ഖത്തർ സേഫാണ്
text_fieldsകോവിഡിനെതിരായ പോരാട്ടം നയിച്ച ആരോഗ്യപ്രവർത്തകർ
ദോഹ: കോവിഡിനെതിരായ ഖത്തറിൻെറ ചെറുത്തുനിൽപിനെ ലോകം അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. എല്ലാവരും ആകാശപാതകൾ അടിച്ചിട്ട്, വിദേശികളോട് 'നോ എൻട്രി' പറഞ്ഞപ്പോൾ, ഖത്തർ വാതിലുകൾ തുറന്നിട്ട് എല്ലാവരെയും സ്വാഗതം ചെയ്തത് വ്യത്യസ്തമായി. ഇന്ത്യ ഉൾപ്പെടെ കോവിഡ് അതിരൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ളവർക്കുപോലും നിയന്ത്രണങ്ങളോടെ രാജ്യത്തേക്ക് പ്രവേശനം നൽകി. അതിനിടയിലും കോവിഡിനെ ഫലപ്രദമായി ചെറുത്തുനിന്നാണ് ഖത്തർ ആരോഗ്യരംഗത്ത് വിസ്മയമായത്. രോഗവ്യാപനവും മരണ നിരക്കും ഫലപ്രദമായി പിടിച്ചുകെട്ടാൻ കഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ഒരു കോവിഡ് മരണം മാത്രമാണ്. ഇതുവരെ ആകെ മരണം 602. ജൂലൈ 28ന് ഒരുമരണം റിേപ്പാർട്ട് ചെയ്തേശഷം, നീണ്ടനാളത്തെ ഇടവേളക്കുശേഷം ആഗസ്റ്റ് 27നായിരുന്നു അടുത്ത മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2020 മാർച്ചിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തശേഷം പ്രതിമാസ മരണനിരക്കിൽ ഏറ്റവും കുറവാണ് ആഗസ്റ്റിലേത്.
ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം 2,32,744 പേർക്കാണ് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ അനുപാതമനുസരിച്ച് മരണനിരക്ക് 0.3 ശതമാനം. ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കിൽ ആറാം സ്ഥാനത്താണ് ഖത്തർ. ഗൾഫ് രാജ്യത്ത് അയൽക്കാരായ യു.എ.ഇയും ഇതേ നിരക്കിൽ (0.3 ശതമാനം) ഒപ്പമുണ്ട്.
തീവ്രമായ വാക്സിനേഷൻ നടപടികളും ശക്തമായ കോവിഡ് നിയന്ത്രണങ്ങളുംകൊണ്ടാണ് ഖത്തർ മഹാമാരിയെ മാതൃകാപരമായി അതിജീവിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ രോഗികളുടെ എണ്ണം മൂന്നൂറിന് മുകളിൽ പോയിട്ടും ചികിത്സകളും നിയന്ത്രണങ്ങളുമായി പിടിച്ചുനിർത്താൻ കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതും വാക്സിനേഷൻ പരിപാടി കൂടുതൽ വേഗത്തിലാക്കിയതും ജനങ്ങളുടെ സഹകരണവുമാണ് രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായകമായതെന്ന് ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ജനങ്ങളുടെ ജാഗ്രത അനിവാര്യമാണെന്നും കോവിഡ് മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തരുതെന്നും രാജ്യത്ത് നിന്നും കോവിഡിെൻറ രണ്ടാം തരംഗം പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ഇടക്കിടെ ഓർമപ്പെടുത്തുന്നുണ്ട്. കൂടുതൽ തീവ്രതയേറിയ വൈറസ് വകഭേദങ്ങൾ സമൂഹത്തിലുണ്ടെന്നും ജാഗ്രത കൈവെടിയരുതെന്നും ആവശ്യപ്പെട്ടു.
പ്രതിദിനം 24,000 മുതൽ 30,000 വരെ ഡോസ് വാകിസ്നാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷനും തീവ്രമാക്കി. സ്കൂളുകൾ തുറന്നും പൊതുയിടങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവുനൽകിയുമെല്ലാം കോവിഡ് പിരിമുറുക്കത്തിൽനിന്ന് ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുേമ്പാഴും രോഗ-മരണനിരക്കുകൾ കുറയുന്നത് ഏറെ ആശ്വാസകരമാണ്. ഈ വർഷം ഏപ്രിലിൽ പ്രതിദിനം 10വരെ മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
സിംഗപ്പൂർ ഒന്നാമത്; ഖത്തർ ആറിൽ
ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റിയുടെ കോവിഡ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം സിംഗപ്പൂരിലാണ് ലോകത്ത് ഏറ്റവും കുറവ് കോവിഡ് മരണനിരക്ക്. 67,171 കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് 55 പേർ മാത്രമാണ് മരിച്ചത്. മരണനിരക്ക് 0.1 ശതമാനം മാത്രം. ഭൂട്ടാൻ (2594 രോഗികൾ, 3 മരണം, 0.1 ശതമാനം) രണ്ടും ലാവോസ് (14,641 രോഗികൾ, 3 മരണം, 0.1 ശതമാനം മരണനിരക്ക്) മൂന്നും ഡൊമിനിക (1,638-4-0.2 ശതമാനം) നാലും മാലദ്വീപ് (80,791-226-0.3 ശതമാനം) അഞ്ചും സ്ഥാനത്താണ്. ഇവർക്ക് പിന്നിൽ ഖത്തറുണ്ട്. 2.32 ലക്ഷം രോഗികൾ റിപ്പോർട്ട് ചെയ്തിട്ടും മരണം 0.3 ശതമാനത്തിൽ പിടിച്ചുനിർത്താൻ കഴിഞ്ഞതാണ് ഖത്തർ ആരോഗ്യ വിഭാഗത്തിൻെറ മികവ്. തൊട്ടു പിന്നിലുള്ള യു.എ.ഇയിൽ 7.16 ലക്ഷം രോഗികളും 2038 മരണവും റിപ്പോർട്ട് ചെയ്തു.
0.3 തന്നെയാണ് മരണനിരക്ക്. 3.27 ലക്ഷം രോഗികളും 4.38 ലക്ഷം മരണവും റിപ്പോർട്ട് ചെയ്ത ഇന്ത്യയിൽ 1.3 ശതമാനമാണ് മരണനിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

