അവയവമാറ്റ ശസ്ത്രക്രിയ : പുതിയ നേട്ടത്തിലേക്ക് ഖത്തർ
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) നടത്തുന്ന അവയവ മാറ്റിവെക്കൽ പദ്ധതിക്ക് വൻ വിജയം. രാജ്യത്ത് വർഷങ്ങളായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാപദ്ധതി വിജയകരമായി നടക്കുന്നുണ്ട്.
ഇത്തരത്തിലുള്ള നിരവധി ശസ്ത്രക്രിയകൾ നടത്തുകയും ഏറെ പേരുടെ വൃക്ക വിജയകരമായി മാറ്റിെവക്കുകയും ചെയ്തിട്ടുണ്ട്. ഇതിെൻറ ബലത്തിലും മുൻകാല വിജയം നൽകുന്ന ആത്മവിശ്വാസത്തിലുമാണ് രാജ്യത്ത് ഉടൻ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയും പാൻക്രിയാസ് (ആഗ്നേയഗ്രന്ഥി) മാറ്റിെവക്കൽ ശസ്ത്രക്രിയയും നടക്കുകയെന്ന് അധികൃതർ അറിയിച്ചു.
ആഴ്ചകൾക്കുള്ളിൽ ഖത്തറിലെ ആദ്യ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുമെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും അവയവം മാറ്റിവെക്കൽ കേന്ദ്രത്തിെൻറ ഡയറക്ടറുമായ ഡോ. യൂസഫ് അൽ മസ്ലമാനി പറഞ്ഞു.
ഈ ശസ്ത്രക്രിയക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ നടത്താനാകുമെന്നാണ് പ്രതീക്ഷ. അൽജസീറയുടെ 'ഡോക്ടറോടൊപ്പം' വിഷയത്തിൽ നടന്ന മുബാഷർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയം മാറ്റിെവക്കൽ ശസ്ത്രക്രിയക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ നിലവിൽ രാജ്യത്തില്ല. എന്നാൽ ഇവ ഒരുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കി രാജ്യത്ത് അടുത്ത വർഷത്തോടെ തന്നെ ഹൃദയമാറ്റശസ്ത്രക്രിയ നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
പാൻക്രിയാസ് മാറ്റിെവക്കൽ ശസ്ത്രക്രിയയും ഖത്തറിൽ ഉടൻ നടക്കും. ഇതിനായി കാത്തിരിക്കുന്ന ആളുകളുെട പട്ടിക പരിശോധിച്ചുവരികയാണ്. പാൻക്രിയാസ് ആവശ്യമുള്ള രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉടൻ ഈ ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് വൃക്ക, കരൾ മാറ്റ ശസ്ത്രക്രിയകളാണ് നടക്കുന്നത്.
ഹൃദയവും ശ്വാസകോശവും മാറ്റിെവക്കൽ ശസ്ത്രക്രിയ ഏെറ സങ്കീർണമാണ്. രോഗം ബാധിച്ച ഇൗ അവയവങ്ങൾ ദാതാവിൽനിന്ന് മറ്റൊരാളുടെ ശരീരത്തിൽ വെച്ചുപിടിപ്പിക്കുക എന്നത് ഏറെ ശ്രമകരവും അതിസങ്കീർണവുമായ പ്രക്രിയയാണ്.
ഹൃദയവും ശ്വാസകോശവും പൂർണമായി പ്രവർത്തനം നിലച്ച മറ്റ് ചികിത്സകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയിലാണ് ഒരാൾക്ക് ഈ ശസ്ത്രക്രിയകൾ നിർദേശിക്കപ്പെടുന്നത്. പ്രമേഹത്താൽ പ്രയാസപ്പെടുന്നയാളിൽ ശസ്ത്രക്രിയയിലൂടെ ആരോഗ്യമുള്ള പാൻക്രിയാസ് മാറ്റിെവക്കുന്നതാണ് പാൻക്രിയാസ് മാറ്റിെവക്കൽ ശസ്ത്രക്രിയ.
2019ൽ ഖത്തറിൽ 31 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഒമ്പത് കരൾ മാറ്റ ശസ്ത്രക്രിയകളുമാണ് നടത്തിയത്. രാജ്യത്തെ ജനസംഖ്യയും സാമൂഹിക സാംസ്കാരിക ഘടകങ്ങളും പരിഗണിക്കുേമ്പാൾ ഇത് ഏറെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യം വന്നതിനാൽ 2020 മാർച്ച് മുതൽ സെപ്റ്റംബർ വരെ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയിരുന്നില്ല. എന്നാൽ 2020 നവംബറിലും ഡിസംബറിലുമായി നാലു ശസ്ത്രക്രിയകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശം മാറ്റിവെക്കൽ നാഴികക്കല്ലാകും
ഖത്തറിലെ പ്രഥമ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നതോടെ അത് ഈ രംഗത്തെ നാഴികക്കല്ലാകും. എച്ച്.എം.സി ഓർഗൻ ട്രാൻസ്പ്ലാൻറ് േപ്രാഗ്രാമാണ് രാജ്യത്ത് അവയവ മാറ്റ സംബന്ധമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
തകാറിലായ ശ്വാസകോശത്തിന് പകരം ദാതാവിൽനിന്ന് ശ്വാസകോശം സ്വീകരിച്ച് മാറ്റിവെക്കുകയെന്നത് സങ്കീർണമായ ശസ്ത്രക്രിയകളിലൊന്നായാണ് ആരോഗ്യമേഖല കണക്കാക്കുന്നത്.
