മീൻപിടിത്ത മത്സരവുമായി ഓൾഡ് ദോഹ പോർട്ട്; ആറ് ലക്ഷം റിയാലിലധികം മൂല്യമുള്ള സമ്മാനങ്ങൾ
text_fieldsഓൾഡ് ദോഹ പോർട്ട് അധികൃതർ വാർത്തസമ്മേളനത്തിൽ
ദോഹ: ചൂണ്ടയിട്ട് മീൻപിടിച്ച് കൈനിറയെ സമ്മാനം നേടാൻ അവസരമൊരുക്കി ഓൾഡ് ദോഹ പോർട്ട്. മാർച്ച് 25 മുതൽ 27 വരെ നടക്കുന്ന മൂന്നാമത് മീൻപിടിത്ത മത്സരത്തിൽ വിജയികളാകുന്നവർക്ക് കാഷ് പ്രൈസും ആഡംബര കാറുകളടക്കമുള്ള വമ്പൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ആറ് ലക്ഷം ഖത്തർ റിയാലിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. രണ്ടാമത് ഫിഷിങ് എക്സിബിഷന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് ടാങ്ക് 500 കാർ ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് ടാങ്ക് 300 കാറും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് ഹാവൽ എച്ച് 9 കാറും ലഭിക്കും. തൈസീർ മോട്ടോഴ്‌സുമായി സഹകരിച്ചാണ് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നത്.
കൂടാതെ, ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് കാഷ് പ്രൈസും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ദോഹ മറൈൻ സ്‌പോർട്‌സ് ക്ലബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിന്റെ ആഴത്തിൽ വേരൂന്നിയ മത്സ്യബന്ധന പാരമ്പര്യങ്ങളെ ആധുനിക കായിക വിനോദവുമായി സമന്വയിപ്പിച്ചാണ് മത്സരം ഒരുക്കുന്നത്. മത്സ്യത്തൊഴിലാളികളെ പിന്തുണക്കുന്നതിനും ഖത്തറിന്റെ സാംസ്കാരിക അടയാളമായ മീൻപിടിത്ത പാരമ്പര്യത്തെ നിലനിർത്തുന്നതിനുമാണ് മത്സരത്തിലൂടെ പ്രാധാന്യം നൽകുന്നതെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
ഖത്തറിലെ ജലാശയങ്ങളിലെ ഏറ്റവും കൂടുതൽ കിങ്ഫിഷിനെ പിടിക്കുന്നതാണ് മത്സരം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർ ഓൾഡ് ദോഹ തുറമുഖത്ത് നിന്നാണ് കടലിലേക്ക് യാത്ര തിരിക്കുക. മത്സരാർഥികൾ തങ്ങൾ കിങ് ഫിഷിനെ പിടിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തണം. ബോട്ട് രജിസ്ട്രേഷൻ വിവരങ്ങൾ, മീനിന്റെ ഭാരം എന്നിവ വിഡിയോയിൽ വ്യക്തമാക്കിയിരിക്കണം. തുടർന്ന് പിടികൂടിയ മീനുകളുടെ ഭാരം നേരിട്ട് പരിശോധിച്ച് വിജയികളെ പ്രഖ്യാപിക്കും. ടീമിന്റെ ക്യാപ്റ്റൻ നിർബന്ധമായും ഖത്തർ പൗരനായിരിക്കണം. എന്നാൽ, ടീമംഗങ്ങളായി പ്രവാസികൾക്കും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

