ഖത്തറിലേക്ക് ഓൺ അറൈവൽ യാത്ര പുനരാരംഭിക്കുന്നു
text_fieldsദോഹ: തിങ്കളാഴ്ച ഖത്തറിൽ പ്രാബല്ല്യത്തിൽ വന്ന പുതിയ യാത്രാ നയത്തിനു പിന്നാലെ ഇന്ത്യക്കാർക്കുള്ള ഓൺ അറൈവൽ യാത്രാ സൗകര്യം കൂടി അനുവദിക്കാൻ ധാരണ. ഇതു സംബന്ധിച്ച് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് അനുമതി ലഭിച്ചതായി ടൂറിസം മേഖലയില്‍ നിന്നുള്ളവര്‍ അറിയിച്ചു. എന്നാൽ, എന്നുമുതൽ അനുവദിച്ചു തുടങ്ങും എന്നതിൽ വ്യക്തതയില്ല.
ഖത്തർ അംഗീകൃത വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം. ഇതോടെ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാർക്ക് കർശന വിലക്കുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഖത്തർ വഴി മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളികൾ.
ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻെറ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ നിർബന്ധമാണ്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂർ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് യാത്രാനുമതി ലഭിച്ചലേ വിമാനത്തിൽ കയറാൻ കഴിയൂ.
അതിനിടെ, ഖത്തർ പൗരന്മാർക്കും, റെസിഡൻറ് വിസയുള്ള വിദേശികൾക്കും രാജ്യത്ത് പ്രവേശിക്കുേമ്പാൾ ഇഹ്തിറാസ് പ്രീ രജിസ്ട്രേഷൻ നിർബന്ധമില്ലെന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയയാത്രാ നയം പ്രകാരം തിങ്കളാഴ്ച മുതൽ എല്ലാതരം യാത്രക്കാർക്കും പ്രീ രജിസ്ട്രേഷൻ നിർബന്ധമായിരുന്നു. ഫാമിലി വിസിറ്റ് വിസക്കുള്ള അപേക്ഷകൾ ചൊവ്വാഴ്ച മുതൽ മെട്രാഷ്2 ആപ്പ് വഴി സ്വീകരിച്ചു തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.