പഴയ കറൻസി നോട്ടുകൾ ഡിസംബർവരെ മാറ്റിയെടുക്കാം
text_fieldsദോഹ: ഖത്തറിലെ പഴയ കറൻസി നോട്ടുകൾ പ്രാദേശിക ബാങ്കുകളിൽനിന്ന് മാറ്റിവാങ്ങാനുള്ള സമയം ഖത്തർ സെൻട്രൽ ബാങ്ക് (ക്യൂ.സി.ബി) ദീർഘിപ്പിച്ചു. 2021 ഡിസംബർ വരെ പഴയ നോട്ടുകൾ മാറ്റിവാങ്ങാമെന്നാണ് പുതിയ അറിയിപ്പ്. ഇതുസംബന്ധിച്ച് ബാങ്കുകൾ ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ അയക്കുന്നുണ്ട്. നേരത്തേ നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാനദിവസം ജൂലൈ ഒന്ന് ആയിരുന്നു. ഖത്തർ സെൻട്രൽ ബാങ്കിൻെറ ഉത്തരവ് പ്രകാരം പഴയ നോട്ടുകൾ മാറ്റാനുള്ള അവസാന ദിവസം 2021 ഡിസംബർ ആയിരിക്കുമെന്ന് ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യൂ.ഐ.ബി) അയച്ച അറിയിപ്പിൽ പറയുന്നു. പഴയ നോട്ടുകൾ ഈ തീയതിക്കുള്ളിൽ എ.ടി.എമ്മുകളിൽ നിക്ഷേപിക്കുകയും ചെയ്യാം.
ഇതിന് ശേഷം പഴയ നോട്ടുകൾക്ക് സാധുത ഇല്ലാതാകും. എന്നാൽ, പഴയ നോട്ടുകൾ പിൻവലിച്ചതിന് ശേഷമുള്ള 10 വർഷത്തിനുള്ളിൽ സെൻട്രൽ ബാങ്കിൽനിന്ന് മാത്രം അവ മാറ്റിവാങ്ങാൻ കഴിയും. എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മുകളിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ഇതിലൂടെ പുതിയ നോട്ടുകൾ ലഭിക്കാനുള്ള അവസരവുമുണ്ട്.
2020 ഡിസംബർ 13നാണ് നാലാം സീരീസിലുള്ള ഖത്തരി കറസി നോട്ടുകൾ െസൻട്രൽ ബാങ്ക് പിൻവലിച്ചത്. കഴിഞ്ഞ ഡിസംബർ 18ന് ദേശീയദിനത്തിൽ അഞ്ചാം സീരീസ് നോട്ടുകൾ വിനിമയത്തിൽ വരുകയും ചെയ്തു. ഇതിന് പുറമേ 200 റിയാലിൻെറ പുതിയ നോട്ടും പുറത്തിറക്കിയിരുന്നു. ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ ഫോട്ടോ ആലേഖനം ചെയ്തതാണ് പുതിയ 200ൻെറ നോട്ട്. ഖത്തർ നാഷനൽ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും ഈ നോട്ടിൽ കാണാം.
പുതിയ നോട്ടുകളുടെ മുൻവശത്തെ ഡിസൈൻ പരമ്പരാഗത ജ്യാമിതീയ പാറ്റേണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയപതാകയും ഖത്തരി സസ്യജാലങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്. നോട്ടിൽ കാണുന്ന പ്രത്യേക കവാടത്തിൻെറ ചിത്രം പരമ്പരാഗത ഖത്തരി വാസ്തുവിദ്യയെയാണ് അടയാളപ്പെടുത്തുന്നത്.
നോട്ടിൻെറ പിറകുവശം ഖത്തരി പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സംസ്കാരം, സസ്യജാലങ്ങൾ, ജന്തുജാലകങ്ങൾ, വിദ്യാഭ്യാസ–കായിക–സാമ്പത്തികമേഖലയിലെ വികസനമാണ് കാണിക്കുന്നത്. പുതിയ നോട്ടുകളിലെ അക്കങ്ങളും സമാന്തരമായ വരകളും കാഴ്ചത്തകരാർ ഉള്ളവർക്കുകൂടി വിനിമയം എളുപ്പമാക്കാനുള്ളതാണ്.
നോട്ടുകൾ ലൈറ്റിൽ പിടിച്ചാൽ ബാക്കിലെയും മുന്നിലെയും അപൂർണമായ ചിത്രങ്ങൾ പൂർണതയിൽ കാണുന്നതരത്തിലാകും. നോട്ടിൻെറ മൂല്യവും തെളിഞ്ഞുവരും. പുതിയ നോട്ടുകൾ ലൈറ്റിൽ പിടിച്ചാൽ ഖത്തറിൻെറ ദേശീയ എംബ്ലത്തിലെ വാട്ടർ മാർക്ക് കാണാം. നോട്ടിൻെറ മൂല്യത്തിൻെറ ഡിനോമിനേഷനും കാണാനാകും. ഓരോ സുരക്ഷാ ത്രഡുകളും നോട്ടിൻെറ മൂല്യത്തെയാണ് കാണിക്കുന്നത്. നോട്ടുകൾ ചരിച്ചുവെച്ചുനോക്കിയാൽ ത്രിമാന ഛായാചിത്രം ദൃശ്യമാകുന്നവിധം മാറും. സുരക്ഷാത്രഡുകളും മാറുന്നതായി കാണാം. നോട്ടിലെ കവാടത്തിൻെറ ചിത്രത്തിലുള്ള പൂവിൻെറ നിറം മാറുകയും ചെയ്യും. നേരിയ വലയം ഈ പൂവിന് ചുറ്റും കറങ്ങുന്നതായും കാണാം.
പുതിയനോട്ടുകൾ നിലവിൽവന്നതോടെ പാർക്കിങ് അടക്കമുള്ള ചില സേവനങ്ങൾക്ക് പുതിയ നോട്ടുകൾ മാത്രമാണ് സ്വീകരിക്കുന്നത്. കാർ പാർക്കിങ്ങിനുള്ള ഫീസ് ഈടാക്കുന്ന ഓട്ടോമാറ്റിക് യന്ത്രങ്ങളിൽ ചിലതിൽ പുതിയ നോട്ടുകൾ മാത്രമേ സ്വീകരിക്കുന്നുള്ളൂ. കോവിഡ് സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിയ ഖത്തർ പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റാനുള്ള കാലാവധി നീട്ടിനൽകിയത് ആശ്വാസകരമാകും. പലരുടെയും കൈവശം പഴയ നോട്ടുകൾ ഉണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

