സമുദ്രവിഭവങ്ങൾ ഭാവിതലമുറക്കുവേണ്ടി സംരക്ഷിക്കണം
text_fieldsദോഹ: രാജ്യത്തിന്റെ സമുദ്ര സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. മത്സ്യബന്ധന തൊഴിലിൽ ഏർപ്പെടുന്നവരോടും കടൽ യാത്രികരോടും അഭ്യർഥനയുമായി രംഗത്തുവന്ന മന്ത്രാലയം രാജ്യത്തിന്റെ സമുദ്ര വിഭവങ്ങൾ ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഓർമിപ്പിച്ചു. അൽ വക്റ തുറമുഖത്ത് ആരംഭിച്ച വിപുലമായ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം പൊതുജനങ്ങൾക്കായി ബോധവത്കരണ സന്ദേശം പുറപ്പെടുവിച്ചത്. മത്സ്യബന്ധനത്തിന് പോകുമ്പോൾ നൈലോൺ, പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും, അഥവാ ഉപയോഗിക്കുകയാണെങ്കിൽ സുരക്ഷിതമായി അവ തിരികെ കൊണ്ടുവരാനും മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടു.
‘‘കടലിലെ വിഭവങ്ങൾ നിങ്ങളുടെ ഉപജീവന മാർഗത്തിനുവേണ്ടി മാത്രമുള്ളതല്ല, ഭാവിതലമുറകൾക്കായി പങ്കുവെക്കേണ്ട പൈതൃകവുമാണ്. അത് സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്’’ -പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ മറൈൻ പ്രൊട്ടക്ഷൻ സെൻട്രൽ റീജനൻ മേധാവി അബ്ദുല്ല മാജിദ് അൽ ജഹം അൽ കുവാരി പറഞ്ഞു.
ഖത്തറിന്റെ തീരപ്രദേശങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം വ്യാപകമായതിനെത്തുടർന്നാണ് കാമ്പയിൻ ആരംഭിച്ചത്. പവിഴപ്പുറ്റുകളിൽ കുരുങ്ങിക്കിടക്കുന്നതും ഹാർബറുകളിലും പരിസരങ്ങളിലും വ്യാപകമായി പ്ലാസ്റ്റിക് ബാഗുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മാലിന്യങ്ങൾ സമുദ്ര ആവാസ വ്യവസ്ഥക്കും ദീർഘകാല സുസ്ഥിരതക്കും ഗുരുതരമായ ഭീഷണിയാകുന്നു. സമുദ്രവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിസ്ഥിതി മന്ത്രാലയം ഫിഷറീസ് വകുപ്പുമായി ചേർന്ന് സംയുക്ത കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഇതിനുപുറമെ, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി പരിശോധനകളും ബോധവത്കരണങ്ങളും വ്യാപകമായി സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്കാരം വളർത്തിയെടുക്കാനും ശ്രമങ്ങൾ നടത്തും. പ്ലാസ്റ്റിക്കിന് പകരമായി പുനരുപയോഗിക്കാവുന്ന തുണി ബാഗുകൾ കാമ്പയിന്റെ ഭാഗമായി അൽ വക്റയിലും മറ്റു തുറമുഖ സ്ഥലങ്ങളിലും സൗജന്യമായി വിതരണം ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികൾ കാമ്പയിനോട് അനുകൂലമായാണ് പ്രതികരിക്കുന്നതെന്ന് അൽ കുവാരി പറഞ്ഞു.
കാമ്പയിനിന്റെ തുടർച്ചയായി, മത്സ്യബന്ധന ബോട്ടുകളിലെ പ്ലാസ്റ്റിക് വസ്തുക്കൾ ശരിയായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും ടീമുകൾ പരിശോധനകൾ നടത്തുന്നുണ്ട്. ആഴക്കടലിൽനിന്നും മത്സ്യബന്ധന മേഖലകളിൽനിന്നും പ്ലാസ്റ്റിക് ബാഗുകൾ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. ഇതിലൂടെ തുടർച്ചയായ ജാഗ്രതയും പരിശോധനയും ആവശ്യമാണെന്ന് വ്യക്തമാകുന്നു. കൂടാതെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ബോധവത്കരണം വ്യാപിപ്പിക്കാൻ മന്ത്രാലയം ശ്രമങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