ശ്വാസകോശം ദാനം ചെയ്യുന്ന വ്യക്തിയിൽനിന്ന് അത് എടുക്കുന്നതിന് പ്രത്യേക മെഡിക്കൽ സംഘവും അവയവം ആവശ്യമായ വ്യക്തിയിൽ നിക്ഷേപിക്കുന്നതിന് പ്രത്യേക വിദഗ്ധ സംഘവും ഉണ്ടായിരിക്കും. ഏറ്റവും സങ്കീർണമായതിനാൽ തന്നെ സൂക്ഷ്മമായ പങ്കാളിത്തം ഇവർക്കിടയിൽ ആവശ്യമാണ്.
ലബോറട്ടറിയും ശസ്ത്രക്രിയയിൽ വലിയ പങ്കാണ് വഹിക്കുന്നത്. ദാതാവും സ്വീകർത്താവും നിരവധി പരിശോധനകൾക്ക് വിധേയമാകുന്നതിനാൽ ലബോറട്ടറിയുടെ പങ്ക് നിർണായകമാണ്. എല്ല വിഭാഗവും തമ്മിലുള്ള ഉറച്ച സഹകരണവും ആശയവിനിമയവും ഉറപ്പുവരുത്തുന്നതിലൂടെ മാത്രമാണ് ശസ്ത്രക്രിയയുടെ വിജയം സാധ്യമാകുകയുള്ളൂ.
മേഖലയിലെ ഏറ്റവും മികച്ച അവയവ മാറ്റിവെക്കൽ സംവിധാനങ്ങളാണ് ഖത്തറിലുള്ളത്. ഖത്തറിെൻറ ആരോഗ്യ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ പദ്ധതി പുതിയ നാഴികക്കല്ലാണ് സൃഷ്ടിക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഖത്തറിൽ സജ്ജീകരിച്ചിരിക്കുന്നത്. ശ്വാസകോശം മാറ്റിവെക്കൽ യാഥാർഥ്യമാകുന്നതോടെ രോഗികൾക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. 2019ലാണ് ഹൃദയ, ശ്വാസകോശം മാറ്റിവെക്കൽ കർമസംഘത്തെ ഖത്തർ നിയമിച്ചത്.
അവയവദാനത്തിൽ എന്നും മാതൃകയാണ് ഖത്തർ. കഴിഞ്ഞ ആറ് വർഷംകൊണ്ട് ഖത്തർ അവയവദാന രജിസ്ട്രിയിൽ പേര് നൽകിയവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. അവയവദാനത്തിലൂടെ കഴിഞ്ഞ വർഷം നിരവധി പേരുടെ ജീവനാണ് രക്ഷപ്പെടുത്താനായത്. അവയവദാനം വളരെ പ്രധാനപ്പെട്ടതാണെന്നും വിലപ്പെട്ട ജീവനുകളാണ് രക്ഷപ്പെടുത്താൻ സാധിക്കുന്നതെന്നും മന്ത്രി ഡോ. ഹനാൻ അൽ കുവാരി പറയുന്നു.
രാജ്യത്തെ വൻകിട സൗകര്യങ്ങളുടെ ഫലമായി അവയവദാനം, അവയവം മാറ്റിവെക്കൽ എന്നിവക്കായി വിദേശത്ത് പോകുന്നവരുടെ എണ്ണം 85 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷനും പറയുന്നു.
എച്ച്.എം.സിക്ക് 30 വർഷത്തിൽ അധികമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാരംഗത്ത് പരിചയമുണ്ട്. സിദ്റയുമായും എച്ച് .എം.സി ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. ഇരുസ്ഥാപനങ്ങളും ഏറ ക്കാലമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
കിഡ്നി ട്രാൻസ്പ്ലാൻറ് ബയോപ്സീസ്, ഡയഗ്നോസ്റ്റിക് റേഡിയോളജി, പാത്തോളജി, യൂറിനറി ട്രാക്റ്റ് റീ കൺസ്ട്രക്ഷൻ, നെഫ്റക്ടമീസ് തുടങ്ങിയ വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സിദ്റ മെഡിസിനിൽ ലഭ്യമാണ്. ജീവിച്ചിരിക്കുന്നവരിൽനിന്നും അല്ലാത്തവരിൽനിന്നും അവയവം വേർപ്പെടുത്താനും രോഗിയിൽ വെച്ചുപിടിപ്പിക്കാനുമുള്ള സൗകര്യവുമുണ്ട്. എച്ച്.എം.സിയുടെ അവയവദാന കേന്ദ്രവുമായി (ഹിബ) സിദ്റ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.