പ്രവാസ മണ്ണിൽ പൊന്നുവിളയിച്ച് 'ക്യുഗെറ്റ്'; വിളവെടുത്തത് 454 കിലോ ജൈവപച്ചക്കറി
text_fieldsക്യുഗെറ്റ് ഖത്തർ കമ്യൂണിറ്റി ഫാമിങ് കൂട്ടായ്മ
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മണ്ണറിഞ്ഞ് അധ്വാനിച്ചാൽ, ഗൾഫ് മണ്ണിലും പൊന്നുവിളയിക്കാമെന്ന് തെളിയിക്കുകയാണ് തൃശൂർ ഗവൺമെൻ്റ് എൻജിനിയറിങ് കോളജിന്റെ ഖത്തറിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്നയായ 'ക്യുഗെറ്റ് ഖത്തർ'. സംഘടനയുടെ 'ഗ്രോ യുവർ ഗ്രീൻ ഫുഡ്' മൂന്നാം സീസണിന്റെ ഭാഗമായി നടത്തിയ കമ്മ്യൂണിറ്റി ഫാമിങ് ജൈവകൃഷിയിലൂടെ 454 കിലോ പച്ചക്കറിയാണ് ഇത്തവണ വിളവെടുത്തത്.
അബൂഹമൂറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കോമ്പൗണ്ടിൽ നാല് സെന്റിലധികം സ്ഥലം പ്രത്യേകമായി ഒരുക്കിയായിരുന്നു ഈ ഹരിത മുന്നേറ്റം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വർഷത്തെ കാമ്പയിൻ തുടങ്ങിയത്. ഉമ്മുസലാലിലെ അൽ സുലൈത്തി, അൽ അറബ് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച തൈകളും വിത്തുകളും നട്ടുകൊണ്ട് ആരംഭിച്ച കൃഷി, കൃത്യമായ പരിചരണത്തിലൂടെ വൻ വിജയമായി മാറുകയായിരുന്നു. വാരാന്ത്യ അവധിദിനമായ എല്ലാ വെള്ളിയാഴ്ചകളിലും ക്യുഗെറ്റ് അംഗങ്ങളും കുടുംബങ്ങളും കൃഷിയിടത്തിൽ ഒത്തുചേർന്നു. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും 91 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.
മുതിർന്നവർക്കൊപ്പം മണ്ണിലിറങ്ങി കൃഷി ചെയ്യാൻ കുട്ടികളും ആവേശത്തോടെ മുന്നോട്ടുവന്നത് ശ്രദ്ധേയമായി. ക്യുഗെറ്റ് അംഗങ്ങളായ ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഫാമിലി ഫുഡ് സെന്റർ അൻവർ തുടങ്ങിയ ബിസിനസുകാരും തിരക്കുകൾക്കിടയിലും സജീവ സാന്നിധ്യമായി അണിനിരന്നു. ഖത്തറിന്റെ പരിസ്ഥിതി ദിനമായ ഫെബ്രുവരി 26നായിരുന്നു ഈ സീസണിലെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്.
തുടർന്ന് ഘട്ടംഘട്ടമായി നടന്ന വിളവെടുപ്പ് മേയ് പകുതിയോടെ പൂർത്തിയായി. വിളവെടുക്കുന്ന വിഷമില്ലാത്ത പച്ചക്കറികൾ അംഗങ്ങൾക്കിടയിൽ തന്നെ വിതരണം ചെയ്യുകയാണ് പതിവ്. കഴിഞ്ഞ സീസണിലെ 300 കിലോ എന്ന റെക്കോർഡ് തിരുത്തിയാണ് ഇത്തവണ 454 കിലോയിലേക്ക് ക്യുഗെറ്റ് എത്തിയത്. അംഗങ്ങൾക്കിടയിൽ ഓർഗാനിക് ഫാർമിങ് വളർത്തുക എന്ന സന്ദേശവുമായി ഒത്തുചേർന്ന പ്രവാസി കുടുംബങ്ങളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തമാണ് ഈ സീസണെ ശ്രദ്ധേയമാക്കിയത്. 142 കിലോ തക്കാളി. 102 കിലോ അമര, 46 കിലോ വഴുതനങ്ങ എന്നിങ്ങനെയാണ് വിളവെടുത്തത്. കൂടാതെ വിവിധയിനം ചീരകൾ (37 കിലോ), പീച്ചിങ്ങ (32 കിലോ), ചുരങ്ങ (25 കിലോ), പടവലം (22 കിലോ), പയർ (13 കിലോ), കുമ്പളങ്ങ (11 കിലോ), പച്ചമുളക് (9 കിലോ) എന്നിങ്ങനെ പ്രധാന പച്ചക്കറികളെല്ലാം കൂട്ടായ്മയിലൂടെ ക്യുഗെറ്റ് അംഗങ്ങൾ വിജയകരമായി വിളയിച്ചെടുത്തു. ഇവയ്ക്ക് പുറമെ, ഈ വർഷം ആദ്യമായി കപ്പ കൃഷിയും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്നു.
കാര്യമായ വിളവ് ലഭിച്ചില്ലെങ്കിലും ഈ പരീക്ഷണം വൻ വിജയമായിരുന്നുവെന്ന് ക്യുഗെറ്റ് അംഗമായ ഡയസ് തോട്ടൻ പറഞ്ഞു. ഈ സീസണിലെ കമ്മ്യൂണിറ്റി ഫാമിന് സലിം, റോബിൻ, ജുവാൻ, ജോൺസൺ, പ്രിയ, ലോബിൻ, അപർണ, അഖിൽ, ഇല്ല്യാസ്, ഷാഫി, സിബിൽ, നന്ദനൻ, പ്രീത, അഞ്ജലി, ക്ഷേമ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്താനും പ്രവാസ ലോകത്ത് വിഷമില്ലാത്ത പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചു. അടുത്ത സീസണിലും ജൈവകൃഷി കൂടുതൽ വിപുലമായി തുടരും. കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനും കൂടുതൽ അംഗങ്ങളെ ഇതിന്റെ ഭാഗമാക്കാനുമാണ് കൂട്ടായ്മയുടെ തീരുമാനം -അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു വർഷമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് ക്യുഗെറ്റ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിവരുന്നുണ്ട്. പ്രവാസ തിരക്കുകൾക്കിടയിലും ജൈവകൃഷി സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും അംഗങ്ങൾക്കിടയിൽ ഒരുമ വളർത്തുകയും ചെയ്യുന്ന ക്യുഗെറ്റിന്റെ ഹരിത മുന്നേറ്റം പ്രവാസി മലയാളികൾക്ക് വലിയൊരു പ്രചോദനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

