ഓൺലൈൻ തട്ടിപ്പ്; പ്രവാസി മലയാളിയുടെ പണം നഷ്ടപ്പെട്ടതായി പരാതി
text_fieldsദോഹ: ഓൺലൈൻ തട്ടിപ്പിലൂടെ പ്രവാസി മലയാളിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ദോഹയില്‍ അൽ ഖോറിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ അഭിലാഷിന്റെ പണമാണ് ഓൺലൈൻ തട്ടിപ്പിനിരയായി നഷ്ടപ്പെട്ടത്. ഒക്ടോബർ അവസാനം ഓൺലൈനിൽ കണ്ട എൽ.പി.ജിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റിലൂടെ ഗ്യാസ് ഡീലര്‍ഷിപ്പിനുള്ള അപേക്ഷ നല്‍കിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
ഒരു ഗ്യാസ് ഡീലര്‍ഷിപ് സ്ലോട്ടിന് മൂന്ന് ലക്ഷവും അപ്ലിക്കേഷൻ ഫീസ് ആയി 25000 രൂപയും അടയ്ക്കണമെന്ന് വ്യാജ സൈറ്റിൽ പറയുന്നു. തുടർന്ന് അഭിലാഷ് തന്റെയും സഹോദരന്റെയും പേരിൽ രണ്ട് അപേക്ഷകള്‍ക്കായി മൊത്തം 50,000 രൂപ ഗൂഗ്ള്‍ പേ വഴി പണമടക്കുകയായിരുന്നു. കൂടാതെ, ഫോട്ടോ, ഐ.ഡി പ്രൂഫ്, പാന്‍ കാര്‍ഡ് തുടങ്ങിയവയും അപ് ലോഡ് ചെയ്തു. നവംബര്‍ 10ന് ഡീലര്‍ഷിപ്പിനുള്ള ലോട്ട് നടക്കുമെന്നും ഡീലർഷിപ് ലഭിച്ചാൽ ബാക്കിയുള്ള മുഴുവൻ തുകയും അടയ്ക്കണമെന്നും സൈറ്റിൽ പറയുന്നു.
ഇതുപ്രകാരം ലോട്ടില്‍ വിജയിച്ചു എന്ന വ്യാജ സന്ദേശങ്ങളും മുഴുവൻ തുകയും കൂടുതല്‍ രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന കുറിപ്പുകളുമാണ് വ്യാജ സൈറ്റിലൂടെ പിന്നീട് ലഭിച്ചത്. കൂടുതൽ വിശദീകരണങ്ങൾക്കായി വെബ്സൈറ്റില്‍ നല്‍കിയ ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല. തുടർന്ന് എൽ.പി.ജി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അതു വ്യാജ സൈറ്റ് ആണെന്നായിരുന്നു മറുപടി. ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് പരാതിക്കാർ മനസ്സിലാക്കുന്നത്. അപേക്ഷക്കായി നൽകിയ പണം രവിശങ്കർ ബിന്ദ് എന്ന പേരിലുള്ള പേഴ്സനല്‍ അക്കാണ്ടിലേക്കാണ് പോയതെന്നും കണ്ടെത്തി.
സംഭവത്തിൽ സൈബർ സെൽ നാഷനൽ പോർട്ടൽ, തിടനാട് പൊലീസ് സ്റ്റേഷൻ, മുംബൈ സൈബർ സെൽ, ചീഫ് മിനിസ്റ്റർ സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വ്യാജ വെബ്സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും തട്ടിപ്പിനിരയായ അഭിലാഷ് പറഞ്ഞു. പൊതുജനങ്ങളെ ജാഗ്രതപ്പെടുത്താനും മറ്റുള്ളവര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാനും അധികാരികള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

