ആകാശത്ത് ഓണം ഉണ്ണാം; ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsഎയർ ഇന്ത്യ എക്സ്പ്രസ് സംഘടിപ്പിക്കുന്ന ഓണസദ്യ പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചപ്പോൾ
കൊച്ചി / ദോഹ: ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്.
ആഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓണസദ്യ ഒരുക്കുന്നത്. ഓണത്തിന്റെ അനുഭൂതി കുറയാതെ വാഴ ഇലയിൽ മട്ട അരി, നെയ്, പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടു കറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങിയവയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയിലുള്ളത്.
കസവ് കരയുടെ ഡിസൈനിൽ തയാറാക്കിയ പ്രത്യേകം പാക്കറ്റുകളിലാണ് ഓണസദ്യ യാത്രക്കാരുടെ കൈയിലെത്തുക. 500 രൂപയാണ് വില. യാത്രക്ക് 18 മണിക്കൂർ മുമ്പ് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം.
പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. ആകാശത്ത് ഓണസദ്യ ഒരുക്കുന്നത് കേരളത്തിന്റെ തനത് ആഘോഷമായ ഓണത്തെ ലോകമൊട്ടാകെ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്തിൽ ഓണസദ്യ ഒരുക്കിയ എയർ ഇന്ത്യ എക്സ്പ്രസിനെ മന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഓണസദ്യ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

