ഒരു മാസം; അവർ വിശപ്പകറ്റിയത് ആയിരങ്ങൾക്ക്
text_fieldsസി.ഐ.സി വളന്റിയർ സംഘങ്ങൾ എത്തിച്ചുനൽകിയ വിഭവങ്ങളുമായി ലേബർ ക്യാമ്പുകളിൽ നോമ്പ് തുറക്കുന്നവർ
ദോഹ: പതിവുതെറ്റാതെ തുടർച്ചയായി പത്താം വർഷവും ഖത്തറിന്റെ മരുഭൂ വിദൂരങ്ങളിലെ മസ്റകളിലെയും ലേബർ ക്യാമ്പുകളിലെയും ആയിരങ്ങളുടെ വിശപ്പകറ്റിയതിന്റെ ആശ്വാസത്തിലാണ് ഇവിടെ ഒരുകൂട്ടം മനുഷ്യർ. റമദാൻ ഒന്നിന് തുടങ്ങി പെരുന്നാൾ തലേദിവസം വരെ നീണ്ട സേവന ദൗത്യത്തിനൊടുവിൽ ഇനി അടുത്ത റമദാനിൽ കാണാമെന്ന് പറഞ്ഞ് അവർ യാത്ര പറഞ്ഞു.
കഴിഞ്ഞ ഒരു മാസക്കാലം റയ്യാനിലെ സി.ഐ.സി ആസ്ഥാനത്തെ വൈകുന്നേര കാഴ്ചയായിരുന്നു ഖത്തറിന്റെ വിദൂര ദിക്കുകളിലേക്ക് പാഞ്ഞുപോകുന്ന വാഹനങ്ങളുടെ നിര. മരുഭൂമിയിലെ മസ്റകളിലും തൊഴിലാളി ക്യാമ്പിലും കാത്തിരിക്കുന്ന മനുഷ്യർക്ക് നോമ്പിനുള്ള വിഭവങ്ങളുമായി പതിവുതെറ്റാതെ പാഞ്ഞുകൊണ്ടിരുന്നു.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ജനസേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങരയുടെ കീഴിൽ 150ഓളം പേരാണ് റമദാൻ ഒന്നുമുതൽ ഈ മാതൃകാ ദൗത്യത്തിൽ പങ്കാളികളായത്. റമദാൻ അവസാനമെത്തുമ്പോഴേക്കും ദിവസേനെ 3000ത്തോളം പേർക്ക് ഇവർ ഭക്ഷണ പാക്കുകൾ വിതരണം ചെയ്തു.
ദോഹയിൽനിന്ന് നൂറിലേറെ കിലോമീറ്റർ അകലെയുള്ള അൽ കറാന, ജറിയാൻ, അബുനഖ്ല തുടങ്ങിയ ഇടങ്ങളിലും വക്റ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ മേഖലകളിലുമെല്ലാം വിവിധ സംഘടനകളും കൂട്ടായ്മകളും സ്ഥാപനങ്ങളുമായും ചേർന്ന് ഭക്ഷണങ്ങളെത്തിച്ചു.
സി.ഐ.സി, വിമൻ ഇന്ത്യ, യൂത്ത് ഫോറം വളന്റിയർമാരുടെ സംഘമാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ വിതരണത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത്. അൽഖോർമുതൽ അബൂസംറവരെ മേഖലകളിൽ വ്യവസ്ഥാപിതമായ രീതിയിൽ അർഹരായവരിലേക്ക് ഇഫ്താർ കിറ്റുകൾ എത്തിച്ചു.
ടി.ഡബ്ല്യൂ.എ, ഐ.ടി ടീം, ഐ.ടി.പി.എൻ, എഫ്.സി ബിദ, ഖൈദ, അൻസാർ അലുമ്നി, എം.ഇ.എസ് അലുമ്നി, വിമൻ ഇന്ത്യ, വഹബ്, പ്രവാസി വെൽഫെയർ അസോസിയേഷൻ, ഖത്തർ മല്ലു വളന്റിയേഴ്സ്, ഇന്ത്യൻ പ്രവാസി അസോസിയേഷൻ, യൂത്ത് ഫോറം, ഖത്തര്‍ വളപട്ടണം കൂട്ടായ്മ, ചക്കരക്കൂട്ടം തുടങ്ങി നിരവധി പ്രാദേശിക കൂട്ടായ്മകള്‍, സ്വദേശി- വിദേശി അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ വര്‍ഷം ഇഫ്താര്‍ വിതരണം ചെയ്തതെന്ന് സിദ്ധീഖ് വേങ്ങര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

