കടൽകടന്നെത്തുന്നവർക്ക് കരതൊടാതെ ‘എൻട്രി’
text_fieldsദോഹ: കടൽ വഴി ഖത്തറിലെത്തുന്ന സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ ‘മിനാകോം’ എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ച് ഓൾഡ് ദോഹ പോർട്ട്. ബോട്ട്, യോട്ട് വഴിയെത്തുന്ന സന്ദർശകർക്ക് ഇറങ്ങാതെതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്നതാണ് ‘മിനോകോം’ പ്ലാറ്റ്ഫോം.
ഖത്തറിലേക്ക് സമുദ്രപാത വഴിയെത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഏറ്റവും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ശ്രദ്ധേയ ചുവടുവെപ്പെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
സ്വകാര്യ യോട്ടുകൾ, ക്രൂസ് ഇതര കപ്പലുകൾ എന്നിവ വഴിയുള്ള യാത്രക്കാർക്കാണ് സൗകര്യം ഒരുക്കുന്നത്. ഓൾഡ് ദോഹ പോർട്ട് വെബ്സൈറ്റ് വഴി യാത്രക്കാർക്ക് മിനാകോം സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വെബ്സൈറ്റിലെ ‘ബെർത്’ വിൻഡോയിൽ പ്രവേശിച്ച് ‘മിനാകോം’മിലേക്ക് എത്തിച്ചേരാം. പേജിലെ ഫോം പൂരിപ്പിച്ചുകൊണ്ടാണ് നടപടിയുടെ തുടക്കം.
തുടർന്ന് അംഗീകാരമുള്ള ലോജിസ്റ്റിക് ഏജന്റ് ശേഷിക്കുന്ന പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ബന്ധപ്പെട്ട സർക്കാർ വിഭാഗവുമായി ചേർന്ന് ബോട്ടിൽ ഇരുന്ന് തന്നെ പൂർത്തിയാക്കാം. തീരത്ത് ബോട്ടിന് നിർത്താനുള്ള സൗകര്യവും ലഭ്യമാകും. ലോജിസ്റ്റിക്സ് ഏജന്റ് വഴി ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസ് എന്നിവ ഇവിടെതന്നെ നിർവഹിക്കാം. ഈ സമയങ്ങളിലൊന്നും യാത്രാ വാഹനത്തിൽനിന്ന് പുറത്തിറങ്ങേണ്ടതില്ല എന്നും വ്യക്തമാക്കുന്നു.
ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ഖത്തർ ദേശീയ വിഷൻ 2030ന്റെ അനുബന്ധങ്ങളിൽ പ്രധന ചുവടുവെപ്പാണ് വിനോദസഞ്ചാര മേഖലയെ ത്വരിതപ്പെടുത്തുന്ന നടപടിയെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം, യാത്രക്കാർക്ക് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ മികച്ച അനുഭവവും വാഗ്ദാനം ചെയ്യുന്നു.
പദ്ധതിയുമായി കൈകോർത്ത മുഴുവൻ സർക്കാർ സംവിധാനങ്ങളോടും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പോർട്ടലിന്റെ സോഫ്റ്റ് ലോഞ്ചിങ് നിർവഹിച്ചതുമുതൽ ഇതിനകം 250ഓളം സ്വകാര്യ യാത്രാ ബോട്ടുകൾക്ക് പ്രവേശനത്തിനും പുറപ്പെടലിനും സുഖകരമായ സൗകര്യമൊരുക്കാൻ കഴിഞ്ഞതായും സി.ഇ.ഒ പറഞ്ഞു. ക്രൂസ് വിനോദസഞ്ചാര മേഖലയിൽ ഖത്തർ ശക്തമായ കേന്ദ്രമായി മാറുന്നതിനിടെയാണ് യാത്ര നടപടി കൂടുതൽ എളുപ്പമാക്കുന്ന പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
2024-25 ക്രൂസ് സീസണിൽ 87 കപ്പലുകളിലായി 3.96 ലക്ഷം യാത്രക്കാരാണ് ഓൾഡ് പോർട്ട് വഴിയെത്തിയത്. സന്ദർശകരിൽ അഞ്ചു ശതമാനവും കപ്പലുകളിൽ 19 ശതമാനവും വർധനയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

