സ്കൂളുകളിൽ 30 ശതമാനം വിദ്യാർഥികൾ മാത്രം
text_fieldsദോഹ: രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ മാര്‍ച്ച് 21 മുതല്‍ 30 ശതമാനം വിദ്യാർഥികൾ മാത്രമേ ഹാജരാകാൻ പാടുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നിലവിൽ ഇത് 50 ശതമാനമാണ്. പുതിയ കോവിഡ്സാഹചര്യത്തിലാണ് ഹാജർനില 30 ശതമാനത്തിലേക്ക് കുറച്ചിരിക്കുന്നത്. മാർച്ച് 21 മുതൽ ആകെ വിദ്യാർഥികളുടെ 30 ശതമാനം മാത്രമേ സ്കൂളിൽ എത്താൻ പാടുള്ളൂ. ഓൺലൈൻ, നേരിട്ട് ക്ലാസ് റൂമുകളിൽ എത്തിയുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് പാഠ്യരീതി സ്കൂളുകളിൽ തുടരും.
സുരക്ഷിതവും ആരോഗ്യകരവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാണ് എല്ലാ സ്കൂളുകളിലെയും എല്ലാ ക്ലാസുകളിലെയും ഹാജർനില കുറച്ചതെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. ദിവസം സ്കൂളുകളിൽ ഹാജരാകുന്ന വിദ്യാർഥികളുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുകയാണെങ്കിൽ ഹാജർ നിരക്ക് കുറക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്്ദുൽ വാഹിദ് അലി അൽ ഹമ്മാദി പറഞ്ഞിരുന്നു.
ഖത്തറിൽ കോവിഡ് രോഗബാധ കൂടിവരുകയാണ്. ആശുപത്രിയിൽ ആകുന്നവരുടെയും അടിയന്തരവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടുന്നു. സ്കൂളുകളിൽ കോവിഡ് വ്യാപന തോത് നിലവിൽ ഒരു ശതമാനത്തിലും താഴെയാണെന്നും വിദ്യാർഥികളുടെ പഠനം പൂർണമായും ഒാൺലൈൻ വഴി മാത്രമാക്കി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതർ പറയുന്നു. കോവിഡ് േപ്രാട്ടോകോൾ പ്രകാരം സ്കൂളുകളിലെ രോഗവ്യാപനതോത് അഞ്ച് ശതമാനത്തിലെത്തിയാൽ മാത്രമേ സ്ഥാപനം അടച്ചിടേണ്ട സാഹചര്യം വരുന്നുള്ളൂ.
അടുത്തിടെ കോവിഡ്ചട്ടങ്ങൾ പാലിക്കാത്ത ചില സ്കൂളുകൾ പൂട്ടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിലെ വീഴ്ചയും അശ്രദ്ധയുമാണ് ചില സ്കൂളുകളിൽ വൈറസ്ബാധ വരാൻ കാരണം. വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും രോഗവ്യാപനം കണ്ടെത്തിയതിനെ തുടർന്ന് ചില സ്കൂളുകൾ പൂട്ടിയിരുന്നു. നിശ്ചിത കാലയളവിൽ നിശ്ചിത ശതമാനം വിദ്യാർഥികൾ ക്ലാസ് റൂമുകളിലെത്തുകയും ബാക്കിയുള്ളവർ ഓൺലൈനായും ക്ലാസിൽ പങ്കെടുക്കുന്ന രീതിയാണ് ഖത്തറിൽ തുടരുന്നത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത കുട്ടികൾ അടുത്ത കാലയളവിൽ നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കും. ആഴ്ചയടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുക. ഓരോ ക്ലാസിലും ഒരുസമയം 15 വിദ്യാർഥികള്‍ മാത്രമേ പാടുള്ളൂ. ഇത്തരത്തിൽ ഗ്രൂപ്പുകളായി വിദ്യാർഥികളെ തിരിക്കണം. 1.5 മീറ്റര്‍ സുരക്ഷിതമായ അകലം വിദ്യാർഥികൾ തമ്മിൽ ഉറപ്പുവരുത്തണം. ഡെസ്ക്കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം. വിദ്യാർഥികള്‍ മാസ്ക്കുകള്‍ ധരിക്കണം. സ്കൂളിലേക്കുള്ള വിദ്യാർഥികളുടെ പോക്കും വരവും സ്കൂളുകള്‍ ക്രമീകരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികള്‍ അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ സ്കൂളില്‍ വരേണ്ടതില്ല. ഓണ്‍ലൈന്‍ ക്ലാസിൽ പങ്കെടുത്താല്‍ മതി. എന്നാൽ പല സ്കൂളുകളും ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ട്. നേരത്തേ സ്കൂളിലെ ഒരു വിഭാഗത്തിൽ കോവിഡ് ബാധയുണ്ടായാൽ ആ വിഭാഗം മാത്രമേ അടച്ചിരുന്നുള്ളൂ. എന്നാൽ പുതിയ സാഹചര്യത്തിൽ സ്കൂൾ മുഴുവൻ അടച്ചിടും.
