ഏത് മൂഡ്...സദ്യ മൂഡ്... 25 റിയാൽ മുതൽ വിവിധ നിരക്കുകളിൽ സദ്യ ലഭ്യമാണ്
text_fieldsദോഹ: നാട്ടിലും വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളും നൂറുകൂട്ടം വിഭവങ്ങളുമായി സദ്യയുണ്ണുമ്പോൾ പ്രവാസത്തിലാണെങ്കിലും ഓണക്കോള് നഷ്ടമാക്കുന്നതെങ്ങനെ. അവർക്ക് സന്തോഷവുമായാണ് വിവിധ റസ്റ്റാറന്റുകളും ഹൈപ്പർമാർക്കറ്റുകളും വിപണിയിൽ ഓണസദ്യ ആരംഭിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും വാട്സ്ആപ് സന്ദേശങ്ങളിലും ഹോട്ടൽ കൗണ്ടറുകളിലുമെല്ലാം ഓണസദ്യയുടെ ബുക്കിങ് തിരക്കാണ്. ഹൈപ്പർമാർക്കറ്റുകൾ മുതൽ ചെറുതും വലുതുമായ ഹോട്ടലുകളും മെസ്സുകളുമെല്ലാമായി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രവാസി മലയാളികൾക്കായി വമ്പൻ ഓഫറുകളുമായി 25 റിയാൽ മുതൽ വിവിധ നിരക്കുകളിൽ സദ്യകൾ ലഭ്യമാണ്.
തിരുവോണ നാളിലേക്ക് ദിവസങ്ങളടുത്തതോടെ എല്ലായിടത്തും ബുക്കിങ്ങും സജീവമാണ്. ഉപ്പും വെള്ളവും തൂശനിലയും മുതൽ അടപ്രഥമൻ, പാലട ഉൾപ്പെടെ പായസങ്ങൾ അടങ്ങിയതാണ് ഓരോ സ്ഥാപനങ്ങളുടെയും സദ്യ ഓഫറുകൾ. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലുവിൽ സദ്യ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 25 ഇനങ്ങളുള്ള വിഭവ സമൃദ്ധമായ സദ്യക്ക് 29.50 റിയാലാണ് ലുലുവിൽ വില. സഫാരിയിൽ 25 കൂട്ടം വിഭവങ്ങളടങ്ങിയ വിഭവ സമൃദ്ധമായ സദ്യക്ക് 30 റിയാലാണ് നിരക്ക്. കൂടാതെ, ഒരു സദ്യ വാങ്ങിക്കുമ്പോൾ ഒരു മുണ്ട് സൗജന്യമായി ലഭിക്കുന്നു. മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാക്കുന്നത്. ഫാമിലി ഫുഡ് സെന്ററിൽ 27 വിഭവങ്ങൾ അടങ്ങിയ സദ്യ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. 27.50 റിയാലാണ് നിരക്ക്. ഗ്രാൻഡ് മാളിൽ 26 വിഭവങ്ങളടങ്ങിയ ഓണസദ്യക്ക് 28 റിയാലാണ് ഈടാക്കുന്നത്. റസ്റ്റാറന്റുകൾ പാർസലും ഡൈനിങ്ങും ഉൾപ്പെടെ സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് ഓണസദ്യക്ക് പ്രവാസികളെ സ്വാഗതം ചെയ്യുന്നത്. കുറഞ്ഞ നിരക്കുകളുമായി ഖത്തറിലെ വിവിധ ഹോട്ടലുകളിലും ഓണസദ്യ ഓഫർ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

