ഇന്ത്യൻ സ്കൂളുകൾക്ക് വിജയോത്സവം
text_fieldsദോഹ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പുറത്തു വന്നപ്പോൾ ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾക്ക് വിജയാഘോഷത്തിന്റെ ദിനം. പത്താംതരത്തിൽ 99 ശതമാനം മാർക്കുമായി എം.ഇ.എസ് അബൂഹമൂറിലെ അദീബ് യാക്കൂബ് ഖത്തറിലെ ഏറ്റവും മികച്ച വിജയത്തിന് അവകാശിയായിമാറി. നേരിയ വ്യത്യാസത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരും നിരവധിയാണ്. 18ഓളം ഇന്ത്യൻ സ്കൂളുകളിൽനിന്നായി അയ്യായിരത്തോളം വിദ്യാർഥികളാണ് ഖത്തറിൽനിന്നും പൊതു പരീക്ഷ എഴുതിയത്.
നൂറുമേനിയിൽ തിളങ്ങി നോബിൾ സ്കൂൾ
ദോഹ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ നോബിൾ ഇന്റർനാഷനൽ സ്കൂളിന് നൂറുശതമാനം വിജയത്തിളക്കം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം നേടി. പത്താം തരത്തിൽ അർജുൻ നാഥൻ (96%) അമാൻ മുനീർ(93.4), വിസ്മിത് വിനോദ്(93.4), ഫാനാൻ ഫാരിസ്(93.4), ജോസഫ് ദാർഷലിൻ(93) എന്നിവർ മികച്ച വിജയം നേടി.
പന്ത്രണ്ടാം ക്ലാസിൽ ബോർഡ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ അദ്നാൻ ബിൻ അംജദ്, ഇനായത് ആലം ഷെയ്ഖ്, റായദ് അബ്ദുൽ നാസർ എന്നിവരും കോമേഴ്സ് വിഭാഗത്തിൽ ഫാത്തിമ മജ്ദിയ, മുഹമ്മദ് അൽഫാത്തി മൂസ ആദം എന്നിവരും മികച്ച വിജയം നേടി.
വിദ്യാർഥികളുടെ ഉജ്ജ്വല വിജയത്തിന് പിന്നിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സമർപ്പണവും വലിയ പങ്ക് വഹിച്ചതായി പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് പറഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും പ്രശംസനീയമായ സേവനത്തിലൂടെ അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ ഡയറക്ടർ ബോർഡ് പ്രതിനിധികളും പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽസ് ജയമോൻ ജോയ്, റോബിൻ കെ.ജോസ്, എം. ഷിഹാബുദ്ദീൻ എന്നിവരും അഭിനന്ദിച്ചു.
പത്തരമാറ്റോടെ എം.ഇ.എസ് സ്കൂൾ
695 പേർ പരീക്ഷയെഴുതി നൂറുശതമാനം വിജയം; 98.4 ശതമാനം മാർക്കുമായി പത്താംതരം വിദ്യാർഥികൾ
ദോഹ: ഖത്തറിൽനിന്നും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ തിളക്കമാർന്ന ജയവുമായി ജൈത്രയാത്ര തുടരുന്നു. സ്കൂൾ സുവർണ ജൂബിലി ആഘോഷിച്ചതിനു പിന്നാലെ പുറത്തുവന്ന പത്ത്, പന്ത്രണ്ട് പരീക്ഷയിൽ ചരിത്ര വിജയം കുറിച്ചു. പന്ത്രണ്ടാം തരം സയൻസിൽ 98.2 ശതമാനം മാർക്കുമായി സയൻസ് വിഭാഗത്തിലെ അനീന മരിയ കുര്യാക്കോസ് സ്കൂൾ ടോപ്പറായി റെക്കോഡ് കുറിച്ചു. മുമിൻ അബൂബക്കർ, നന്ദകിഷോർ (96.8 ശതമാനം) എന്നിവർ രണ്ടാം സ്ഥാനവും, പ്രാർത്ഥന പ്രീത (96.4ശതമാനം) മൂന്നാമതുമെത്തി. കോമേഴ്സിൽ മലിഹ മുംതാസ് നജീബ് (97.4 %) ഒന്നാമതെത്തി. റിസ്വിൻ മാത്യൂ വിൽസൺ (97.2%) രണ്ടും, ആലിയ നബീൽ (95.4%) മൂന്നാമതുമെത്തി. ഹ്യുമാനിറ്റീസിൽ ജിയ മരിയ ജൂഡ് (96.4%) സ്കൂൾ ടോപ്പറായി. ആലിയ കെ (92.8%), സൊഹർ സാബിർ (92%) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. 22 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ വൺ സ്കോർ ചെയ്തു.
