കളിയും കാര്യവും പകരാൻ ഒളിമ്പിക് മ്യൂസിയം വേനലവധി ക്യാമ്പ്
text_fieldsദോഹ: വേനൽ അവധിക്കാലത്ത് സ്കൂളുകൾക്ക് അവധി നൽകി വീട്ടിലിരിക്കുന്ന വിദ്യാർഥികൾക്ക് കളിയുടെയും തമാശയുടെയും വാതിലുകൾ തുറന്ന് ഖത്തർ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം. വേനലവധിക്കാലത്തെ ആഘോഷങ്ങളുടെ മേളയായ ‘3-2-1 സമ്മർ സ്പോർട്സ് ഫൺ ഫാക്ടറി’യുമായാണ് ഒളിമ്പിക് മ്യൂസിയം ഈ വേനൽ അടിപൊളിയാക്കാനെത്തുന്നത്. മൂന്നുമുതൽ 18 വയസ്സുവരെ പ്രായക്കാരായ വിദ്യാർഥികൾക്കായാണ് കളിയും തമാശയും കാര്യവുമെല്ലാം നിറഞ്ഞ ഈ വേനലവധിക്കാല പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
മ്യൂസിയത്തിൽ ആരംഭിച്ച പരിപാടികൾ ആഗസ്റ്റ് 25 വരെ തുടരും. ദിവസവും രാവിലെ 10 മുതൽ 11.30 വരെയും, വൈകീട്ട് നാലുമുതൽ 5.30 വരെയുമാണ് കായിക ഇനങ്ങൾ ഉൾപ്പെടെയുള്ള വേനലവധിക്കാല ആഘോഷങ്ങളെന്ന് ത്രീ ടു വൺ മ്യൂസിയം അധികൃതർ അറിയിച്ചു.
വിദ്യാർഥികളുടെ വ്യക്തിത്വ വികസനവും കായികാഭിരുചിയും ഫിറ്റ്നസും മെച്ചപ്പെടുത്തുകയാണ് കളിയും കാര്യവും നിറഞ്ഞ വേനലവധി പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഡയറ്കടർ അബ്ദുല്ല യൂസുഫ് അൽ മുല്ല പറഞ്ഞു. പുതിയ കളികൾ പരിചയപ്പെടാൻ, സൗഹൃദങ്ങൾ കണ്ടെത്താൻ, വിശാലമായ കായിക ലോകം അറിയാൻ, സാഹസികതയും വിനോദവും മനസ്സിലാക്കാൻ... അങ്ങനെ ഒരുപാട് സാധ്യതകളിലേക്കാണ് ഒളിമ്പിക് മ്യൂസിയത്തിലെ നാളുകൾ വാതിൽ തുറക്കുന്നത്. പൊള്ളുന്ന ചൂടിൽ പാർക്കിലോ ചുറ്റിക്കറങ്ങാനോ കളിക്കാനോ പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുന്ന കൂട്ടുകാർക്ക് മികച്ച അവസരം കൂടിയാണിത്.

