നഴ്സസ് ദിനാഘോഷവുമായി യുനീഖ് മേയ് ഒമ്പതിന്
text_fieldsയുനീഖ് ഖത്തർ നഴ്സസ് ദിനാഘോഷം സംബന്ധിച്ച വാർത്ത സമ്മേളനത്തിൽനിന്ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീഖ് നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സിങ് ദിനം ആഘോഷിക്കുന്നു. വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി ആതുര ശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാർ കുടുംബസമേതം പങ്കെടുക്കുന്ന ആഘോഷങ്ങൾ മേയ് ഒമ്പത് വെള്ളിയാഴ്ച ഡി.പി.എസ് മൊണാർക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം മൂന്നിന് ഇന്ത്യൻ അംബാസഡർ വിപുൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് നഴ്സിങ് ഓഫിസർ മറിയം നൂഹ് അൽ മുതവ, വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള നഴ്സിങ് സൂപ്പർവൈസർമാർ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
മീഡിയ ടീം വികസിപ്പിച്ച യുനീഖ് മൊബൈൽ ആപ്ലിക്കേഷൻ ചടങ്ങിൽവെച്ച് അംബാസഡർ പുറത്തിറക്കും. ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്ക് വിവിധ സേവനങ്ങൾ ഉറപ്പു നൽകുന്ന മൊബൈൽ ആപ് വഴി എംബസി വിവരങ്ങൾ, പ്രഫഷനൽ മികവിനാവശ്യമായ അപ്ഡേഷനുകൾ എന്നിവ ഉറപ്പാക്കുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു.
വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും നഴ്സുമാരുടെ മ്യൂസിക് ബാൻഡായ യുനീഖ് ബീറ്റ്സിന്റെ സംഗീത നിശയും അരങ്ങേറും. നഴ്സുമാർക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനവിതരണവും ചടങ്ങിൽ നിർവഹിക്കും.
വാർത്തസമ്മേളനത്തിൽ യുനീഖ് പ്രസിഡന്റ് ലുത്ഫി കലമ്പൻ, അഡ്വൈസറി ചെയർമാൻ വിമൽ പത്മാലയം വിശ്വം, വൈസ് പ്രസിഡന്റ് അമീർ, ട്രഷറർ ദിലീഷ് ഭാർഗവൻ, പ്രോഗ്രാം കമ്മിറ്റി ലീഡ് ധന്യ, മീഡിയ വിങ് ലീഡ് അജ്മൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

