നമ്പർ വൺ തുനീഷ്യ
text_fieldsതുനീഷ്യ ഫുട്ബാൾ ടീം
ഫിഫ അറബ് കപ്പിൽ പന്തുതട്ടുന്നവരിൽ കടലാസിൽ ഏറ്റവും കരുത്തർ ആരെന്ന ചോദ്യത്തിന് സദൂക് സാസിയുടെയും, റാദി ജയ്ദിയുടെയും പിന്മുറക്കാരായ തുനീഷ്യയാണെന്നാണ് ഉത്തരം. റാങ്കിങ്ങിൽ ഏറ്റവും മുന്നിലാണ് ഈ ആഫ്രിക്കൻ സംഘം. വലിയ താരപ്പടയൊന്നുമില്ലെങ്കിലും ഓൾറൗണ്ട് ടീം എന്നനിലയിൽ കരുത്തരാണവർ. പരിചയ സമ്പന്നരും യുവനിരയും ചേർന്ന മുന്നേറ്റവും മധ്യനിരയും ഉൾപ്പെടുന്ന മികച്ച സംഘം. നിലവിൽ ഫിഫ റാങ്കിങ്ങിൽ 27ഉം, ആഫ്രിക്കൻ റാങ്കിങ്ങിൽ രണ്ടും സ്ഥാനക്കാർ. 2018 റഷ്യ ഉൾപ്പെടെ അഞ്ചു ലോകകപ്പുകളിലെ സാന്നിധ്യം. ഇക്കുറി ലോകകപ്പ് യോഗ്യത റൗണ്ട് പുരോഗമിക്കുേമ്പാൾ രണ്ടാം റൗണ്ടിൽ മികച്ച ജയവുമായി മൂന്നാം റൗണ്ടിലെത്തിയവർ ഖത്തറിലേക്കുള്ള ടിക്കറ്റുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
പ്രഥമ അറബ് കപ്പിലെ ജേതാക്കളായ ഈഗ്ൾസ് പട, ഇക്കുറി കിരീട സാധ്യതയോടെയാവും ഫിഫ അറബ് കപ്പിൽ ബൂട്ടുകെട്ടുന്നത്. ഗ്രൂപ് 'ബി'യിൽ യു.എ.ഇ, സിറിയ, മൗറിത്വാനിയ ടീമുകൾക്കൊപ്പമാണ് മത്സരം. ഫ്രഞ്ച് ലീഗ് ക്ലബ് സെൻറ് എറ്റിനെയുടെ താരം വഹ്ബി ഖാസിയാണ് ടീമിെൻറ നായകനും കുന്തമുനയും. 65 മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള താരം ടീമിെൻറ സീനിയർ കളിക്കാരൻ കൂടിയാണ്. സൗദിയിൽ കളിക്കുന്ന നയിം സ്ലിതി, ഖത്തറിെൻറ അൽ ദുഹൈലിൻെറ മധ്യനിര സാന്നിധ്യം ഫെർജാനി സാസി, ഇൗജിപ്തിലെ അൽ അഹ്ലിയുടെ പ്രതിരോധക്കാരൻ അലി മാലുൽ, യു.എ.ഇയുടെ അൽ ഐൻ എഫ്.സിയുടെ യാസിൻ മിറാഹി, പരിചയ സമ്പന്നനായ ഗോൾ കീപ്പർ ഫാറൂഖ് ബിൻ മുസ്തഫ എന്നിവരടങ്ങിയതാണ് ടീം. എഴുതിത്തള്ളാനാവാത്തവിധം അറബ് കപ്പ് കിരീടത്തിലേക്ക് ഏറെ സാധ്യത കൽപിക്കാൻ തുനീഷ്യക്കും ഏറെ അവകാശവാദങ്ങളുണ്ട്.