന വിഭാഗം അധ്യക്ഷൻ പി.പി. റഹീം ഉദ്ഘാടനം ചെയ്തു. സംഘടന സെക്രട്ടറി അബ്ദുൽ ജലീൽ സ്വാഗതവും സോണൽ ജനസേവന അധ്യക്ഷൻ സിദ്ദിഖ് വേങ്ങര നന്ദിയും പ്രകാശിപ്പിച്ചു.
ഖത്തറിലെ അബൂ നഖല, കരാന, ഉമ്മു ഗുരാൻ, ജെറിയാൻ, ഇൻഡസ്ട്രിയൽ ഏരിയ, ഷഹാനിയ, മുർറ തുടങ്ങിയ 15 ഓളം സ്ഥലങ്ങളിലും മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ഇടയന്മാർക്കും ജയിലഴികളിൽ കഴിയുന്ന ഭർത്താക്കന്മാരുടെ കുടുംബത്തിനും തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ആളുകൾക്കുമാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്. വഹബ് ഫൗണ്ടേഷൻ, തെലങ്കാന വെൽഫെയർ അസോസിയേഷൻ, ഐ.ടി.പി.എൻ, അൻസാർ അലുമ്നി, ഖത്തർ മലയാളീസ്, മല്ലു വളന്റിയേഴ്സ്, വിവിധ എം.ഇ.എസ് കോളജ് അലുമ്നികൾ, മഹല്ല് കമ്മിറ്റികൾ, വ്യക്തികൾ, വനിതാ കൂട്ടായ്മകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.
30,000 പരം ഭക്ഷണ കിറ്റുകളും 300 ഓളം മറ്റു ഭക്ഷ്യ സാധനങ്ങളും വിതരണം ചെയ്തു. ഇതോടൊപ്പം 150 പേർക്ക് പെരുന്നാൾ പുതു വസ്ത്രങ്ങളും പെരുന്നാൾ ഭക്ഷണവും വിതരണം ചെയ്തു. ചടങ്ങിൽ സി.ഐ.സി. റയ്യാൻ സോണൽ ഭാരവാഹികളായ റഫീഖ് തങ്ങൾ, ഹുസൈൻ കടന്നമണ്ണ, കാവിൽ അബ്ദുൽ റഹിമാൻ, താഹിർ ടി.കെ, മുഹ്സിൻ, ബാസിത്ത് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

