ഓർച്ചാഡും ക്രൂസ് ടെർമിനലും അതിശയിപ്പിക്കുന്ന യാത്രാ വഴികൾ
text_fieldsഓൾഡ് ദോഹ തുറമുഖത്തെ ക്രൂസ് ടെർമിനൽ
ദോഹ: ഖത്തറിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്ന ഹമദ് വിമാനത്താവളത്തിലെ ‘ഓർച്ചാഡ്’ ലോഞ്ചും ദോഹ പോർട്ടിലെ ഗ്രാൻഡ് ക്രൂസ് ടെർമിനലും ലോകത്തെ ഏറ്റവും മികച്ച ‘ട്രാവൽ ന്യൂ വെയ്സ്’ പട്ടികയിൽ ഇടം നേടി. പ്രശസ്തമായ ട്രാവൽ മാഗസിൻ കോെൻഡ നാസ്റ്റ് ട്രാവലർ അന്താരാഷ്ട്ര തലത്തിൽ തിരഞ്ഞെടുത്ത ‘ദി ബെസ്റ്റ് ന്യൂ വെയസ് ടു ട്രാവൽ ദിസ് ഇയർ’ എന്ന പട്ടികയിലാണ് നിർമാണംകൊണ്ട് അതിശയിപ്പിക്കുന്ന ഖത്തറിന്റെ രണ്ട് യാത്രാ ഇടനാഴികളും ഇടംപിടിച്ചത്. ലോകകപ്പ് ഫുട്ബാൾ വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സന്ദർശകരെ ഒരുപോലെ അതിശയിപ്പിച്ചതായിരുന്നു ഇവ രണ്ടും.
ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ യാത്രാ സ്പോട്ടായാണ് മാഗസിൻ ഇവ പരിചയപ്പെടുത്തുന്നത്. ബെസ്റ്റ് മ്യൂസിയം പട്ടികയിൽ ഖത്തർ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് (മിയ), ന്യൂ ഹോട്ടൽ പട്ടികയിൽ ‘ദി നെദ് ദോഹ’ എന്നിവയും ഖത്തറിൽനിന്നും ഇടംപിടിച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ ഒരു പച്ചപ്പ്
ലോകകപ്പിന് മുമ്പായി പൂർത്തിയാക്കിയ ഹമദ് വിമാനത്താവളത്തിലെ ഫേസ് ‘എ’ വിപുലീകരണ പ്രവർത്തനങ്ങളുെട ഭാഗമായിരുന്നു ‘ഓർച്ചാഡ്’. വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർക്ക് സമയം ചെലവഴിക്കാനും വിനോദത്തിനുമായി പച്ചപ്പോടെ നിർമിച്ച ഈ കേന്ദ്രം അന്താരാഷ്ട്ര തലത്തിൽതന്നെ ശ്രദ്ധേയമായി മാറി. 6000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ വിശാലമായ തോട്ടമാണിത്. 300 മരങ്ങളും 25,000ത്തോളം ചെടികളുമായി അതിശയിപ്പിക്കുന്ന പച്ചപ്പാണ് വിമാനത്താവളത്തിനുള്ളിലെ ഈ ഉദ്യാനത്തിൽ ഒരുക്കിയത്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരന് പരിശോധനയും മറ്റും കഴിഞ്ഞാൽ, സമയം ചെലവഴിക്കാൻ ഉദ്യാന മാതൃകയിലാണ് ‘ഒച്ചാർഡ്’ രൂപകൽപന ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചെടികളുടെ ശേഖരംതന്നെ ഇവിടെ വളരുന്നു. ഒപ്പം വിശാലമായ ജലസംഭരണിയും തയാറാക്കിയിട്ടുണ്ട്. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങുന്നതിന് ഏതാനും ആഴ്ച മുമ്പായിരുന്നു ഈ കേന്ദ്രം തുറന്നു നൽകിയത്. 100 മുറികളോടെയുള്ള ഓറിക്സ് ഗാർഡൻ ഹോട്ടൽ, ബിസിനസ് ലോഞ്ച്, നടവഴി എന്നിവ ഉൾപ്പെടെ ആഡംബര ലോകമാണ് ഇവിടെ തയാറാക്കിയത്. ഹമദ് വിമാനത്താവള വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഒരു ഭാഗം മാത്രമാണിത്. രണ്ടാം ഘട്ടമായ ഫേസ് ബി ഈ വർഷം തുറന്നു നൽകും. ഒന്നാം ഘട്ടത്തിലൂടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷം 40 ദശലക്ഷത്തിൽനിന്നും 58 ദശലക്ഷമായി ഉയർന്നിരുന്നു.

അതിഗംഭീരം ക്രൂസ് ടെർമിനൽ
ഒരേസമയം രണ്ട് കൂറ്റൻ ക്രൂസ് കപ്പലുകൾക്ക് നങ്കൂരമിടാനും ഒരുദിവസം പരമാവധി 12,000 യാത്രക്കാരെ സ്വാഗതം ചെയ്യാനും ശേഷിയുള്ളതാണ് ഓൾഡ് ദോഹ പോർട്ടിലെ ദി ഗ്രാൻഡ് ക്രൂസ് ടെർമിനൽ. ലോകകപ്പിന് മുന്നോടിയായി അത്യാധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയ ക്രൂസ് ടെർമിനൽ ഇപ്പോൾ ഖത്തറിലേക്കുള്ള പ്രധാന കവാടം കൂടിയാണ്. അറേബ്യൻ പൈതൃകം ഉൾകൊണ്ടുള്ള വാസ്തുശിൽപമാതൃകയിലാണ് ടെർമിനലിന്റെ രൂപകൽപന. അതേസമയം തന്നെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള സേവനവും നൽകുന്നു.
അക്വേറിയം സംവിധാനത്തിലൂടെ കടന്നുപോകുന്ന എസ്കലേറ്റർ യാത്രയിലൂടെയാണ് കപ്പൽ യാത്രികരെ ഖത്തറിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നത്. സമുദ്രയാത്ര ചെയ്ത് എത്തുന്ന യാത്രക്കാരെ, മറ്റൊരു സമുദ്രാന്തർ കാൽനടയാത്രയിലൂടെ ഖത്തറിലേക്ക് വരവേൽക്കുന്ന സംവിധാനം ഏറെ പ്രശംസിക്കപ്പെട്ട ഒന്നാണ്. ലോകകപ്പ് വേളയിൽ ക്രൂസ് കപ്പലുകളിലെ േഫ്ലാട്ടിങ് ഹോട്ടലുകളിൽ താമസം തിരഞ്ഞെടുത്ത കാണികൾക്ക് അപൂർവമായൊരു അനുഭവം കൂടിയായിരുന്നു നവീകരിച്ച ദി ഗ്രാൻഡ് ക്രൂസ് ടെർമിനൽ.
തുടർന്നുള്ള ക്രൂസ് സീസണിലും ടെർമിനൽ ശ്രദ്ധേയമായി. ഈ മാസം സമാപിച്ച സീസണിൽ 2.73 ലക്ഷം യാത്രക്കാരാണ് ഇവിടെ എത്തിയത്. മുൻ സീസണിനെക്കാൾ 166 ശതമാനമാണ് ക്രൂസ് വിനോദ സഞ്ചാരികളുടെ വരവിൽ വർധനയുണ്ടായത്. 55 കപ്പലുകളാണ് ഇത്തവണ ഖത്തർ തീരത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

