ഒളിമ്പിക്സ് യൂത്ത് ഫെസ്റ്റിവലിൽ ജനറേഷൻ അമേസിങ്ങും
text_fieldsഒളിമ്പിക്സ് യൂത്ത് ഫെസ്റ്റിവലിൽനിന്ന്
ദോഹ: പാരീസ് ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യുവജന ഫെസ്റ്റിവലിൽ ഖത്തറിൽനിന്നുള്ള ജനറേഷൻ അമേസിങ്ങും പങ്കാളിയാകുന്നു. ഖത്തർ, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിലെ യുവാക്കളെ ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ ഒളിമ്പിക്സിനായി സ്പോൺസർ ചെയ്യും. 2022 ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഖത്തർ തയാറാക്കിയ മാനുഷികവും സാമൂഹികവുമായ പൈതൃക സംരംഭമാണ് ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ.
ഐക്യം കായികത്തിലൂടെ എന്ന പ്രമേയത്തിൽ ജൂലൈ 19 മുതൽ 29 വരെ ഫ്രാൻസിലെ ലിയോണിലും പാരിസിലുമായാണ് ഒളിമ്പിക്സ് ‘ഫെസ്റ്റിവൽ 24’ നടക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 36 രാജ്യങ്ങളിൽനിന്ന് 500ലധികം യുവാക്കൾ അന്താരാഷ്ട്ര യുവജനോത്സവത്തിൽ പങ്കെടുക്കും. കായിക രംഗത്ത് സാമൂഹികവും തൊഴിൽപരവുമായ ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള പരിപാടികളും പാനൽ ചർച്ചകളും ഉൾപ്പെടുന്ന ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് സ്പോർട്സ് ഡാൻസ് ലാ വില്ലയാണ്.
14 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ വിദ്യാഭ്യാസവും വിവിധ കഴിവുകൾ വർധിപ്പിക്കുന്ന പരിപാടികളും നടപ്പാക്കുകയെന്നതാണ് ജനറേഷൻ അമേസിങ് ഫൗണ്ടേഷന്റെ ചുമതലയെന്ന് എക്സി.ഡയറക്ടർ നാസർ അൽ ഖോരി പറഞ്ഞു.
പരിപാടിയുടെ മുഖ്യ സ്പോൺസർ എന്ന നിലയിൽ ഖത്തറിൽ നിന്നുള്ള യുവനേതാക്കൾക്കൊപ്പം ഇന്ത്യയിൽനിന്ന് സ്ലം സോക്കർ, പാകിസ്താനിലെ റൈറ്റ് ടു പ്ലേ എന്നിവയിൽ നിന്നുള്ള യുവാക്കളുടെ രണ്ട് പ്രതിനിധി സംഘങ്ങളെ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി ജനറേഷൻ അമേസിങ് തിരഞ്ഞെടുത്തു. യൂറോപ്യൻ യൂനിയൻ, ഫ്രഞ്ച് കായിക മന്ത്രാലയം, ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസ്, വിസ എന്നിവരുടെ സഹകരണത്താലാണ് ഇതു നടപ്പാക്കിയത്. സർഗാത്മക ശിൽപശാലകൾ, ലിയോണിലെയും പാരിസിലെയും സാംസ്കാരിക കേന്ദ്രങ്ങളിലെ സന്ദർശനങ്ങൾ, കായിക പരിപാടികൾ, പാനൽ ചർച്ചകൾ, സമ്മേളനങ്ങൾ എന്നിവക്ക് പുറമെ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളിലും ജനറേഷൻ അമേസിങ്ങിന് കീഴിൽ ഇവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