21 മുതൽ അധ്യാപകർക്ക് വാക്സിൻ നിർബന്ധം
രാജ്യത്ത് എല്ലാ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും കോവിഡ് വാക്സിൻ നിർബന്ധമാണ്. അല്ലെങ്കിൽ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തണം. അനിവാര്യമായ കാരണമില്ലാതെ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗബായുണ്ടാവുകയും ക്വാറൻറീനിൽ കഴിയേണ്ടിവരുകയും ചെയ്താൽ അക്കാലയളിൽ ശമ്പളം ലഭിക്കില്ല. വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസമന്ത്രാലയം ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ മാർച്ച് 21 മുതലാണ് പ്രാബല്യത്തിൽ വരുക.
വാക്സിൻ മുൻഗണനപ്പട്ടികയിൽ നേരത്തേതന്നെ അധ്യാപകരും സ്കൂൾ ജീവനക്കാരും ഉൾപ്പെട്ടിരുന്നു. വാക്സിൻ സ്വീകരിക്കാത്തവരാണെങ്കിൽ അവർക്ക് സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിക്കേണ്ടിവരും. ഇത് രണ്ടും പാലിക്കാത്തവർക്ക് സ്കൂളിൽ ജോലിക്കെത്താൻ കഴിയില്ല. സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ഇഹ്തിറാസ് ആപ്പിലെ ബാർകോഡിന് ചുറ്റും സ്വർണവർണം ഉണ്ടായിരിക്കണം. വാക്സിൻ സ്വീകരിച്ചവരുടെ ഇഹ്തിറാസിലാണ് ഈ വർണം തെളിയുക. അല്ലെങ്കിൽ വാക്സിൻ സ്വീകരിച്ചതായുള്ള കാർഡ് കാണിക്കണം.
ഇത് രണ്ടും കഴിയാത്തവർ ആഴ്ചയിൽ കോവിഡ് പരിശോധനക്ക് വിധേയരാവുകയും അതിെൻറ സർട്ടിഫിക്കറ്റ് കാണിക്കുകയുമാണ് വേണ്ടത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടായിട്ടും ഒഴിവാക്കാൻ പറ്റാത്ത കാരണമില്ലാഞ്ഞിട്ടും വാക്സിൻ സ്വീകരിക്കാത്തവരുടെ കാര്യത്തിൽ കൂടുതൽ കർശന നടപടികൾ ഉണ്ടാവും. ഇത്തരക്കാർക്ക് പിന്നീട് കോവിഡ് ബാധയുണ്ടായാലോ കോവിഡ് ബാധിച്ചയാളുമായി സമ്പർക്കമുണ്ടായാലോ ക്വാറൻറീനിൽ പോകേണ്ടിവരും. ഈ ക്വാറൻറീൻ കാലളവിൽ ശമ്പളം ലഭിക്കില്ല. ശമ്പളമില്ലാത്ത കാലമായാണ് ക്വാറൻറീനിൽ കഴിയുന്ന ദിവസങ്ങളെ കണക്കാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.