എൻ.വി.ബി.എസ് താരങ്ങൾ ദേശീയ ചാമ്പ്യൻഷിപ്പിന്
text_fieldsഎൻ.വി.ബി.എസ് താരങ്ങളായ നിവേദ്യ അജിയും, ആദം നൗജാസും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നു
ദോഹ: കൊച്ചിയിലെ കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ സമാപിച്ച സംസ്ഥാന ജൂനിയർ ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ മിന്നും പ്രകടനവുമായി ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഖത്തറിലെ എൻ.വി.ബി.എസ് താരങ്ങൾ.
അണ്ടർ ഒമ്പത് ആൺകുട്ടികളുടെ വിഭാഗത്തിൽ ആഡം നൗജാസും, പെൺകുട്ടികളിൽ നിവേദ്യ അജിയുമാണ് സംസ്ഥാന തലത്തിലെ വിജയവുമായി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. ആഗസ്റ്റ് 26 മുതൽ 29 വരെ കൊച്ചിയിൽ നടന്ന കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിഭകളാണ് മാറ്റുരച്ചത്. ഒമ്പത് വയസ്സിനു താഴെ യുള്ള 73ഓളം പേർ ആൺ, പെൺ വിഭാഗങ്ങളിൽ മത്സരിച്ചു.
ദോഹയിലെ രാജഗിരി പബ്ലിക് സ്കൂൾ വിദ്യാർഥിയായ ആദം നൗജാസ് മികച്ച പോരാട്ടത്തിലൂടെ നവനീത് ഉദയനെ തോൽപിച്ചു. സ്കോർ: 15-11, 15-10. പെൺകുട്ടികളിൽ ബിർള പബ്ലിക് സ്കൂൾ വിദ്യാർഥിയായ നിവേദ്യ മികച്ച മത്സരത്തിലൂടെ സുഗേഷ് തൻവിയെയാണ് 15-3, 15-6 സ്കോറിന് തോൽപിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽനിന്നും വിജയികളായെത്തുന്ന താരങ്ങൾക്കെതിരെയാവും മുംബൈയിൽ സെപ്റ്റംബർ 27ന് ആരംഭിക്കുന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ. എൻ.വി.ബി.എഫ് അൽ മുമുറ ബ്രാഞ്ചിലെ ഹെഡ് കോച്ച് ഒ.കെ. അഫ്സൽ, അസി. കോച്ച് സയിൻ കൃഷ്ണ എന്നിവർക്കു കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
കോച്ചുമാരുടെയും താരങ്ങളുടെയും കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മിന്നും വിജയമെന്നും എൻ.വി.ബി.എസ് ചീഫ് കോച്ച് മനോജ് സാഹിബ്ജാൻ പറഞ്ഞു.
ദേശീയ തലത്തിലെ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ മുൻനിര താരങ്ങൾക്കെതിരെ കളിക്കാനും കരിയർ പടുത്തുയർത്താനുള്ള അവസരമാണ് തങ്ങളുടെ താരങ്ങൾക്ക് ലഭിക്കുന്നത്. ഏറ്റവും മികച്ച നിലവാരത്തിലെ ടൂർണമെന്റ് സംഘാടനത്തിന് സംഘാടകർക്ക് എൻ.വി.ബി.എസിന്റെ എല്ലാ നന്ദിയും അറിയിക്കുന്നു.
അതേസമയം, മത്സരാർഥികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ടൂർണമെന്റ് പോയന്റ് സിസ്റ്റം 21-മൂന്ന് സെറ്റിൽ നിന്നും 15-11 പോയന്റ് മൂന്ന് സെറ്റാക്കി കുറക്കുന്നത് പതിവായി പരിശീലനവും ഫിറ്റ്നസുമുള്ള താരങ്ങൾക്ക് തിരിച്ചടിയാകും.
ഇത് മികച്ച പ്രഫഷനൽ താരങ്ങൾക്ക് തങ്ങളുടെ ശരിയായ പ്രകടനം പുറത്തെടുക്കുന്നതിന് പ്രയാസം സൃഷ്ടിക്കും. അടുത്ത സീസൺ മുതൽ മുഴുവൻ ടൂർണമെന്റും 21 പോയന്റ്, മൂന്ന് സെറ്റായി നിശ്ചയിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർഥന -ചീഫ് കോച്ച് മനോജ് സാഹിബ്ജാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