പത്താംതരത്തിൽ 695 വിദ്യാർഥികളെ പരീക്ഷക്കിരുത്തിയാണ് എം.ഇ.എസ് സ്കൂൾ ചരിത്രവിജയം നേടിയത്. 166 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് സ്കോർ ചെയ്ത് തിളക്കമാർന്ന വിജയം കൈവരിച്ചു. 98.4 ശതമാനം മാർക്കുമായി ഹാസിഫ് കെ. മുഹമ്മദ്, ആയിഷ ഹന, ഫാത്തിമ ദനീം എന്നിവർ സ്കൂൾ ടോപ്പർമാരായി. 98.2 ശതമാനം മാർക്കുമായി ആയിഷ കൗസർ രണ്ടും, 98ശതമാനം മാർക്കുമായി ആമിന മിനാൽ, അഥീന, ഡെനിക ജെയിൻ എന്നിവർ സ്കൂൾ തലത്തിൽ മൂന്നാമതുമെത്തി. വിവിധ വിഷയങ്ങളിൽ നിരവധി വിദ്യാർഥികൾ നൂറുശതമാനം മാർക്കും സ്കോർ ചെയ്തു. 28 പേർ മുഴുവൻ വിഷയങ്ങളിലും എ വൺ സ്കോർ സ്വന്തമാക്കി.
മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണച്ച അധ്യാപകരെയും ജീവനക്കാരെയും സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു. ഖത്തർ വിദ്യഭ്യാസ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവരുടെ പിന്തുണയും സ്കൂൾ വിജയത്തിൽ നിർണായകമാണെന്ന് അവർ പറഞ്ഞു.
വിജയത്തിളക്കത്തിൽ ശാന്തിനികേതൻ
ദോഹ: സി.ബി.എസ്.ഇ 10ാം തരത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് നൂറു ശതമാനം വിജയത്തിളക്കം. പരീക്ഷയെഴുതിയ 133 പേരിൽ മുഴുവൻ പേരും മികച്ച മാർക്കുമായാണ് വിജയം സ്വന്തമാക്കിയത്. 97.8 ശതമാനം മാർക്കുമായി ലാമിയ മുസ്ലിമുദ്ദീൻ സ്കൂൾ ടോപ്പറായി. പ്രണവ് സുരേഷ് (97%), മുഹമ്മദ് ഒ.എം (96.2%) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി. 23 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
സീനിയർ സെക്കൻഡറിയിലും 100 ശതമാനം വിജയം തേടിയെത്തി. ആകെ പരീക്ഷയെഴുതിയ 113 പേരും മികച്ച മാർക്കുമായി വിജയം സ്വന്തമാക്കി. ട്രിസിക മഹിമ ഡിസൂസ (94.40%) സ്കൂൾ ടോപ്പറായി.
നേഹ ഫാത്തിമ (92.80 ശതമാനം), അഖ്ലാഖ് ഐദിൻ അബ്തി (92.80 ശതമാനം), ആയിഷ ജെസ എൻ (92.60 ശതമാനം) എന്നിവരാണ് സ്കൂൾ ടോപ്പർമാർ.
മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി എന്നിവർ അഭിനന്ദിച്ചു.
നൂറുമേനി കൊയ്ത് ഐഡിയൽ സ്കൂൾ
ദോഹ: സി.ബി.എസ്.ഇ പത്ത്, 12 പൊതു പരീക്ഷയിൽ മികച്ച വിജയവുമായി ഐഡിയൽ ഇന്ത്യൻ സ്കൂളും. 330 വിദ്യാർഥികൾ പരീക്ഷയെഴുതിയ പത്താം തരത്തിൽ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം സ്വന്തമാക്കി. 211 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും, 87 പേർ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. 98.8 ശതമാനം മാർക്കുമായി നാസിയ അബ്ദുൽ മനാഫ് സ്കൂൾ ടോപ്പറായി. രാജശ്രീ ശിവദാസൻ (98.6%), നിദാൽ നൗഫൽ (98.4%) എന്നിവർ ശ്രദ്ധേയ വിജയം സ്വന്തമാക്കി.
12ാം തരത്തിലും നൂറുമേനി വിജയം കൊയ്തു. 263പേർ പൊതു പരീക്ഷയെഴുതിയപ്പോൾ 184 പേർ ഡിസ്റ്റിങ്ഷൻ സ്കോർ നേടി. 77പേർ ഫസ്റ്റ്ക്ലാസിലും ഉപരിപഠനത്തിന് അർഹരായി. സയൻസിൽ ഫാത്തിമ ഫെമിൻ (96.6%) സ്കൂൾ ടോപ്പറായി. കോമേഴ്സിൽ ഷിഫ്ന മുഹമ്മദ് (97 %), ഹ്യുമാനിറ്റീസിൽ ലിയ മരിയ സെസിൽ (95.8%) സ്കൂൾ ടോപ്പർമാരായി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പൽ, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ, ഡയറക്ടർ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

