ഖത്തറിൽ ഓണം മൂഡ് ഓൺ... ആഘോഷപ്പൊലിമ ഒരുക്കാൻ പ്രവാസി മലയാളി കൂട്ടായ്മകൾ
text_fieldsഓണം പ്രമോഷന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ ഓണച്ചന്ത
ദോഹ: പൂക്കളവും പൂവിളിയും ഓണപ്പാട്ടുകളുമായി പ്രവാസി മനസ്സുകളിൽ വീണ്ടുമൊരു ഓണക്കാലം. നാടും വീടും വിട്ടുനിൽക്കുന്ന പ്രവാസികൾക്കായി ഖത്തറിലെ മലയാളി കൂട്ടായ്മകളും ഇവന്റ് മാനേജ്‌മെന്റുകളും അതിവിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 26 ബുധനാഴ്ച തിരുവോണം എത്തുന്നതോടെ പ്രവാസലോകത്തെ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റേറും. ഓണക്കളികൾ, വടംവലി മത്സരങ്ങൾ, സംസ്കാരിക സമ്മേളനം, ഓണസദ്യ എന്നിവയൊരുക്കി വിവിധ മലയാളി പ്രവാസി കൂട്ടായ്മകളും നാട്ടിൽ നിന്നുള്ള വിശിഷ്ടാതിഥികളും സെലബ്രിറ്റികളും കലാകാരന്മാരെയും പങ്കെടുപ്പിച്ച് സ്റ്റേജ് ഷോകളും വരും ദിവസങ്ങളിൽ അരങ്ങേറും.
നാട്ടിലെ പ്രമുഖ സിനിമാ -സാംസ്‌കാരിക താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്റ്റേജ് ഷോകളാണ് ദോഹയിലെ പ്രധാന വേദികളിൽ അണിയറയിൽ ഒരുങ്ങുന്നത്. കൾച്ചറൽ പ്രോഗ്രാമുകൾ, നാടൻ പാട്ടുകൾ വരെ ഒരുക്കി പ്രവാസി മലയാളികൾ നാട്ടിലെ ഓണാന്തരീക്ഷം പുനഃസൃഷ്ടിക്കും. വെള്ളി, ശനി തുടങ്ങിയ വാരാന്ത്യ അവധി ദിനങ്ങളിൽ കൂടുതൽ സജീവമാകുന്ന ആഘോഷ പരിപാടികൾ, ഈ വർഷം മുഴുവൻ അവസാനിക്കുന്ന രീതിയിലാണ് വിവിധ പ്രവാസി സംഘടനകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രവാസി മലയാളികളുടെ ആഘോഷപ്പൊലിമ വിളിച്ചോതി വാരാന്ത്യങ്ങളിൽ ഹൈപ്പർമാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഡിസ്‌കൗണ്ടുകളും ആകർഷകമായ പ്രമോഷനുകളും ഒരുക്കിയാണ് ഹൈപ്പർമാർക്കറ്റുകൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. സദ്യയ്ക്കുള്ള പച്ചക്കറികൾ, വാഴയില, പൂക്കളത്തിനുള്ള ജമന്തിയും മല്ലിയും അടക്കമുള്ള വിവിധയിനം പൂക്കൾ എന്നിവയാൽ സജീവമാണ് ഓണച്ചന്തകൾ. പച്ചക്കായ, ചേന, മുരിങ്ങക്കായ, വെണ്ട, പാവയ്ക്ക, വെള്ളരിക്ക തുടങ്ങിയ സമൃദ്ധമായി പച്ചക്കറി വിപണിയും ഇവിടങ്ങളിൽ തകൃതിയാണ്. വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങൾ എന്നിവക്കും മികച്ച ഓണം ഡിസ്‌കൗണ്ടുകളാണ് ഒരുക്കിയിരിക്കുന്നത്.
'ഓണം ഇവിടെയാണ്' പ്രമോഷന്റെ ഭാഗമായി ഓണപ്പുടവകൾ, സദ്യയ്ക്കുള്ള പച്ചക്കറികൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിലയൊരു ശേഖരം ലുലു ഹൈപ്പർമാർക്കറ്റ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
ഹാപ്പി ഓണം പ്രമോഷന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും മികച്ച വിലയിൽ സഫാരി മാളിൽ ലഭ്യമാണ്. ഗ്രാൻഡ് മാൾ, മാർക്ക് ആൻഡ് സേവ്, ഫാമിലി ഫുഡ് സെന്റർ, മർസ ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലും പച്ചക്കറികൾ, സ്റ്റേഷനറികൾ നിത്യോപയോഗ സാധനങ്ങൾ എന്നിവയൊരുക്കി ഓണം പ്രമോഷൻ പൊടിപൊടിക്കുകയാണ്.
ജോലിത്തിരക്കുകൾ കാരണം വീട്ടിൽ സദ്യയൊരുക്കാൻ സാധിക്കാത്തവർക്കായി വിവിധ ഹൈപ്പർമാർക്കറ്റുകളിലും റെസ്റ്റോറന്റുകളിലും വിപുലമായ 'ഓണസദ്യ' പാക്കേജുകളും ബുക്കിങ്ങും ആരംഭിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

