കൂളായി നടക്കാൻ ഓൾഡ് പോർട്ട് ഒരുങ്ങുന്നു
text_fieldsഓൾഡ് ദോഹ തുറമുഖം
ദോഹ: ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രമായ ഓൾഡ് ദോഹ പോർട്ടിനെ കൂളാക്കാൻ ഓപൺ എയർ കൂളിങ് സിസ്റ്റം വരുന്നു. ഓൾഡ് പോർട്ട് മിന ഡിസ്ട്രിക്റ്റിലെ നടപ്പാതയിലും വാട്ടർഫ്രണ്ടിലുമായി നടന്നുനീങ്ങുന്നവർക്ക് ഏതു ചൂടുകാലത്തും ആശ്വാസത്തിന്റെ തണുപ്പ് പകർന്നുകൊണ്ടാണ് പുതിയ ഓപൺ എയർ ശീതീകരണ സംവിധാനം ഒരുക്കുന്നത്.
ഈ മാസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഓപൺ എയർ എ.സി ഈ വർഷം നവംബറിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോയ്ക്ക് മുമ്പായി പൂർത്തിയാക്കുമെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ അറിയിച്ചു. അടുത്ത വർഷത്തെ വേനൽക്കാലത്ത് പൂർണതോതിൽ പ്രവർത്തനക്ഷമമാവും.
ഖത്തറിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമെന്നനിലയിലും, ക്രൂസ് വിനോദ സഞ്ചാരികളെ വരവേൽക്കുന്ന തുറമുഖമെന്നനിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ വികസന പദ്ധതി. മിനി ഡിസ്ട്രിക്റ്റിലെ മുഴുവൻ നടപ്പാതയെയും ഉൾക്കൊണ്ടാണ് ഈ ഓപൺ എയർ കൂളിങ് സിസ്റ്റം പൂർത്തിയാക്കുക. 530 മീറ്ററോളം നീളം വരും. കാൽനടപ്പാത, ചില്ലറ വിൽപന കേന്ദ്രം, ഔട്ട്ഡോർ ഡൈനിങ് എന്നിവ ഉൾക്കൊള്ളുന്നതിനാൽ, ഏതു വേനൽക്കാലത്തും സന്ദർശകർക്ക് മിന ഡിസ്ട്രിക്റ്റ് ആസ്വദിക്കാനെത്താൻ കഴിയും.
അത്യാധുനിക സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇവ സജ്ജമാക്കുന്നത്. ശീതീകരിച്ച ഭൂഗർഭ പൈപ്പ്ലൈനുകളാൽ ബന്ധിതമായ നിലയിൽ, തുറമുഖ സൗന്ദര്യം സംരക്ഷിച്ചും, ഏറ്റവും ചൂടേറിയ മാസങ്ങളിൽ അന്തരീക്ഷത്തിന് തണുത്ത താപനില നിലനിർത്താനും ഈ സംവിധാനം സഹായിക്കും.
കടൽക്കാഴ്ചകളെ തടസ്സപ്പെടുത്താത്ത വിധം, നടപ്പാതയിൽ ഗ്ലാസ് പാനലുകളാണ് നൽകുന്നത്.
ഏതു കാലാവസ്ഥയിലും ആകർഷകമായി ടൂറിസം കേന്ദ്രമാക്കി ഓൾഡ് ദോഹ തുറമുഖത്തെ മാറ്റുന്നതിൽ നിർണായകമാണ് ഈ പദ്ധതിയെന്ന് സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
ബോട്ട് ഷോ, ഫിഷിങ് എക്സിബിഷൻ, പ്രീ ഓൺഡ് ബോട്ട് ഷോ തുടങ്ങിയ വിവിധ പരിപാടികളുമായി സജീവമാകുന്ന ഓൾഡ് പോർട്ടിനെ ഏത് കാലത്തും സന്ദർശകരെ സ്വാഗതം ചെയ്യാൻ സജ്ജമാക്കുന്നതാവും ഓപൺ എയർ കൂളിങ് സിസ്റ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

