സംസ്ഥാന ബാഡ്മിന്റൺ കിരീടമണിഞ്ഞ് എൻ.വി.ബി.എസ് താരം
text_fieldsസഞ്ജന നകുലൻ കോച്ച് എം.എസ്. ആദർശിനൊപ്പം
ദോഹ: തിരുവനന്തപുരം കാര്യവട്ടത്തുനടന്ന സംസ്ഥാന സബ്ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് അണ്ടർ 13 വിഭാഗം പെൺകുട്ടികളിൽ കിരീട നേട്ടവുമായി ഖത്തറിലെ ബാഡ്മിന്റൺ പരിശീലന അക്കാദമിയായ എൻ.വി.ബി.എസ് താരം. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസുകാരിയായ സഞ്ജന നകുലനാണ് കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള താരങ്ങളുമായി മാറ്റുരച്ച് അഭിമാന വിജയം സ്വന്തമാക്കിയത്. മേയ് രണ്ടാം വാരത്തിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 13 വിഭാഗം ഫൈനലിൽ അഫ്രീൻ ഖാതുനിനെ 21-18, 14-21, 21-06 എന്ന സ്കോറിനായിരുന്നു സഞ്ജന വീഴ്ത്തിയത്. എൻ.വി.ബി.എസ് ആൽഫ കാംബ്രിഡ്ജ് സ്കൂൾ ബ്രാഞ്ച് ഹെഡ് കോച്ച് ആദർശ് എം.എസി നു കീഴിൽ പരിശീലനം നടത്തിയാണ് സഞ്ജന സംസ്ഥാന ചാമ്പ്യനായത്.
തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിനിയായ താരം എൻ.വി.ബി.എസിനു കീഴിൽ തിരുവനന്തപുരം ജില്ല ടീമിൽ രജിസ്റ്റർ ചെയ്താണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. ഇതിനകം തന്നെ നിരവധി ടൂർണമെന്റുകളിൽ മികച്ച പ്രകടനവുമായി കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. എൻ.വി.ബി.എസിന്റെ മറ്റൊരു താരം റിയ കുര്യൻ ഗോവയിൽ നടന്ന അഖിലേന്ത്യ സബ്ജൂനിയർ റാങ്കിങ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ക്വാർട്ടർ ഫൈനൽ വരെയെത്തിയും ശ്രദ്ധേയമായി.

