ഓൺ അറൈവലിന് ചെലവേറും
text_fieldsദോഹ: ചുരുങ്ങിയ ചെലവിൽ, ഒന്നും രണ്ടും മാസത്തേക്ക് കുടുംബത്തെ കൊണ്ടുവരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇനി 'ഓൺ അറൈവൽ വിസ' ഭാരമായി മാറും. ഡമ്മി ഹോട്ടൽ ടിക്കറ്റുമായി എത്തി, ചുരുങ്ങിയ ചെലവിൽ വില്ലകളിലും ഫ്ലാറ്റുകളിലും കുടുംബസമേതം കഴിയുന്നവർക്കും ബന്ധുക്കളെ സന്ദർശിക്കാനെത്തുന്നവർക്കും ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി ബുക്കിങ് നിർബന്ധമാവുന്നതോടെ കാര്യങ്ങൾ കൈവിടും. ഏപ്രിൽ 14 മുതലാണ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ച പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാവുന്നത്.
ഇതുപ്രകാരം, ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർ രാജ്യത്ത് തങ്ങുന്ന അത്രയും ദിവസം (രണ്ടു മുതൽ 60 ദിവസം വരെ) ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. അതേസമയം, ഫാമിലി വിസിറ്റ് വിസയിലെത്തുന്നവർക്ക് ഈ നിർദേശം ബാധകമല്ല. ആഭ്യന്തര മന്ത്രലായത്തിെൻറ നിർദേശപ്രകാരം മൂന്നു രാജ്യങ്ങളിൽനിന്നുമുള്ള ഓൺ അറൈവൽ യാത്രക്കാർക്കാണ് ഡിസ്കവർ ഖത്തർ ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കിയത്.
കഴിഞ്ഞദിവസത്തെ ബുക്കിങ് സ്റ്റാറ്റസ് പ്രകാരം രണ്ടു ദിവസത്തേക്ക് 450 മുതൽ 650 റിയാൽ വരെയാണ് ഹോട്ടൽ നിരക്ക്. ഒരു മാസത്തേക്ക് ഇത് 6750 റിയാൽ മുതൽ 10,000 റിയാൽ വരെയും, രണ്ടു മാസത്തേക്ക് 12,500 മുതൽ 15,000 റിയാൽ വരെയുമാണ് ഹോട്ടൽ നിരക്കുള്ളത്.
ഏതു വിസകൾക്ക് ബാധകമാവും?
ഇന്ത്യ, ഇറാൻ, പാകിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള 'വിസ ഓൺ അറൈവൽ' യാത്രക്കാർക്കാണ് പുതിയ നിർദേശം ബാധകമാവുന്നത്. ഫാമിലി വിസിറ്റ് വിസയിലെ യാത്രക്കാർക്ക് ഇത് ബാധകമല്ല. ആഭ്യന്തര മന്ത്രാലയത്തിെൻറ നേരത്തേയുള്ള മറ്റു നിബന്ധനകൾക്ക് വിധേയമായാവും ഇവരുടെ യാത്ര.
- കുടുംബത്തെ സന്ദർശിക്കാനെത്തുമ്പോൾ ഹോട്ടൽ ബുക്കിങ് വേണോ?
വിസ ഓൺ അറൈവലിൽ മൂന്നു രാജ്യങ്ങളിൽനിന്നു വരുന്ന എല്ലാ യാത്രക്കാരും ഡിസ്കവർ ഖത്തർവഴി ഹോട്ടൽ ബുക്ക് ചെയ്യൽ നിർബന്ധമാണ്.
- ക്വാറന്റീൻ ഹോട്ടൽ ബുക്കിങ് ആണോ?
'വിസ ഓൺ അറൈവൽ' ക്വാറൻറീൻ ബുക്കിങ് ഉൾപ്പെടില്ല. യാത്രക്കാരന് ക്വാറന്റീൻ ആവശ്യമാണെങ്കിൽ വേറെ ബുക്കിങ് ആവശ്യമാണ്.
- എത്രദിവസം ബുക്കിങ്?
രണ്ടു മുതൽ 60 ദിവസം വരെയാണ് 'വിസ ഓൺ അറൈവൽ' വഴിയുള്ള ഡിസ്കവർ ഖത്തർ ഹോട്ടൽ ബുക്കിങ് ലഭ്യമാവുന്നത്. രണ്ടുദിവസത്തിൽ താഴെ ബുക്കിങ് ലഭ്യമാവില്ല.
- ഓൺ അറൈവൽ വിസ കാലാവധി നീട്ടാൻ കഴിയുമോ?
വിസ ഓൺ അറൈവൽ പരമാവധി 60 ദിവസം വരെ മാത്രം നീട്ടാം. എന്നാൽ, ഈ കാലയളവിലേക്ക് ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് ആവശ്യമാണ്.
- ഡിസ്കവർ ഖത്തർ ഹോട്ടൽ ബുക്ക് ചെയ്തതിെൻറ ഏതു രേഖ സമർപ്പിക്കണം?
ഹോട്ടൽ ബുക്ക് ചെയ്തത് സംബന്ധിച്ച് വൗച്ചർ, വിസ ഓൺ അറൈവൽ പൂർത്തിയാക്കാനുള്ള രേഖയായി സമർപ്പിക്കാം.
- റദ്ദാക്കാൻ കഴിയുമോ?
ഒരുതവണ ബുക്ക് ചെയ്താൽ മാറ്റങ്ങൾ അനുവദിക്കില്ല. എന്നാൽ, ഖത്തറിൽ ഇറങ്ങുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയം വരെ ബുക്കിങ് റദ്ദാക്കാം. 100 രൂപ സർവിസ് നിരക്ക് ഈടാക്കും. 48 മണിക്കൂറിനുള്ളിലാണ് റദ്ദാക്കലെങ്കിൽ റീഫണ്ട് ചെയ്യില്ല. അതേസമയം, ൈഫ്ലറ്റ് റദ്ദാവുക, സമയമാറ്റം, കോവിഡ് പോസിറ്റിവായാൽ അതു തെളിയിക്കുന്ന രേഖകൾ, വിസ അപേക്ഷ നിരസിക്കൽ എന്നീ കാരണങ്ങളുണ്ടെങ്കിൽ രേഖാമൂലം അപേക്ഷിച്ചാൽ റീഫണ്ട് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

